അജ്മേർ

രാഷ്ട്രീയം തീരുമാനിക്കുന്നത് ജീവിതമല്ല ജാതിയാണെന്ന് രാജസ്ഥാനി സമൂഹം മറയില്ലാതെ സമ്മതിക്കും. അഥവാ ഇവിടെ രാഷ്ട്രീയം ജാതി മതങ്ങളോടുള്ള സമരസപ്പെടൽ മാത്രം. ‘‘സച്ചിൻ പൈലറ്റ് നല്ല നേതാവാണ്, ഒന്നാന്തരം ഗുജ്ജറും. പക്ഷേ, ജയിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം കല്യാണം കഴിച്ചത് ഫാറൂഖ് അബ്ദുള്ളയുടെ മകളെ, മുസ്‌ലിമിനെ. സത്യനാശ് ഹോഗയ” -കോൺഗ്രസ് കർമചാരിയായ രാജേഷ് വീർ ഗുജ്ജർ  അഭിപ്രായപ്പെട്ടു. ദുരഭിമാനക്കൊലകൾ നടക്കുന്ന നാട്ടിൽ ഇതെല്ലാം സ്വാഭാവികമായ ചിന്താശീലങ്ങൾ.

ജാതിസ്പർധയും മൂപ്പിളമത്തർക്കവും സമസ്ത മേഖലയിലുമുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട  മീണകളെ ഒ.ബി.സി.കളായ ഗുജ്ജറുകൾക്ക് പഥ്യമില്ല. സംവരണ മറവിൽ ജോലികളെല്ലാം തട്ടിയെടുക്കുന്നു എന്നാണ് പരാതി. നാട്ടിലെ മീണ കോൺഗ്രസിനു വോട്ടു ചെയ്താൽ ഗുജ്ജർ ബി.ജെ.പി.ക്കൊപ്പം നിൽക്കും. മീണ ബി.ജെ.പി.യെങ്കിൽ ഗുജ്ജർ എതിർ പാളയത്തിൽ. അതാണു രീതി. അധ്വാനിച്ചുയർന്നുവന്നവരാണ് മീണകൾ. ധാരാളം ഐ.എ.എസുകർ അവർക്കിടയിലുണ്ട്. മൗണ്ട് അബുവിൽനിന്ന് ഉത്തരേന്ത്യയാകെ പടർന്ന ഗുജ്ജറുകൾ തങ്ങളിൽ നിന്നാണ് ‘മോദിയുടെ ഗുജറാത്തി’നു പേരു കൈവന്നതെന്ന് അഭിമാനം കൊള്ളുന്നവരാണ്. ഗതകാലപ്രതാപങ്ങളെ ഇളക്കിവിടുക എന്ന തന്ത്രമാണ് രാജസ്ഥാനിലെ പ്രബലരായ ഇരുവിഭാഗങ്ങളെയും വശത്താക്കാൻ കോൺഗ്രസും ബി.ജെ.പി.യും ഒരുപോലെ പ്രയോഗിക്കുന്നത്.

സൂഫിയുടെ തെരുവിൽ
അജ്മേറിലെ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ആത്മീയത തുളുമ്പുന്ന ദർഗയിൽ ദുആ അപേക്ഷിച്ച് ആയിരങ്ങൾ. മഖ്ബറയിൽ പുതപ്പിക്കുന്ന വിരി ഭക്തരുടെ തലയിൽവെച്ച് സലാമത്തിനായി അപേക്ഷിക്കുന്ന പുരോഹിതർ. അക്ബർ ചക്രവർത്തിക്ക് സന്താനസൗഭാഗ്യം നൽകിയ സൂഫിയുടെ അനുഗ്രഹത്തിനായി ജാതിമതഭേദമന്യേ ആരാധകർ ആർത്തരായി അജ്മേറിലെത്തുന്നു

‘ശൈഖുനാ അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ, ഔലിയ മസ്ജിദ് ഹുജറ 55’. ദർഗയുടെ അകത്തുള്ള സൂഫികളുടെ സ്മാരകങ്ങളിലൊന്നിനടുത്ത്  മലയാളത്തിൽ എഴുതി വെച്ച ഒരു ബോർഡ് ആവേശം നൽകി. മലപ്പുറം അരീ​േക്കാട് ജനിച്ച് മണ്ണാർക്കാട് അമ്പംകുന്നിനെ ധന്യമാക്കിയ മലയാളി സൂഫിവര്യന്റെ ഓർമയുടെ പ്രതീകം. തിരഞ്ഞെടുപ്പിനെ പറ്റി പറയാനുള്ള സ്ഥലമല്ലിത്. മലയാളിയല്ലാത്ത സൂക്ഷിപ്പുകാരൻ ഗൗരവത്തോടെ നോക്കി.  നശ്വരമായ അധികാരങ്ങൾക്ക് നൽകാനാവാത്ത ഒന്നിനുവേണ്ടിയാണ് ആളുകൾ ഇവിടെ വരുന്നത്. ഇവിടെ രാജനീതിക്കെന്തു പ്രസക്തി. പ്രാർഥിച്ച് പൊയ്ക്കൊള്ളൂ. പേരുപറയാത്ത അവധൂതൻ പറഞ്ഞു.
ഗന്ധങ്ങളുടെയും കാഴ്ചകളുടെയും അദ്‌ഭുത ലോകമായ ദർഗയിലേക്കൊഴുകുന്ന തെരുവിൽ പക്ഷേ, കൃത്യമായ രാഷ്ട്രീയമുണ്ട്. കാലാകാലങ്ങളായി കബാബും ബിരിയാണിയും വിൽക്കുന്ന ഇംതിയാസ് അലി കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. “വേറെ ആർക്കാണ് ഞങ്ങൾ മിയാ ലോഗ് വോട്ടുചെയ്യുക?” അയോധ്യയെപ്പറ്റി ചോദിച്ചപ്പോൾത്തന്നെ യുവാവിന്റെ ഭാവം മാറി. “ദയവായി പോകൂ... ഒന്നും പറയാനില്ല, രാമനും സൂഫിയും ഒക്കെ മാലിക് തന്നെ.”

നിസ്കാരപ്പായയും തൊപ്പിയും വിൽക്കുന്ന രൂപാണി അസൽ സംഘപരിവാർ വക്താവാണ്‌. “ആരാകിലെന്ത് രാജസ്ഥാനിൽ ബി.ജെ.പി. ജയിക്കണം. മോദി ഇനിയും ജയിച്ചു കയറും. യോഗി യു.പി.യിൽ അടിസ്ഥാനമിട്ടുകഴിഞ്ഞു. രാമക്ഷേത്രം വൈകാതെ ഉയരും” -വിഭജനകാലത്ത് ഓടിപ്പോന്ന സിന്ധികളുടെ പുതുതലമുറയായ രൂപാണി ഒട്ടും മറയില്ലാതെ പറഞ്ഞു. ഉന്തുവണ്ടിയിൽ ജപമാലയും സൂഫിക്കായുള്ള അർച്ചനദ്രവ്യങ്ങളും വിൽക്കുന്ന സച്ചിൻ മെഹ്‌റയും അതേ അഭിപ്രായക്കാരൻ തന്നെ. അതേ, ഇവിടെ ഹിന്ദു ബി.ജെ.പി.ക്കും മുസ്‌ലിം കോൺഗ്രസിനും വോട്ടു ചെയ്യും. ജാതിയും മതവും ഇവിടെ അടിയൊഴുക്കല്ല, പരന്നൊഴുകുന്ന യാഥാർഥ്യം.