കഠുംവർ

പ്രവചിക്കപ്പെട്ട പരാജയത്തിന്റെ മുന്നിലും പതറാതെ ഒരു സൈന്യത്തെ ഒറ്റയ്ക്ക്‌ നയിക്കുന്ന റാണിയെപ്പോലെയാണ് വസുന്ധര രാജെ സിന്ധ്യ. അൽവർ ജില്ലയിൽ കടുകുപാടങ്ങൾ അതിരിടുന്ന കഠുംവർ മണ്ഡലത്തിലെ മൈതാനത്ത് നട്ടുച്ചയ്ക്ക് പ്രവർത്തകർക്ക്‌ നടുവിലേക്ക്‌ പറന്നിറങ്ങുമ്പോഴും നിശ്ചയദാർഢ്യം പ്രകടം. ‘‘ഞാൻ രാജാവും റാണിയുമല്ല. അതൊക്കെ നിങ്ങളാണ്. നിങ്ങളാണ് റാണിയെ സൃഷ്ടിക്കുന്നത്...’’ നല്ല മുഴങ്ങുന്ന ശബ്ദത്തിൽ അവർ വിനീതയായത് ജനം കൈയടിയോടെ വരവുവെച്ചു. 12.30-ന് എത്തേണ്ട വസുന്ധരയുടെ ഹെലികോപ്റ്റർ മൈതാനത്ത് പൊടിപറത്തിയത് രണ്ടുമണിക്കൂർ വൈകിയാണ്. വേദിയിലെ പോസ്റ്ററിൽ വസുന്ധരയുടെ പടമാണ് വലുപ്പത്തിൽ. മോദിയും അമിത് ഷായുമൊക്കെ കുഞ്ഞൻമാരാണ്.

ജസ്വന്തിന്റെ മകൻ

ആർക്കും മുന്നിൽ തലകുനിക്കാത്തതാണ് രാജെയുടെ രാഷ്ട്രീയം. അതേറെ ശത്രുക്കളെ സൃഷ്ടിച്ചു. അവരിൽ പ്രബലനായ ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ്ങാണ് അച്ഛനുവേണ്ടി വസുന്ധരയെ തോൽപ്പിക്കാൻ ഝലാറപട്ടണത്തിൽ അങ്കംകുറിച്ചത്. 600 കിലോമീറ്റർ അകലെ ബാഡ്മേറിൽനിന്ന്, സിങ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായതിനുപിന്നിൽ രജപുത്രരുടെ പരസ്പരവൈരം തികട്ടി നിൽക്കുന്നു.

2003-ൽ വസുന്ധര രാജെ അന്നത്തെ വാജ്‌പേയി മന്ത്രിസഭയിലെ പ്രബലനായ കാബിനറ്റ് മന്ത്രി ജസ്വന്ത് സിങ്ങിന്റെ കാൽതൊട്ടുവന്ദിച്ച് ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രംഗം രാഷ്ട്രീയനിരീക്ഷകർ മറന്നിട്ടില്ല. പിന്നീട് റാണി തന്റേതായ വഴിക്ക് തേരുരുട്ടിയപ്പോഴാണ് സിങ്ങിന് അബദ്ധം മനസ്സിലായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജസ്വന്ത് സിങ്ങിന് സീറ്റും കിട്ടിയില്ല. ബാഡ്മേറിലെ ശിവ മണ്ഡലത്തിലെ ബി.ജെ.പി. എം.എൽ.എ.യായിരുന്ന മകൻ മാനവേന്ദ്ര സിങ് പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്ന് ഝലാറപട്ടണത്തിലെത്തിയത് വെറുതേയല്ല.

'98 മുതൽ മണ്ഡലം വസുന്ധരയെ കൈവിട്ടിട്ടില്ല. സച്ചിൻ പൈലറ്റിന്റെ അമ്മ രമാ പൈലറ്റിനെയാണ് 2003-ൽ തോൽപ്പിച്ചത്. ഇക്കുറി നല്ല മത്സരപ്രതീതിയുണ്ടായിട്ടും റാണിക്ക്‌ കുലുക്കമില്ല. ജസ്വന്തിന്റെ മകന്റെ തന്ത്രങ്ങളെ നേരിടാൻ തന്റെ മകൻ ദുഷ്യന്ത് സിങ്ങിനെ ഏർപ്പാടാക്കി മുഖ്യമന്ത്രി പ്രചാരണത്തിനായി മറ്റിടങ്ങളിൽ ഇങ്ങനെ പറന്നെത്തുകയാണ്. ദുഷ്യന്ത് സ്ഥലം എം.പി.കൂടിയാണല്ലോ.

നേരെ തന്റെ സർക്കാരിന്റെ നേട്ടങ്ങളിലേക്ക്‌ കടക്കുകയാണ് കഠുംവറിലെ വേദിയിൽ മുഖ്യമന്ത്രി. ‘‘ഒരുകോടി വനിതകൾക്കാണ് സർക്കാർ മൊബൈൽ ഫോൺ നൽകിയത്. 50,000 രൂപ വരെയുള്ള കാർഷിക കടങ്ങളൊക്കെ എഴുതിത്തള്ളി. ഇനി കോൺഗ്രസുകാർക്ക് തള്ളാൻ ഒന്നുമില്ല. പിന്നെന്തിനാണ് 55 വർഷമായി ചെയ്യാനാവാത്തത് അവർ പ്രകടനപത്രികയിൽ ഉയർത്തിപ്പിടിക്കുന്നത്..?’’ ഒപ്പം കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ആവശ്യങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുകയും ചെയ്തു.

വസുന്ധര രാജെ സർക്കാർ ധാരാളം നല്ലകാര്യങ്ങൾ ചെയ്തു, അതൊന്നും ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചില്ല എന്ന വിമർശനം ആദ്യം ഉന്നയിച്ചത് പാർട്ടി അധ്യക്ഷൻ അമിത് ഷാ ആയിരുന്നു. ഷായുടെ ആധിപത്യത്തെയും രാജെ വകവെച്ചില്ല എന്നത്‌ വേറെകാര്യം. പക്ഷേ, ഗുജറാത്തിൽ ആനന്ദിബെൻ പട്ടേലിനെ ഒതുക്കിയതുപോലെ ഗ്വാളിയറിൽനിന്നുള്ള റാണിയെ മെരുക്കാനായില്ല. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ഗജേന്ദ്ര ശെഖാവത്തിനെ നിയോഗിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ വസുന്ധര പൊളിച്ച്‌ കൈയിൽകൊടുത്തു. മദൻലാൽ സൈനിയെ അധ്യക്ഷനാക്കുന്നതിൽ രാജെ വിജയിച്ചു. ഭരണവിരുദ്ധവികാരം ഒഴിവാക്കാൻ സിറ്റിങ് എം.എൽ.എ.മാരെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള നീക്കവും പൊളിച്ചു. ഇതിന്റെ ആത്യന്തികഫലം ജയപരാജയങ്ങൾ മുഴുവൻ മുഖ്യമന്ത്രിയുടെ ചുമലിലായി എന്നതുതന്നെ. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റാണിയെ പിണക്കേണ്ടെന്നുള്ള മുൻകൂട്ടിയേറുമുണ്ടാകും.

സർവേകളെല്ലാം കോൺഗ്രസിന് വിജയം സമ്മാനിച്ചപ്പോൾ പരിവാർ കേന്ദ്രങ്ങളിൽപ്പോലും ഒരു മുദ്രാവാക്യം അലയടിച്ചിരുന്നു. ‘മോദി തുച്ഛേ വൈർ നഹി, വസുന്ധര തേരി ഖൈർ നഹി’ (മോദി, നിങ്ങളോട് ദേഷ്യമില്ല, വസുന്ധരേ നിങ്ങളെ വെറുതേ വിടില്ല). ഭരണവിരുദ്ധവികാരം, രജപുത്രരോഷം, പിണങ്ങിപ്പിരിഞ്ഞ പഴയനേതാക്കളുടെ മുന്നണി തുടങ്ങിയവയോടാണ് വസുന്ധര എതിരിടുന്നത്. ടോങ്കിൽ ബി.ജെ.പി.യുടെ ഏക മുസ്‌‌ലിം സ്ഥാനാർഥിയെ സച്ചിൻ പൈലറ്റിനെതിരേ നിർത്തിയും കോട്ടയിൽ പഴയ രാജകുടുംബത്തിലെ കോൺഗ്രസ് എം.പി.യുടെ ഭാര്യയെ ബി.ജെ.പി. സ്ഥാനാർഥിയാക്കിയും ചില നിർണായകനീക്കങ്ങൾ മുഖ്യമന്ത്രി നടത്തി. സംഘടനാസെക്രട്ടറിയുടെ പേരിൽ വസുന്ധരരാജെയുമായുള്ള ഉടക്ക് മാറ്റിവെച്ച് ആർ.എസ്.എസും രംഗത്തിറങ്ങി. ഇപ്പോൾ ഭരണത്തുടർച്ച ഉറപ്പാണെന്ന് ബി.ജെ.പി.ക്കാരെങ്കിലും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.  

ബാബുലാൽ മാനേജർ ആണ് കഠുംവറിലെ സ്ഥാനാർഥി. ബാങ്കിലെ മാനേജരായിരുന്നതിനാൽ ആ മാനേജരെ അദ്ദേഹം പേരിനുപിന്നിൽ കെട്ടിയിരിക്കുകയാണ്. രാജെ പ്രസംഗിച്ച അരമണിക്കൂർ മുഴുവൻ കൂപ്പുകൈകളോടെ അദ്ദേഹം അടുത്തുനിന്നു. തനിക്ക് കിട്ടിയ പൂമാല പ്രസംഗത്തിനൊടുവിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ അണിയിച്ചു. അദ്ദേഹം നെടുനീളത്തിൽ വേദിയിൽ ഒരു ദണ്ഡനമസ്‌കാരം ചെയ്തുകളഞ്ഞു!