ജയ്‌പുർ: ഡിസംബർ ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബി.ജെ.പി. ചൊവ്വാഴ്ച പുറത്തിറക്കി. 2013-ലെ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ 95 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് അവർ പ്രകടനപത്രികയിൽ അവകാശപ്പെട്ടു.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സ്വകാര്യമേഖലയിൽ 50 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ഓരോ വർഷവും സർക്കാർമേഖലയിൽ 30,000 തൊഴിലവസരങ്ങളുമുണ്ടാക്കും. 21 വയസ്സിനുമുകളിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് ഓരോമാസവും 5,000 രൂപ തൊഴിലില്ലായ്മവേതനമായി നൽകും-മുഖ്യമന്ത്രി വസുന്ധരാ രാജെ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, പ്രകാശ് ജാവഡേക്കർ, വസുന്ധരാ രാജെ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 2013-ൽ നൽകിയ 665 വാഗ്ദാനങ്ങളിൽ 630 എണ്ണം തന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർത്തിയാക്കിയെന്ന് രാജെ പറഞ്ഞു.

Content Highlights: Rajasthan Election 2018, Election 2018