ജയ്‌പുർ: രാജസ്ഥാനിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ടോങ്കിൽ കോൺഗ്രസിന്റെ പ്രധാന സ്ഥാനാർഥി സച്ചിൻ പൈലറ്റിന് എതിരാളി ബി.ജെ.പി. മന്ത്രി യൂനുസ് ഖാൻ. സിറ്റിങ് എം.എൽ.എ.യായ അജിത് സിങ് മേത്തയുടെ പേരായിരുന്നു ആദ്യ സ്ഥാനാർഥിപ്പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച അന്തിമ പട്ടികയെത്തിയപ്പോൾ ആളുമാറി.

സ്വന്തം പാർലമെന്ററി മണ്ഡലമായ അജ്മേർ വിട്ട് ടോങ്കിൽ മത്സരിക്കുന്ന സച്ചിൻ പൈലറ്റിനെ ‘ഒളിച്ചോടിയവൻ’ എന്ന് കഴിഞ്ഞദിവസം ബി.ജെ.പി. നേതാവ് അവിനാഷ് റായ് ഖന്ന പരിഹസിച്ചിരുന്നു. ആര് എവിടെ നിന്നുമത്സരിക്കണം എന്നത് പാർട്ടിയുടെ ആഭ്യന്തര തീരുമാനമാണെന്നായിരുന്നു സച്ചിന്റെ പ്രതികരണം.

രാജസ്ഥാനിൽ ബി.ജെ.പി.യുടെ ഏക മുസ്‌ലിം സ്ഥാനാർഥിയാണ് ദീദ്വാന മണ്ഡലത്തിലെ എം.എൽ.എ.യായ യൂനുസ് ഖാൻ. 2013-ൽ നാലു മുസ്‌ലിങ്ങളാണ് ബി.ജെ.പി.ക്കുവേണ്ടി ജനവിധി തേടിയത്. അതിൽ രണ്ടുപേർ ജയിച്ചു.

അതിലൊരാളായ ഹബീബുർ റഹ്‌മാൻ ഒരുപതിറ്റാണ്ടിനുശേഷം ഈയിടെ കോൺഗ്രസിലേക്ക്‌ മടങ്ങി. ഇത്തവണ നഗൗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അദ്ദേഹം. കോൺഗ്രസിന് ഇത്തവണ 15 മുസ്‌ലിം സ്ഥാനാർഥികളുണ്ട്.

Content Highlights: Rajasthan Election 2018, Election 2018