ജയ്‌പുർ: രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യക്കെതിരേ മത്സരിക്കാൻ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ്. വസുന്ധരരാജ ഹാട്രിക് വിജയം നേടിയ മണ്ഡലമാണിത്. ബി.ജെ.പി.യിലായിരുന്ന മാനവേന്ദ്ര കഴിഞ്ഞമാസമാണ് പാർട്ടിവിട്ട് കോൺഗ്രസിലെത്തിയത്. ശനിയാഴ്ച പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിലാണ് മാനവേന്ദ്രസിങ് ഇടംപിടിച്ചത്.

വെല്ലുവിളി നേരിടാൻ തയ്യാറാണെന്നും രജപുത്ര നേതാവായ ജസ്വന്ത് സിങ്ങിനെ അപമാനിച്ച ബി.ജെ.പി.യോട് രാജസ്ഥാനിലെ ജനങ്ങൾ പ്രതികാരം ചോദിക്കുമെന്നും മാനവേന്ദ്ര പ്രതികരിച്ചു.

അസുഖബാധിതനായി നാലുവർഷമായി അബോധാവസ്ഥയിലാണ് ജസ്വന്ത് സിങ്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അദ്ദേഹത്തിന്‌ സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് ബാർമറിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബി.ജെ.പി. സ്ഥാനാർഥിയോട് തോറ്റു.

ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Content Highlights: Rajasthan election 2018, Election 2018