‘‘ഈ കാണുന്ന വൈദ്യുതിയൊഴികെ ഒന്നും സർക്കാർ തന്നതല്ല. പിന്നെ ഞങ്ങളെന്തിന് പാർട്ടികൾക്ക്‌ വോട്ടുചെയ്യണം’’ -കയറ്റുകട്ടിലിൽ കൊടുംകൈ കുത്തിക്കിടന്ന് ഗോപാൽപുര ഗ്രാമത്തിലെ ഗ്രാമസഭാത്തലവൻ ഹനുമാൻ മീണ ചോദിച്ചു. അൽവർ ജില്ലയിലെ ഠാണാഹഠി മണ്ഡലത്തിൽപ്പെടുന്ന പ്രദേശമാണിത്‌. സ്വതന്ത്രനായ കാന്തിപ്രസാദ് മീണയ്ക്ക് ഇത്തവണ വോട്ടുകുത്താൻ ഒരുങ്ങുകയാണ് ഇദ്ദേഹവും പരിവാരങ്ങളും.

അതിന് ഒരുകാരണം മീണ എന്ന ജാതിയുടെ പൊരുത്തമാണെന്നകാര്യം അദ്ദേഹം പൊതിഞ്ഞുവെച്ചു. എങ്കിൽപ്പോലും ഹനുമാൻ പറഞ്ഞതിൽ കുറേയേറെ കാര്യങ്ങളുണ്ട്. മുമ്പ് ആരവല്ലി മലനിരയുടെ താഴെ മഴപെയ്താൽമാത്രം കൃഷിയിറക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വർഷം മുഴുവൻ കടുകും പച്ചക്കറികളും വിളഞ്ഞുകിടക്കുന്നു. വെള്ളത്തിനായി കിലോമീറ്ററുകൾ നടന്നത് ഓർമയിൽനിന്ന് വരണ്ടുപോയിക്കഴിഞ്ഞു. കിണറുകളിലും ഹാൻഡ് പമ്പുകളിലും വെള്ളമുണ്ട്. ഒരു എരുമയുണ്ടായിരുന്ന മുറ്റത്ത് ഒരു ഡസൻ എരുമകൾ ഓടിക്കളിക്കുന്നു. രാത്രിയായാൽ അടുത്തുള്ള സരിസ്ക വനത്തിൽനിന്ന് പന്നിയും മ്ലാവും ഇറങ്ങി കൃഷി തിന്നാതിരിക്കാൻ കാവൽ കിടക്കണമെന്നുമാത്രം. ഇതൊന്നും സർക്കാർ കൊണ്ടുവന്നതല്ല. രജപുത്രനായ രാജേന്ദ്രസിങ് അദ്ദേഹത്തിന്റെ ജാതിക്കാർക്കുവേണ്ടിയല്ല ഇതൊക്കെ ചെയ്തത്. രാഷ്ട്രീയക്കാർ അങ്ങനെയല്ല’’ -ഹനുമാൻ മീണ പ്രഖ്യാപിച്ചു.

സന്നദ്ധസംഘടനയായ തരുൺ ഭാരത് സംഘിന്റെ സ്ഥാപകനായ രാജേന്ദ്രസിങ്ങിന്റെ പ്രവർത്തനകേന്ദ്രമാണ് ഗോപാൽപുര അടങ്ങുന്ന ഭീകാംപുര. പ്രതാപ്ഗഢിൽനിന്ന് ഭീകാംപുരയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ വഴിയിൽനിന്ന്‌ അതിലേറെ തകർന്ന എട്ടുകിലോമീറ്റർ റോഡ് താണ്ടിയാണ് ഗോപാൽപുരയിലെത്തിയത്. വഴിയിലാണ് ജയിത്പുര ഗ്രാമം. 25 ഗ്രാമങ്ങൾക്ക് ആശ്രയമായ പൊതുവഴി പത്തുവർഷംമുമ്പാണ്  അവസാനമായി ടാറിട്ടതെന്ന് വഴിവക്കിലെ കടയിലിരുന്ന പ്രഹ്ലാദ് സൈനി പറഞ്ഞു. അതിനാൽ ബസ് സർവീസില്ല. ജീപ്പുകളാണ് ആശ്രയം. അല്ലെങ്കിൽ കാൽനടതന്നെ. എട്ടാംക്ലാസുവരെയുള്ള ഒരു സർക്കാർ സ്കൂളുണ്ട് ഗ്രാമത്തിൽ. ആകെ നാല് അധ്യാപകരേയുള്ളൂവെന്ന് അടുത്തിരുന്ന ധൂണിലാൽ പൂരിപ്പിച്ചു. ഇത്തവണ കോൺഗ്രസിനാണ് സംസ്ഥാനത്ത് സാധ്യതയെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. അതുകൊണ്ട് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയൊട്ടില്ലതാനും.

രാജേന്ദ്രസിങ്ങിന്റെ തടയണകൾ

ഈ ഗ്രാമങ്ങളിൽ എന്തെങ്കിലും പരിവർത്തനം കൊണ്ടുവന്നത് രാജേന്ദ്രസിങ്ങിന്റെ തടയണകളാണ്. ഗോപാൽപുരയിൽ 25 വലിയ തടയണകൾകെട്ടി മഴവെള്ളം സംഭരിച്ചുനിർത്തി 1400 ബീഗാ നിലത്ത് കൃഷിചെയ്യുന്നത് സംഘിന്റെ പ്രവർത്തകനായ സുരേഷ് രക്വാർ കാട്ടിത്തന്നു. കൃഷിയിടത്തിലെ കിണറ്റിൽ 45 അടി വെള്ളമുണ്ട്. ചുറ്റുമുള്ള കിണറുകളിലും അതിന്റെ ഓളമുണ്ട്. അതിനാൽ കൃഷി നന്നായി നടക്കുന്നു. നാട്ടുകാരുടെ കൈവശം പണമെത്തുന്നു. കുട്ടികളെ പട്ടണത്തിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കുന്നു. സംസ്ഥാനത്ത് 19 ജില്ലയിലായി 11,000 വൻകുളങ്ങളാണ് ജനങ്ങളുടെ സഹകരണത്തോടെ ഇവർ നിർമിച്ചത്. അതുവഴി എട്ട്‌ ചെറുനദികൾക്ക് ജീവൻവെച്ചു. 

പക്ഷേ, ഇത് രാജസ്ഥാന്റെ പൊതുചിത്രമല്ല. രാജ്യത്തിന്റെ 11 ശതമാനം ഭൂമിയും ആറുശതമാനം ജനങ്ങളുമുള്ള ഈ സംസ്ഥാനത്ത് വെറും രണ്ടുശതമാനമേയുള്ളൂ ജലസമ്പത്ത്. മഴ കുറഞ്ഞതോടെ തരുൺ ഭാരത് സംഘിന്റെ പ്രവർത്തനങ്ങളും വെല്ലുവിളി നേരിടുകയാണ്. മൂന്നുവർഷത്തിലൊരിക്കലെങ്കിലും നല്ലമഴ കിട്ടിയാലേ ജലസംഭരണംകൊണ്ട് കാര്യമുള്ളൂവെന്ന് സുരേഷ് രക്വാർ പറഞ്ഞു. ഇപ്പോൾ സംഭരണികളിലെല്ലാം വെള്ളം കുത്തനെ കുറയുകയാണ്. ലഭിക്കുന്ന വെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ പഠിപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്.

ഈ യാഥാർഥ്യം ബി.ജെ.പി. സർക്കാരിന്റെ മുഖ്യമന്ത്രി ജൽ  സ്വാലംബൻ അഭിയാൻ സംബന്ധിച്ച അവകാശങ്ങളുമായി പൊരുത്തപ്പെടില്ല. 21,000 ഗ്രാമങ്ങളിൽ ജലനിരപ്പ് ഉയർത്തുന്നതിന് മഴവെള്ളസംഭരണം കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പദ്ധതിയാണിത്. പദ്ധതിയുടെ ഫലമായി ജലനിരപ്പ് 11 അടി ഉയർന്നുവെന്ന് അമിത് ഷാ പരസ്യമായി പ്രസംഗിച്ചു. മുഖ്യമന്ത്രി വസുന്ധരരാജെ ധാരാളം കാര്യങ്ങൾ ചെയ്തെങ്കിലും ജനം ഇതൊന്നും അറിയുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു. പക്ഷേ, ജലമാനേജ്‌മെന്റിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ പ്രവർത്തനം മോശമാണെന്ന് നീതി ആയോഗ് വിലയിരുത്തി. ഏറ്റവും വെള്ളക്ഷാമമുള്ള കരൗലി ജില്ലയിൽ പത്തുകിലോമീറ്റർവരെ വെള്ളത്തിന് നടന്നുപോകുന്നവരുണ്ട്. ജയ്‌പുർ നഗരത്തിന് വെള്ളം നൽകുന്ന ബിസാൽപുർ സംഭരണി വറ്റുകയാണ്. അജ്മേർ പട്ടണത്തിൽ ജലവിതരണസമയം പരിമിതപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘വെള്ളമില്ലെങ്കിൽ വോട്ടില്ല’ പ്രതിഷേധം അരങ്ങേറി.

പ്രകടനപത്രികയിൽ ചില പദ്ധതികൾ തൂവിക്കൊണ്ട് ഈ പ്രശ്നത്തെ നനച്ച്‌ കടന്നുപോവുകയാണ് രണ്ട്‌ മുഖ്യപാർട്ടികളും. മുഖ്യമന്ത്രി സ്വാലംബൻ യോജനയുടെ മഴവെള്ളസംഭരണികൾ പലയിടത്തും കരാറുകാർക്ക് കൊയ്ത്തായി മാറി. സംസ്ഥാനത്തെ ഹൈവേകളിലൂടെ യാത്രചെയ്യുമ്പോൾ പലയിടത്തും ഇവ കാണാം. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്ക് ഒരു പങ്കുമില്ലാതെയാണ് ഇവയുടെ സ്ഥാനനിർണയം. ഇതിന്റെയെല്ലാം ഫലമായി ടാങ്കർ വെള്ളം നാട്ടിൽ പിടിമുറുക്കിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ അഭിപ്രായം ഉരുണ്ടുകൂടാൻ മുഖ്യകാരണം വെള്ളം തന്നെയാണ്.

‘‘ഞങ്ങൾക്ക് ഈ വെള്ളം കൊണ്ടുവന്നുതന്നത് സർക്കാരാണോ? അവർ ചെയ്യേണ്ട
തൊക്കെയാണോ ചെയ്യുന്നത്?’’

-ഗോപാൽപുരയിലെ ഗ്രാമമുഖ്യന്റെ ചോദ്യം വീണ്ടും മുഴങ്ങുന്നു. പൊതുജനം സ്വതന്ത്രരെയും വിമതരെയുമൊക്കെ തേടുന്നതിന്റെ പൊരുൾ അവിടെയുണ്ട്.