കൊടിയിറങ്ങിയ പൂരപ്പറമ്പുപോലെ പുഷ്കർ. ഒട്ടകക്കുടമണി കിലുക്കത്തിന്റെ മാറ്റൊലിമാത്രം കേൾക്കാം. വിഖ്യാതമായ പുഷ്കർമേള കഴിഞ്ഞ് ഒട്ടകവാണിഭക്കാർ മടങ്ങുകയാണ്. പൗഷമാസക്കുളിരുവന്ന് മരുഭൂമിയെ പുണർന്നുതുടങ്ങി. സഞ്ചാരികൾക്ക് ലസ്സിവിറ്റ്‌ ജീവിക്കുന്ന പപ്പുസിങ് രവാന പക്ഷേ, ദേഷ്യത്തിലാണ്. വസുന്ധരരാജയെ ഇത്തവണ  തറപറ്റിച്ചിട്ടേ അടങ്ങൂ. മറാഠാവംശജയായ മുഖ്യമന്ത്രി രജപുത്രരെ അപമാനിച്ചിരിക്കുന്നു. തങ്ങളുടെ അഭിമാനഭാജനമായ  കുപ്രസിദ്ധ കൊള്ളക്കാരൻ അനന്തപാൽ സിങ്ങിനെ സർക്കാർ കൊന്നുകളഞ്ഞു. ബി.എഡ്. ബിരുദധാരിയും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയുമായ അനന്ത്പാൽ സിങ്ങിന്റെ മരണം ജാതിബദ്ധമായ രാജസ്ഥാനിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

കീഴടങ്ങാൻ ഒരുമ്പെട്ട സിങ്ങിനെ പോലീസുകാർ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നെന്നാണ് ആരോപണം; അതും ഒരു രജപുത്രനെ. നാഗൂരിലും സിർക്കയിലുമൊക്കെ ഒരു റോബിൻഹുഡ് പരിവേഷമുണ്ടായിരുന്നു സിങ്ങിന്. ‘‘വാസ്തവത്തിൽ രവാനകൾ അസൽ രാജ്പുത്തുകളല്ല. രജപുത്രർക്ക് ശൂദ്രരിൽ ഉണ്ടാവുന്ന സന്തതികളാണ്’’ -പപ്പു സിങ്ങിന്റെ അപ്പുറത്ത് ചായവിൽക്കുന്ന ഭവാനിസിങ് സ്വകാര്യം പറഞ്ഞു. മൂപ്പർ പക്ഷേ, ഒറിജിനലാണത്രേ. വോട്ട്  ലോക്‌സഭയിലേക്ക് നരേന്ദ്രമോദിക്ക്, രാജസ്ഥാനിൽ കോൺഗ്രസിന് എന്ന്‌ ഇരുവരും കട്ടായം പറഞ്ഞു. കാലാകാലങ്ങളായി ബി.ജെ.പി. വോട്ടുബാങ്കായ രജപുത്രരുടെ വോട്ട്‌ അപ്പടി ഇനി ബി.ജെ.പി.ക്ക് കിട്ടില്ല എന്നുറപ്പ്. ബി.ജെ.പി. സ്ഥാപകരിലൊരാളും മോദി-അമിത് ഷാ ദ്വന്ദ്വങ്ങളാൽ അപമാനിതനും രജപുത്രനുമായ കേണൽ ജസ്വന്ത് സിങ്ങിന്റെ മകൻ, കോൺഗ്രസിലേക്ക്‌ കൂടുമാറിയ ബി.ജെ.പി. എം.പി. മാനവേന്ദ്രസിങ് വസുന്ധരക്കെതിരേ ഝൽവാറിൽ മത്സരിക്കുന്നുമുണ്ട്. 

പുഷ്കറിൽ കാലങ്ങളായി താമസിക്കുന്ന നാടോടികളായ ബഞ്ചാരകൾക്ക് ആരാണ്‌ ഭരിക്കുന്നത് എന്നുപോലുമറിയില്ല.  വിശപ്പിനെ അതിജീവിക്കാനുള്ള പോരാട്ടത്തിൽമാത്രമാണ്‌ ശ്രദ്ധ. പതിന്നാലുകാരൻ ഗോപാൽ മൂന്നാം ക്ലാസിൽ പഠിപ്പുനിർത്തിയതാണ്. ഇപ്പോൾ ഒട്ടകപ്പുറത്ത് സഞ്ചാരികളെ കൊണ്ടുപോകുന്നു. മാസം  മുതലാളി കൊടുക്കുന്ന ആയിരം രൂപകൊണ്ട് രോഗിയായ അമ്മയെ നോക്കണം. കുഞ്ഞനുജനും അനിയത്തിയും രാവന്തിയോളം പിച്ചയെടുക്കും. പുഷ്കറിലെ സഞ്ചാരികൾക്കുപിന്നിൽ കരഞ്ഞുവിളിച്ച്‌ നടക്കുന്ന അനേകം കുട്ടികളിൽ അവരുമുണ്ട്. ‘ഒരു പത്തുരൂപ ടിപ്പ് തരൂ സാബ്ജീ...’ -അവൻ കൈ നീട്ടി.  തിരഞ്ഞെടുപ്പിനെ അപ്രസക്തമാക്കുന്ന ചില മറുജീവിതങ്ങളുടെ വരണ്ടുവിണ്ടുകീറിയ മരുക്കാഴ്ചകൾ.

പുഷ്കർ തടാകത്തീരത്തുള്ള പുരാതനപ്രസിദ്ധമായ ജഗത്പിതാ ബ്രഹ്മക്ഷേത്രത്തിൽ എപ്പോഴും തിരക്കുതന്നെ. ശങ്കരൻ ഉദ്ധാരണം നടത്തിയ ഈ അത്യപൂർവമായ  ബ്രഹ്മക്ഷേത്രത്തിൽ പരാശരഗോത്രക്കാരായ സന്ന്യാസിമാരാണ് പൂജാരികൾ. ക്ഷേത്രത്തിനുനേരെ എതിർവശത്തുള്ള ആൽമരത്തിനടുത്ത്, തെരുവിൽ, ഭക്തർക്ക് ദർശനം കൊടുക്കുന്ന ത്രിശൂലധാരിയായ ഹരിഓം ഗിരിനാഗ ബാബ, തിരഞ്ഞെടുപ്പിനെപ്പറ്റി പരാമർശിച്ചപ്പോൾ ഇന്ദ്രിയനിയന്ത്രണം ത്യജിച്ച് പൊട്ടിത്തെറിച്ചു; “രണ്ടിനെയും ചവിട്ടി പുറത്താക്കണം. വസുന്ധരയെയും മോദിയെയും. നോട്ട് ബന്ദിയും ജി.എസ്.ടി.യും സർവതും തകർത്തില്ലേ?” -സ്വാമി രാഷ്ട്രീയക്കാരനെപ്പോലെ സംസാരിച്ചു.  കൈകൂപ്പി കുമ്പിട്ടുനിന്ന സ്ത്രീജനങ്ങൾ അന്തംവിട്ടു. 

നോട്ടുനിരോധനം ജീവിതത്തെ താറുമാറാക്കിയെന്ന് ക്ഷേത്രത്തെരുവിൽ കച്ചവടം നടത്തുന്ന അനാമികാദേവി പറഞ്ഞു. എങ്കിലും ബി.ജെ.പി.ക്കേ വോട്ടുചെയ്യുള്ളൂ. അന്തരിച്ച ഭർത്താവ് ജനസംഘക്കാരനായിരുന്നു. മറിച്ചുചിന്തിക്കുന്നതുപോലും ആത്മാവ്‌ പൊറുക്കില്ല. പക്ഷേ, വൃദ്ധയായ ഞാൻ ജീവിക്കാനായി പെടാപ്പാടുപെടുന്നു. വസുന്ധരയെക്കൊണ്ട് ഒരു ഗുണവുമില്ല.  ജീവിതം അക്കാണുന്ന മരുഭൂമി പോലെയായി. അവർ കണ്ണീരണിഞ്ഞു.