ന്യൂഡൽഹി/ജയ്‌പുർ: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കിനിൽക്കേ, രാജസ്ഥാനിലെ ബി.ജെ.പി.യിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ദോസ എം.പി. ഹരീഷ് മീണയും നഗാവുർ എം.എൽ.എ. ഹബീബുർ റഹ്‌മാനും ബുധനാഴ്ച കോൺഗ്രസിൽ ചേർന്നു.

എ.ഐ.സി.സി. ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അശോക് ഗഹ്‌ലോതും സച്ചിൻ പൈലറ്റ് എം.പിയും ചേർന്ന് ഹരീഷ് മീണയെ സ്വീകരിച്ചു. മീണയുടെ വരവിൽ ഏറെ സന്തോഷമുണ്ടെന്ന് ഗഹ്‌ലോത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കൂടുതൽ പേർ ബി.ജെ.പി. വിട്ടു കോൺഗ്രസിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തുവർഷത്തിനു ശേഷമാണ് നഗാവുർ എം.എൽ.എ. ഹബീബുർ റഹ്‌മാൻ കോൺഗ്രസിലേക്കു മടങ്ങുന്നത്. ബി.ജെ.പി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് മടക്കം. വീട്ടിലേക്കു ഞാൻ തിരിച്ചെത്തി, യാതൊരു നിബന്ധനയുമില്ലാതെയാണ് കോൺഗ്രസിലേക്കുള്ള മടക്കം - റഹ്‌മാൻ പ്രതികരിച്ചു.

രാജസ്ഥാനിൽ അശോക് ഗഹ്‌ലോതിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 2001 മുതൽ 2003 വരെ മന്ത്രിയായിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2008-ൽ പാർട്ടി വിടുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഡി.ജി.പി.യായിരുന്ന ഹരീഷ് മീണ ജോലി രാജിവെച്ചു ബി.ജെ.പിയിൽ ചേർന്നത്. മീണയുടെ ജ്യേഷ്ഠൻ നമോ നാരായൺ മീണ മുതിർന്ന കോൺഗ്രസ് നേതാവാണ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുവരും തമ്മിലായിരുന്നു മത്സരം. മോദി തരംഗം അലയടിച്ച തിരഞ്ഞെടുപ്പിൽ ഹരീഷ് മീണ ജയിച്ചു.

കിഴക്കൻ രാജസ്ഥാനിൽ മീണ സമുദായക്കാർ നിർണായക വിഭാഗമാണ്. ഹരീഷ് മീണയുടെ ചുവടുമാറ്റം ഗുണകരമാവുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

മോദി സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പേ എം.പി., എം.എൽ.എ.മാർ പ്രതിപക്ഷത്തേക്കു കൂറുമാറിയത് രാജസ്ഥാനിൽ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പി.ക്കു തിരിച്ചടിയായി.

മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിങ് കഴിഞ്ഞ മാസം കോൺഗ്രസിൽ ചേർന്നിരുന്നു.

Content Highlights: Rajasthan, 5 state elecction, Election 2018