ജയ്‌പുരിലെ കോൺഗ്രസ് ആസ്ഥാനത്ത് പതഞ്ഞുയരുന്നത് ആവേശവും പ്രതീക്ഷകളുമാണ്. പഴയ മട്ടിലുള്ള ഇന്ദിരാഭവന്റെ മുൻവശത്ത്‌ സ്ഥാപിച്ച നീളമേറിയ ഇലക്‌ട്രോണിക്‌ ബോർഡിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ദിവസവും മണിക്കൂറും മിനിറ്റും സെക്കൻഡും മിന്നിമറിയുന്നു. അധികാരത്തിലേക്കുള്ള ദൂരമാണത്. ‘അബ് നഹി തൊ ഫിർ കഭി നഹി’ എന്നാണ്  പ്രവർത്തകരെ ജാഗരൂകരാക്കാൻ കോൺഗ്രസ് പ്രയോഗിക്കുന്ന മന്ത്രം. രാജസ്ഥാനിൽ ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന യാഥാർഥ്യം കോൺഗ്രസിനറിയാം. അനുകൂലമാണ് സാഹചര്യങ്ങൾ. ജയിച്ചേ തീരൂ. കോൺഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ അത് വിളിച്ചുപറയുന്നു. മുതിർന്ന കർഷകർക്ക് പെൻഷൻ, അധികാരത്തിലെത്തി പത്തുദിവസത്തിനുള്ളിൽ കടം എഴുതിത്തള്ളൽ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, തൊഴിൽരഹിതരായ അഭ്യസ്തവിദ്യ യുവാക്കൾക്ക് പ്രതിമാസം 3500 രൂപ, പത്രപ്രവർത്തക സംരക്ഷണ നിയമം... വാഗ്ദാനങ്ങൾ കുന്നോളമുണ്ട്.

രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് തൂത്തുവാരും. ദില്ലിയിൽനിന്ന്‌ അടിയന്തര കൂടിയാലോചനയ്ക്കായി ജയ്‌പുരിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. കേരളത്തിൽനിന്ന് ഇത്രയും ദൂരം വന്ന നിങ്ങളെ കോൺഗ്രസ് നിരാശപ്പെടുത്തില്ല. എ.ഐ.സി.സി. ട്രഷറർ ട്രേഡ് മാർക്ക് ചിരിയോടെ കണ്ണിറുക്കി. സർദാർ പട്ടേൽ മാർഗിലുള്ള ബി.ജെ.പി. ആസ്ഥാനത്ത് പക്ഷേ, ആളും ആവേശവും അത്രയില്ല. ഭരണവിരുദ്ധ വികാരമുണ്ടെന്ന് പാർട്ടിവക്താവ് രാജേന്ദ്ര സിങ് ഷെഖാവത്ത് തുറന്നുസമ്മതിക്കുന്നു. കഴിഞ്ഞതിൽനിന്ന് അമ്പത്‌ സീറ്റെങ്കിലും നഷ്ടപ്പെടുമായിരിക്കും. പക്ഷേ, പാർട്ടി അതിനെ മറികടക്കും. സംഘടനാബലം, അധികാരം, കോൺഗ്രസിലെ ചേരിപ്പോര് എന്നിവയാണ് തങ്ങളുടെ ആയുധങ്ങൾ. എന്നാൽ, മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയെപ്പറ്റി അദ്ദേഹം മിണ്ടിയില്ല.

മുൻ മുഖ്യമന്ത്രി ഭൈരോൺ സിങ് ഷെഖാവത്തിന്റെ മരുമകനാണ് രാജേന്ദ്ര സിങ്. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ പറയുന്നു. പാർട്ടിയിലെ മുതിർന്നനേതാവും മുൻ സ്‍പീക്കറുമായ സുമിത്ര സിങ്ങും ന്യൂനപക്ഷ മുഖം സിലാവത് ഖാനും കൂടുമാറി കോൺഗ്രസിൽ ചേർന്ന ക്ഷീണം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തം. സിന്ധ്യയെ പാർട്ടിക്കാർപോലും വെറുത്തുകഴിഞ്ഞു -മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവുമായ ആനന്ദ് ശർമ പ്രതികരിച്ചു. രാമന്റെ പേരുപറഞ്ഞുള്ള മോദിയുടെ പറ്റിക്കൽ ഇനി നടക്കില്ല. നോക്കൂ കോൺഗ്രസ് തിരിച്ചു വരവിനൊരുങ്ങുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ് സംസ്ഥാന ഘടകവുമായി ചർച്ചചെയ്ത്‌ തീരുമാനിക്കും. സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോതും തമ്മിലുള്ള വടംവലിയെപ്പറ്റി പരാമർശം മുഴുമിപ്പിക്കാൻ  അദ്ദേഹം അനുവദിച്ചില്ല. 

കോൺഗ്രസ് പാളയത്തിൽ 'മോദി'

ഇന്ദിരാഭവനിൽ മീറ്റിങ്ങിനെത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാം വന്ന് മോദിക്ക് കൈ കൊടുക്കുകയാണ്. സെൽഫിക്കായി പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു. മോദിയുടെ അപരൻ അഭിനന്ദൻ പാഠക്കാണ് താരം. അതേ രൂപം, അതേ ഭാവം. പക്ഷേ, ചുമലിനെ ചുറ്റിക്കിടക്കുന്ന ഷോളിൽ താമരയ്ക്കുപകരം കൈപ്പത്തി അടയാളം. 

മോദിയുടെ കടുത്ത ആരാധകനായ പാഠക് ഇപ്പോൾ കോൺഗ്രസിലാണ്. മോദി മൈൻഡ് ചെയ്യുന്നില്ലെന്നതാണ് അദ്ദേഹത്തിന്റെ പരാതി. നിരവധി കത്തുകളയച്ചു. ഒന്നിനുപോലും മറുപടിയുണ്ടായില്ല. യു.പി. സഹാരൻപുർ സ്വദേശിയായ പാഠക് ബി.ജെ.പി. റാലികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വാരണാസിയിൽ മോദിക്കുവേണ്ടി പ്രചരണം നടത്തിയിട്ടുമുണ്ട്‌ പാഠക്‌. നോക്കൂ മോദിയെപ്പോലെ എന്റെ ഭാര്യയും ടീച്ചറാണ്. മോദിയെപ്പോലെ രാജ്യത്തിനായി ഞാനുമവരെ പരിത്യജിച്ചു. പക്ഷേ, ബി.ജെ.പി.ക്കാർക്ക് എന്നെ വേണ്ടാതായി. പാഠക്കിന് തൊണ്ടയിൽ സങ്കടം നിറഞ്ഞു. ഇനി കോൺഗ്രസിനൊപ്പമാണ്. എന്നെ കാണുമ്പോഴൊക്കെ ആളുകൾ അച്ഛാ ദിൻ കബ് ആയേഗാ എന്നു ചോദിക്കുന്നു. മടുത്തു, ബി.ജെ.പി.ക്കെതിരായാണ് ഇനിയുള്ള പോരാട്ടം -അദ്ദേഹം ഉറപ്പിച്ചു.