raj‘‘ഞാൻ ഒരു എളിയ കോൺഗ്രസ് പ്രവർത്തക. പാർട്ടി പറയുന്ന ഏതുത്തരവാദിത്വവും സ്വീകരിക്കും.’’ -മുതിർന്ന കോൺഗ്രസ് നേതാവ് ഗിരിജാ വ്യാസ് പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിനുള്ള മറുപടി. സച്ചിൻ പൈലറ്റ്-അശോക് ഗഹ്‌ലോത് വടംവലി പരിധിവിട്ടാൽ ഗിരിജാജിക്ക് സാധ്യതയുണ്ടെന്ന് ഉദയ്‌പുരിലെ ആരാധകർ കരുതുന്നു. തിരഞ്ഞെടുപ്പുപ്രചാരണം കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് ഗിരിജാവ്യാസ്. രാവിലെ എഴുന്നേറ്റ് പുജയ്ക്കൊരുങ്ങുകയാണ്. ഈ മുൻ കേന്ദ്രമന്ത്രിയുടെ ഉദയ്‌പുരിലെ ആർഭാടരഹിതമായ പഴയവീട്ടിൽ നിറയെ കൃഷ്ണന്റെ മേവാഡി ശൈലിയിലുള്ള ചിത്രങ്ങൾ. രാജീവിനൊപ്പമുള്ള സ്വന്തം ചിത്രവുമുണ്ട്.

‘‘മാഡത്തിനു വലിയ താത്പര്യമാണ് ഗിരിജാജിയെ, കല്യാണംപോലും കഴിക്കാതെ രാഷ്ട്രസേവനത്തിനിറങ്ങിയതല്ലേ? പരിചയ സമ്പന്ന. പോരെങ്കിൽ അധ്യാപികയും കവിയും. മുഖ്യമന്ത്രിയാവാൻ സർവഥാ യോഗ്യ.’’ -വീടിനുപുറത്ത് അവരെ കാത്തുനിന്ന പ്രൊഥ നിർമൽ സിങ് കണക്കു കൂട്ടി. ‘‘കോൺഗ്രസിനു നൂറു സീറ്റിനുമേലെ ഒരു വിഷമവുമില്ലാതെ കിട്ടും നിങ്ങളുടെ അനുമാനമെന്താണ്?’’ ഗിരിജാവ്യാസിന്റെ മുഖത്ത് ആകാംക്ഷ.

‘‘അവരുടെ കാലംകഴിഞ്ഞു. വെറുതേ ദിവാസ്വപ്നം കാണുകയാണ്.’’ -ബി.ജെ.പി. കാര്യാലയത്തിലെ ദിനേശ്സിങ് പരിഹസിച്ചു. ഗിരിജാവ്യാസിന്റെ എതിരാളി ചില്ലറക്കാരനല്ല. സംസ്ഥാന ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ. മുൻ സംസ്ഥാനസെക്രട്ടറിയായ അദ്ദേഹം മേവതിൽ പാർട്ടിക്ക് സ്വാധീനുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. അഭ്യന്തരമന്ത്രിയുടെ വീടിനുമുന്നിൽ കുട്ടികൾ ഷട്ടിൽ കളിക്കുന്നു. ആയുധധാരികളോ അനുചരവൃന്ദമോ ഇല്ല. ‘‘കേന്ദ്രത്തിൽ ഭരണമുള്ളതുകൊണ്ട് സംസ്ഥാനത്തും ബി.ജെ.പി. വരണം. വരും. നോക്കൂ, റോഡുകളൊക്കെ വികസിച്ചില്ലേ?’’ -പ്രവർത്തകർ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് റോഡ് വികസനത്തിൽ പുരോഗതിയുണ്ടായി എന്നതുനേര്. മോദിയുടെയും അമിത് ഭായിയുടെയും റാലികൾ, ക്ഷീണിച്ച ബി.ജെ.പി.ആത്മവിശ്വാസത്തിന് ഉണർവേകി എന്ന് അവർ പറയുന്നു.

സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം വന്നാൽ രാജസ്ഥാൻ ഗുജറാത്തു പോലാകും. ഊഷരമായ രാജസ്ഥാനിലേക്ക് പഞ്ചാബിൽനിന്നു വെള്ളം കൊണ്ടുവരുന്ന പ്രവൃത്തിക്ക്  മോദിജി തുടക്കമിട്ടു കഴിഞ്ഞു. ജയ്സാൽമർ വരെ വെള്ളമെത്തിക്കഴിഞ്ഞു. ഭരണത്തുടർച്ച സ്വപ്നംകാണുന്ന കട്ടാരിയയുടെ അനുയായികൾ പറഞ്ഞു.

ലോകത്തിലെ കാല്പനിക നഗരങ്ങളിലൊന്നായ ഉദയ്‌പുരിൽ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹപൂർവാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ നടക്കുകയാണ്. സിറ്റി പാലസിലും പിച്ഛോല തടാകതീരത്തുമൊക്കെ വമ്പൻ സെറ്റുകളുടെ പണി തകൃതി. സായിപ്പന്മാരാണ് മേൽനോട്ടം. വലിയ പളുങ്കുവിളക്കുകൾ ശ്രദ്ധയോടെ  ലോറികളിൽനിന്നിറയ്ക്കുന്നു. കൊട്ടാരത്തിലെ പലസ്ഥലത്തും സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ‘‘ജോധ്പുരിൽ പോയപ്പോൾ ഉമെയ്ദ് ഭവൻ കൊട്ടാരത്തിൽ കടത്തിവിട്ടില്ല. പ്രിയങ്ക ചോപ്രയുടെ കല്യാണാഘോഷം. ഇവിടെ വന്നപ്പോൾ ഇങ്ങനെ.’’ -ഒരു സംഘം മുബൈ മലയാളികൾ പരാതി പറഞ്ഞു. പ്രത്യേകം ചാർട്ടർ ചെയ്ത ഇരുനൂറോളം വിമാനങ്ങൾ എട്ടിനും ഒമ്പതിനും നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ വരുന്നവരെയും കൊണ്ട് ഉദയ്‌പുരിലെ ചെറിയ വിമാനത്താവളത്തിലിറങ്ങും. ഉദയ്‌പുരിൽ തത്കാലം ചർച്ച തിരഞ്ഞെടുപ്പല്ല എന്നു ചുരുക്കം.