ധികാരം കിട്ടുമെന്ന തോന്നൽ കോൺഗ്രസുകാരെ ബാധിച്ചതായി ടോങ്കിലെ സ്വീകരണവേദി വിളിച്ചറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച നട്ടുച്ചയ്ക്കായിരുന്നു ടോങ്ക് ബസ് സ്റ്റാൻഡിനടുത്ത് സച്ചിൻ പൈലറ്റിന്റെ പ്രചാരണ യോഗം.

രണ്ടുമണിക്കൂറായി വെയിലത്തിരിക്കുകയാണ് ആയിരത്തോളം സ്ത്രീകൾ. അവർക്കുമുന്നിൽ മുഖ്യസംഘാടകൻ അക്ബർ ഖാൻ തന്റെ സ്വാധീനം പലരീതിയിൽ അറിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു താത്‌പര്യമില്ലാത്ത ഒരാൾ കൂടുതൽ പ്രസംഗിച്ചപ്പോൾ മൈക്ക് പിടിച്ചുവാങ്ങി. വേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയ വേറെ ഗ്രൂപ്പുകാരനായ യുവനേതാവിനെ പിടിച്ചിറക്കാൻ ശ്രമിച്ചു. മുകളിൽനിന്ന് ഫോൺ വഴി ഇടപെടലുണ്ടായപ്പോൾ പിൻവാങ്ങി.

‘‘രണ്ടു മണിക്കൂർ കഴിയാതെ പൈലറ്റ് വരില്ല. അതുവരെ ഇവർക്കൊക്കെ ഈ നാടകം കളിക്കാൻ സമയം കൊടുക്കണമെന്ന് അദ്ദേഹത്തിനറിയാം. എന്തായാലും ഒരു ഇരുപതിനായിരത്തോളം വോട്ടിന് സച്ചിൻ പൈലറ്റ് ജയിച്ചേക്കും’’ -പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ടോങ്കിലെ കേസർ കിരൺ ചാനലിന്റെ റിപ്പോർട്ടർ രാകേഷ് ശർമ പറഞ്ഞു.

ജയ്‌പുരിനെ അപേക്ഷിച്ച് വലിയമത്സരത്തിന്റെ പ്രതീതിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും വസുന്ധര രാജെ മന്ത്രിസഭയിലെ അംഗവും ബി.ജെ.പി. യുടെ ഏക മുസ്‌‌ലിം സ്ഥാനാർഥിയുമായ യൂനുസ് ഖാനും ഏറ്റുമുട്ടുന്ന ടോങ്കിൽ ഉള്ളത്. പട്ടണത്തിലുടനീളം ഇരുപാർട്ടികളുടെയും കൊടിതോരണങ്ങളും ബാനറുകളും നിറഞ്ഞിരിക്കുന്നു. കോൺഗ്രസിന്റെ ജില്ലാകമ്മിറ്റി ഓഫീസിൽ എല്ലാവരും ആവേശത്തിലാണ്. ‘‘വലിയ വിജയമായിരിക്കും. ഇന്നലെ വസുന്ധര രാജെയും നിതിൻ ഗഡ്കരിയും ഇവിടെ റോഡ്‌ഷോ നടത്തിയിട്ട് അഞ്ഞൂറാളുപോലും കൂടെയുണ്ടായില്ല. സീറ്റു കിട്ടാത്തതിനാൽ നിലവിലെ എം.എൽ.എ. മേത്ത ബി.ജെ.പി.യോട് സഹകരിക്കുന്നില്ല. മുസ്‌‌ലിം വോട്ടുകൾ യുനുസിന് കിട്ടില്ലെന്നുമാത്രമല്ല, ഗുജ്ജർ വോട്ടുകളും ഞങ്ങൾക്കായിരിക്കും.’’ -തിരക്കിനിടയിൽനിന്ന് പാർട്ടിയുടെ ലീഗൽ സെൽ കൺവീനറായ ജാവേദ് ഇക്ബാൽ പ്രവചിച്ചു.

അമ്പതിനായിരത്തോളം മുസ്‌ലിങ്ങളുള്ള മണ്ഡലമാണ് ടോങ്ക്. 46 വർഷമായി കോൺഗ്രസ് ഇവിടെ മുസ്‌ലിം സ്ഥാനാർഥികളെയും ബി.ജെ.പി. ഹിന്ദുക്കളെയുമേ മത്സരിപ്പിച്ചിട്ടുള്ളൂ. ഇത്തവണ ഇരുവരും ആ ചരിത്രം തിരുത്തി. സിറ്റിങ് എം.എൽ.എ. അജിത്കുമാർ മേത്തയെ വെട്ടിയാണ് നഗൗർ ജില്ലയിലെ ദീഡ്വാന മണ്ഡലത്തിലെ എം.എൽ.എ.യായ യൂനുസ് ഖാനെ വസുന്ധര രാജെ ടോങ്കിലേക്ക് നിയോഗിച്ചത്. കുറേ മുസ്‌ലിം വോട്ടുകളും പരമ്പരാഗത ഹിന്ദുവോട്ടുകളും ബി.ജെ.പി.ക്കു കിട്ടിയാൽ പൈലറ്റിന്റെ പണിപാളുമെന്ന് രാജെ കണക്കുകൂട്ടി.

‘‘നിങ്ങൾ നോക്കിക്കോളൂ. വിജയം ബി.ജെ.പി.ക്കൊപ്പമായിരിക്കും. മുഖ്യമന്ത്രിയാകാൻവേണ്ടി പെലറ്റും ഗഹ്‌ലോതും തിരഞ്ഞെടുപ്പിനുമുന്നേ അടികൂടുന്നത് ജനങ്ങൾ കാണുന്നുണ്ട്. കോൺഗ്രസിനുമുകളിൽ കാണുന്ന ഈ ബഹളമേയുള്ളൂ. ഉള്ളിൽ അവർ പൊള്ളയാണ്.’’ -ബി.ജെ.പി.യുടെ മുഖ്യ തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ വെച്ച് മീഡിയ കോ-ഓർഡിനേറ്റർ മഹേന്ദ്രസിങ് കോട്ട പറഞ്ഞു.

സച്ചിന്റെ കണക്കുകൂട്ടലുകൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പി. വിജയിച്ച മണ്ഡലമാണിത്. അവിടേക്ക് കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സച്ചിൻ പൈലറ്റ് വന്നത് ചില കണക്കുകൂട്ടലോടെയാണ്. 2013-ൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വനിതാനേതാവായ സാക്കിയ ഇനാമായിരുന്നു. ഇവർക്കെതിരേ വിമതനായി മത്സരിച്ച ഡി.സി.സി. പ്രസിഡന്റ് സൗദ് സെയ്ദി രണ്ടാമതെത്തിയതോടെയാണ് ബി.ജെ.പി. വിജയിക്കുന്നത്. സൗദിന്റെ അച്ഛൻ ഡോ. അജ്മൽ സെയ്ദിയുടേത് ടോങ്കിലെ സ്വാധീനമുള്ള പ്രാചീന മുസ്‌ലിം കുടുംബമാണ്. ഇദ്ദേഹത്തിന്റെ അടുത്തസുഹൃത്താണ് സച്ചിന്റെ ഭാര്യാപിതാവായ മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അതിനാൽ ഇത്തവണ സൗദും സംഘവും പാർട്ടിക്കൊപ്പമുണ്ട്. മുപ്പതിനായിരത്തോളം ഗുജ്ജറുകൾ മണ്ഡലത്തിലുണ്ട്. ഇതേ സമുദായക്കാരനായ സച്ചിന് ഇവർ വോട്ടു ചെയ്യുമെന്നും കണക്കുകൂട്ടലുണ്ട്. അച്ഛൻ രാജഷ് പൈലറ്റ് സമീപമുള്ള ദൗസ ലോക്‌സഭാമണ്ഡലത്തിലെ എം.പി.യായിരുന്നു. സച്ചിന്റെ ആദ്യ തിരഞ്ഞെടുപ്പുവിജയവും അവിടെയായിരുന്നു, 28-ാം വയസ്സിൽ.

വേദിയിലെ അവതാരകൻ സച്ചിൻ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയെന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്. പാർട്ടി അങ്ങനെ തീരുമാനിച്ചിട്ടില്ല എന്നതൊന്നും ടോങ്കുകാർക്ക് പ്രശ്നമല്ല. അവസാനദിവസമായിട്ടും സവായി മധോപുരിൽ പ്രചാരണത്തിന് പോയിട്ടാണ് സ്വന്തംമണ്ഡലത്തിലേക്ക് അദ്ദേഹം വരുന്നത്. അതുതന്നെ അതിരുകടന്ന ആത്മവിശ്വാസത്തിനു തെളിവാണ്. മൂന്നുമണിയോടെ സച്ചിൻ പൈലറ്റ് എത്തിയപ്പോൾ വേദി പൂരപ്പറമ്പായി. തൂവെള്ളവസ്ത്രവും പാൽപ്പുഞ്ചിരിയുമായി കോളേജ് യൂണിയൻ നേതാവിനെപ്പോലുള്ള 42-കാരൻ പെട്ടെന്ന് സദസ്സിനെ കൈയിലെടുത്തു. ‘‘മോദിജിയും അമിത്ജിയും യോഗിജിയും ഒന്നിച്ചു ശ്രമിച്ചാലും രാജസ്ഥാനിൽ അധികാരത്തിലേറുന്നതിൽനിന്ന് കോൺഗ്രസിനെ തടയാനാവില്ല.’’ -പ്രസംഗം മൂന്നുമിനിറ്റിൽ അവസാനിപ്പിച്ചു.

പ്രചാരണത്തിൽ പതിവുള്ള ഇനമാണ് തുലാഭാരം. ബദാംകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ യുവതാരത്തിനെ തൂക്കം നോക്കിയത്. ഉന്തിത്തള്ളിയെത്തിയ അണികൾ തുലാഭാരത്തട്ടും തകർത്ത് പൊത്തോയെന്ന് മേൽക്കുമേൽ വീണു. പൈലറ്റിനെ സുരക്ഷാഭടൻമാർ സംരക്ഷിച്ച് വാഹനത്തിലേക്ക് നയിച്ചു. 2014-ലെ മോദി തരംഗത്തിൽ അജ്മേർ ലോക്‌സഭാമണ്ഡലത്തിൽ സച്ചിൻ പൈലറ്റ് പരാജയപ്പെട്ടതാണ്. വിജയിയായ സൻവർലാൽ ജാട്ട് മരിച്ചതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പ് വന്നു. ആ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷനെന്ന നിലയിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് പൈലറ്റ് തിരിച്ചുവന്നത്. ടോങ്ക് കടന്ന് പൈലറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണാധികാരിയാകുമോയെന്നാണ് അറിയാനുള്ളത്.

Content Highlights: Rajasthan Election 2018,Rajasthan Election, Election 2018, Rajasthan Politics