amraram
ആമ്രാറാം

‘‘നമുക്ക് ക്ഷേത്രവും ശ്രീരാമനും പശുവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയം. നമ്മുടെയൊക്കെ  ഈ ജീവിതമാണ്’’ -ഝാമവാസ് ഗ്രാമത്തിലെ ചെറിയ ശിവക്ഷേത്രത്തിനു മുന്നിലെ ആൽത്തറയിൽ നിന്ന് ആമ്രാറാമിന്റെ വാക്കുകൾ തീപ്പൊരിപോലെ ചിതറുകയാണ്. ഗ്രാമവാസികൾ െെകയടിച്ചു. വേദിയിലിരുന്ന് ഹുക്ക വലിക്കുന്ന ഗ്രാമപ്രമുഖരിലൊരാൾ ആവേശത്തോടെ എന്തോ പറഞ്ഞു. ഹിന്ദുത്വത്തിന് നല്ല വേരോട്ടമുള്ള രാജസ്ഥാനിൽ ഇങ്ങനെയൊക്കെ പറയാൻ  ആമ്രാറാമിനേ കഴിയൂ-അതും ഭക്തർ മൈലുകളോളം ദർശനത്തിനായി നടന്നെത്തുന്ന  ഖടുശ്യാം ക്ഷേത്രമടങ്ങുന്ന മണ്ഡലത്തിൽ. ആ ധൈര്യം  സി.പി.എം. സംസ്ഥാനസെക്രട്ടറിയായതിനാലല്ല. ജീവിതം തന്നെ കർഷകർക്കുവേണ്ടിയുള്ള പോരാട്ടമാക്കിയ മനുഷ്യനായതിനാലാണത്. സീക്കർ ജില്ലയിലെ ദന്താ രംഗഢിൽ കോൺഗ്രസിന്റെ വീരേന്ദ്രർ സിങ്ങിനും 

ബി.ജെ.പി.യുടെ ഹരീഷ്ചന്ദ്ര കുമാവത്തിനും ഒപ്പത്തിനൊപ്പം നിൽക്കാൻ സി.പി.എം. സ്ഥാനാർഥിയായ ആമ്രാറാമിന്‌ കഴിയുന്നു.‘‘കഴിഞ്ഞതവണ ഒറ്റ സീറ്റുമില്ലായിരുന്നു. എന്നിട്ടും തെരുവിൽ പ്രതിപക്ഷമായിരുന്നത് ഞങ്ങളാണ്...’’- സ്പെഷ്യൽ ടെലിഫോൺ എന്ന വിചിത്രമായ പേരുള്ള ബീഡി ആഞ്ഞുവലിച്ചുകൊണ്ട് ആമ്രാറാം പറഞ്ഞു.
2017 സെപ്റ്റംബറിൽ സീക്കർ ജില്ലയിൽ കർഷകർ കിസാൻസഭയുടെ നേതൃത്വത്തിൽ നടത്തിയ 13 ദിവസത്തെ പ്രക്ഷോഭം സഭയുടെ മുംബൈ മാർച്ചിനെക്കാൾ തീവ്രമായിരുന്നു. കാർഷികകടങ്ങൾ എഴുതിത്തള്ളുക, എല്ലാ വിളകൾക്കും താങ്ങുവില, പശുവിനെ വിൽക്കുന്നതിനുള്ള വിലക്ക് നീക്കുക തുടങ്ങി 11 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഈ സമരം. സംസ്ഥാന ഹൈവേകൾ തുടർച്ചയായി ഉപരോധിക്കുകയായിരുന്നു പ്രധാന സമര മാർഗം.
തൊഴിലില്ലായ്മ, വിദ്യാഭ്യാസം എന്നിവയോട് ബന്ധപ്പെട്ടാണ് കാർഷികപ്രതിസന്ധി രൂക്ഷമാകുന്നത്. ‘‘ദന്താ രംഗഢ് സബ് ഡിവിഷണൽ ആസ്ഥാനമാണ്. പക്ഷേ, ഒരു സർക്കാർ കോളേജ് പോലുമില്ല. ആദായകരമല്ലെന്ന കാരണം പറഞ്ഞ് 17,000 പ്രൈമറി-സെക്കൻഡറി സ്കൂളുകൾ ബി.ജെ.പി സർക്കാർ ഒന്നിപ്പിച്ചതോടെ പല സ്കൂളുകളും പൂട്ടി. അതോടെ പാവപ്പെട്ടവർക്ക് പഠിക്കാനുണ്ടായിരുന്ന അവസരവും ഇല്ലാതായി. പിന്നെ കൃഷിയെത്തന്നെ ആശ്രയിച്ചുജീവിക്കുക മാത്രമാണ് മാർഗം. അതാണെങ്കിൽ നഷ്ടക്കച്ചവടവുമാണ്.’’ -സമരത്തിന് പിന്തുണ ലഭിച്ചതിന്റെ കാരണങ്ങൾ ആമ്രാറാം നിരത്തി. 

ആദ്യമൊക്ക സർക്കാർ പ്രക്ഷോഭത്തെ അവഗണിച്ചെങ്കിലും അനിശ്ചിതകാല ഹൈവേ ഉപരോധം സമീപജില്ലകളിലേക്ക് പടർന്നപ്പോൾ ജയ്‌പുർ വിറച്ചു. അതോടെ മന്ത്രിതല സമിതി ആമ്രാറാമുമായി ചർച്ചയ്ക്ക് തയ്യാറായി. 50,000 രൂപ വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളാനും ദേശീയപാതകളിൽ കർഷകർക്കുള്ള ടോൾ നീക്കംചെയ്യാനും തീരുമാനമായി: ‘‘പക്ഷേ, പശുവിന്റെ കാര്യത്തിൽ മാത്രം ഒരു തീർപ്പുമുണ്ടായില്ല.  പെൻഷൻ സംബന്ധിച്ച തീരുമാനവും നടപ്പാക്കിയില്ല. 10 ശതമാനം വിളകൾക്കേ താങ്ങുവില കിട്ടുന്നുള്ളൂ. 

പ്രതീക്ഷകൾകൊണ്ട്  തുലാഭാരം

ആമ്രാറാമിനെ വോട്ടർമാർ സ്വീകരിക്കുന്നത് പലവിധ ആചാരങ്ങൾക്ക്‌ ശേഷമാണ്. ആദ്യം വാഴപ്പഴം ഒരു തട്ടിൽ  നിറച്ച  തുലാസിലിരുത്തി തൂക്കുന്നു -നമ്മുടെ ക്ഷേത്രങ്ങളിലെ തുലാഭാരം തന്നെ. ‘..കേലാ സേ തോൽ...’ എന്നാണ് അവർ പറയുന്നത്. പിന്നീട്‌ സ്ഥാനാർഥിയുടെ പ്രസംഗം കഴിഞ്ഞാൽ തുലാഭാരത്തിന് ഉപയോഗിച്ച പഴം എല്ലാവർക്കും വിതരണം ചെയ്യും. 
ഏഴ് പാർട്ടികൾ ഉൾപ്പെട്ട രാജസ്ഥാൻ ലോകതാന്ത്രിക് മോർച്ചയുടെ ബാനറിലാണ് ഇക്കുറി സി.പി.എം. മത്സരിക്കുന്നത്. സി.പി.ഐ., സി.പി.ഐ.എം.എൽ., ജെ.ഡി.എസ്., എം.സി.പി.(യു), എസ്.പി., രാഷ്ട്രീയ ലോക്ദൾ എന്നിവയാണ് മറ്റ് പാർട്ടികൾ. 28 സീറ്റുകളിലാണ് സി.പി.എം. ജനവിധി തേടുന്നത്. ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും തോറ്റ പാർട്ടിക്ക് രാജസ്ഥാനിൽ നേടുന്ന ഒരു സീറ്റുപോലും മരുഭൂമിയിലെ മരുപ്പച്ചയാണ്. ആ പ്രതീക്ഷകളുടെ ഭാരമാണ് ആമ്രാറാമെന്ന 63-കാരൻ താങ്ങുന്നത്. 

2016 മുതലുള്ള വൈദ്യുതിവർധന ഇളവുചെയ്തു നൽകിയതും വിള ഇൻഷുറൻസുമൊക്കെ ഗുണംചെയ്യുമെന്ന് ബി.ജെ.പി. കരുതുമ്പോൾ കർഷകരോഷത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കളാകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
’93-ലും 2008-ലും ഭരിക്കാൻ മുഖ്യകക്ഷിക്ക്  തങ്ങളുടെ സഹായം വേണ്ടിവന്നത് ആമ്രാറാംചൂണ്ടിക്കാട്ടി. ‘‘ഇത്തവണ ബി.ജെ.പി.ക്ക് മുപ്പത്തഞ്ചിടത്ത് വിമതരുണ്ട്. കോൺഗ്രസിനുമുണ്ട് നാൽപ്പതോളം വിമതർ. ഈ പാർട്ടികൾ ഉദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തില്ല. അങ്ങനെ വന്നാൽ റിമോട്ട് കൺട്രോൾ കരസ്ഥമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം...’’ -ഇത്രയും പറഞ്ഞ് അദ്ദേഹം ലാഡ്പുരയിലെ സ്വീകരണസ്ഥലത്തേക്ക് നടന്നു.