ജയ്പൂര്‍: ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതില്‍ വസുന്ധര രാജെ ജാഗ്രത കാണിച്ചില്ലെന്ന് നിയുക്ത രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ അശ്രദ്ധ കാണിച്ചതിനുള്ള മറുപടിയായിരുന്നു തിരഞ്ഞെടുപ്പിലെ ജനവിധിയെന്നും അദ്ദേഹം ജയ്പൂരില്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ പൂര്‍ണ ഉത്തരവാദിത്വം മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയ്ക്കാണെന്നും അശോക് ഗഹ്‌ലോത് ആരോപിച്ചു. 'രാജസ്ഥാനിലെ നിലവിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍നിന്നും വസുന്ധര രാജെയില്‍നിന്നും ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷവും വസുന്ധര രാജെ അക്കാര്യങ്ങളില്‍ അശ്രദ്ധ കാണിച്ചു'- അദ്ദേഹം വ്യക്തമാക്കി. 

വസുന്ധര രാജെയും പ്രധാനമന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും, അവരുടെ തര്‍ക്കങ്ങള്‍ അവര്‍തന്നെ പരിഹരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ആല്‍ബേര്‍ട്ട് ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. കഴിഞ്ഞതവണ 163 സീറ്റുകള്‍ നേടിയ ബി.ജെ.പിയ്ക്ക് ഇത്തവണ 73 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിച്ചതായിരുന്നു ബി.ജെ.പിക്ക് തിരിച്ചടിയായത്. 

Content Highlights: rajastan; ashok gehlot against vasundara raje scindia