ദൗസ (രാജസ്ഥാന്‍): രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ വിജയഭേരിയോടെ അവസാനം കുറിച്ച് ബിജെപി. പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ദൗസയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പാര്‍ട്ടി അണികളെയും അനുഭാവികളേയും പെരുമ്പറ കൊട്ടിയാണ് മോദി സന്തോഷിപ്പിച്ചത്. വിജയത്തിന്റേയും വികസനത്തിന്റേയും ശബ്ദമെന്ന അടിക്കുറിപ്പോടെ മോദി ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. രാജസ്ഥാനിലെ വിജയത്തിന്റെ ശബ്ദമാണിതെന്ന് വീഡിയോയുടെ പശ്ചാത്തലത്തില്‍ പറയുന്നതും കേള്‍ക്കാം. 

 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യമായല്ല വാദ്യോപകരണ പ്രകടനവുമായി മോദി എത്തുന്നത്. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പരമ്പരാഗത വാദ്യോപകരണമായ ധോലകിലായിരുന്നു മോദി തന്റെ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അവസാന ദിവസവും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുതന്നെയായിരുന്നു മോദിയുടെ പ്രസംഗം. കുംഭകര്‍ണനും കുംഭ റാമും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നായിരുന്നു മോദിയുടെ പരിഹാസം. നേരത്തേ രാഹുല്‍ ഗാന്ധി കുംഭ റാം ലിഫ്റ്റ് യോജന എന്നത് കുംഭകര്‍ണന്‍ ലിഫ്റ്റ് യോജന എന്ന് തെറ്റായി പറഞ്ഞിരുന്നു.

Content Highlights: PM Modi Wraps Up Poll Campaign With Drum Beats, Five State Elections, Rajastan Assemby Polls