ജയ്‌പുർ: രാജസ്ഥാനിലെ കോൺഗ്രസിന്റെ 25 സിറ്റിങ് എം.എൽ.എ.മാരിൽ 20 പേരും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. ഡിസംബർ ഏഴിനാണ് 200 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതിനുള്ള 152 സ്ഥാനാർഥികളെയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ബി.ജെ.പി. വിട്ടുവന്ന മുൻ എം.പി. ഹരീഷ് മീണയ്ക്ക് ദേവ്‌ലി-ഉനിയാറ മണ്ഡലം നൽകി. സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിലും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് സർദർപുരയിലും മുൻകേന്ദ്രമന്ത്രി സി.പി. ജോഷി നാഥ്ദ്വാരയിലും മത്സരിക്കും. ദേശീയ വനിതാകമ്മിഷൻ മുൻ അധ്യക്ഷ ഗിരിജാവ്യാസ്, പ്രതിപക്ഷനേതാവ് രാമേശ്വർ ദുഡി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.

രണ്ടുപട്ടികയിലായി 162 സ്ഥാർഥികളെയാണ് ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പി.യുടെ പട്ടികയിൽ മുസ്‌ലിം സ്ഥാനാർഥികളില്ല. കോൺഗ്രസ് ഒമ്പതുപേരെ നിർത്തിയിട്ടുണ്ട്. ഇരുപാർട്ടികളും ഇതിനോടകം 19 വനിതാസ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.