ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി. 131 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, സ്പീക്കർ കൈലാഷ് മേഘ്‌വാൾ, സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, മുതിർന്ന പാർട്ടിനേതാക്കൾ തുടങ്ങിയവർ പട്ടികയിലുണ്ട്. സംസ്ഥാനത്ത് ആകെ 200 നിയമസഭാ സീറ്റുകളാണുള്ളത്. ഡിസംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

85 സിറ്റിങ് എം.എൽ.എ.മാരെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരുടെ മണ്ഡലങ്ങളിലും മാറ്റമില്ല. 12 വനിതകളും 17 പട്ടികജാതിക്കാരും 19 പട്ടികവർഗക്കാരും ഇതിൽ ഉൾപ്പെടും.

രണ്ടുമന്ത്രിമാരും മുസ്‌ലിം എം.എൽ.എ.യുമടക്കം 26 എം.എൽ.എ.മാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

മന്ത്രിമാരായ രാജേന്ദ്ര റാത്തോഡ്, ഗുലാബ് ചന്ദ് കഠാരിയ, വസുദേവ് ദേവ്‌നാനി, ശ്രീചന്ദ് കൃപലാനി, കിരൺ മഹേശ്വരി, അനിത ബാദൽ, അജയ് സിങ്, കൃഷ്ണേന്ദ്ര കൗർ, ഗജേന്ദ്ര സിങ്, പ്രഭു ലാൽ സൈനി എന്നിവർ പട്ടികയിൽ ഇടംപിടിച്ചു.

ഏതാനും സിറ്റിങ് എം.എൽ.എ.മാരുടെയും പാർട്ടിനേതാക്കളുടെയും ബന്ധുക്കൾക്കും സീറ്റുനൽകി. മുൻ എം.എൽ.എ. ദേവിസിങ് ഭാട്ടിയുടെ മരുമകൾ പൂനം കൻവാർ, ജോധ്പുർ എം.എൽ.എ. കൈലാഷ് ബൻസാലിയുടെ ബന്ധു അതുൽ ബൻസാലി, ഗോത്രമന്ത്രി നന്ദ‌ലാൽ മീണയുടെ മകൻ ഹേമന്ദ് മീണ, അന്തരിച്ച മുൻ എം.പി. സർവർ ലാൽ ജാട്ടിന്റെ മകൻ രാംസ്വരൂപ് ജാട്ട്, അന്തരിച്ച മുൻ മന്ത്രി ദിഗംബർ സിങ്ങിന്റെ മകൻ ശൈലേഷ് സിങ് തുടങ്ങിയവരും പട്ടികയിലുണ്ട്.

ബി.ജെ.പി.ക്ക് രണ്ട് സിറ്റിങ് മുസ്‌ലിം എം.എൽ.എ.മാരാണുള്ളത്. ഹബീബുർ റഹ്‌മാനും ഗതാഗതമന്ത്രി യൂനൂസ് ഖാനും. റഹ്‌മാനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ മണ്ഡലമായ ദീദ്‌വാനയിൽ ആരാണ് സഥാനാർഥിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജലവിഭവമന്ത്രി സുരേന്ദ്ര ഗോയൽ, ഗോത്രവിഭാഗം മന്ത്രി നന്ദ്‌ലാൽ മീണ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.

ഡെപ്യൂട്ടി സ്പീക്കർ റാവു രാജേന്ദ്രസിങ്, ചീഫ് വിപ്പ് കലു ലാൽ ഗുർജർ, ജെയ്സൽമർ-ബാഡ്മേർ എം.പി. സോനാ റാം എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.