അല്‍വാര്‍: ജഡ്ജിമാര്‍ക്കെതിരെ ഇംപീച്ച്മെന്റ് അടക്കമുള്ള ഭീഷണിമുഴക്കി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് തടസ്സം സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായ ഒരു കളിയാണ് കോണ്‍ഗ്രസ് നടത്തുന്നത്‌. ജാതി രാഷ്ട്രീയത്തെ ലാളിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയാണെന്നും മോദി ആരാപിച്ചു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരായ മോദിയുടെ ആരോപണങ്ങള്‍. 

തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകരെ അംഗങ്ങളാക്കി. അനുകൂലമായ വിധികള്‍ വന്നില്ലായിരുന്നെങ്കില്‍ ഇവര്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അയോധ്യ കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ 2019 വരെ ഈ കേസ് കേള്‍ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവായ ഒരു രാജ്യസഭാംഗം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളായിരുന്നു അതിന് കാരണം. 

ഇത്തരത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് നീതിയുക്തമാണോ? നീതി ന്യായവ്യവസ്ഥയെയും സുപ്രീം കോടതിയെയും ഇത്തരത്തില്‍ സമ്മര്‍ദ്ധത്തിലാക്കുന്നത് ശരിയാണോ? എന്നാല്‍ ആ കോണ്‍ഗ്രസ് നേതാവ് യാതൊരു മടിയുമില്ലാതെയാണ് ഇക്കാര്യം സുപ്രീംകോടതിയില്‍ പറഞ്ഞത്.

തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമല്ലാത്ത രീതിയിലുള്ള ഇടപെടലുകള്‍ സുപ്രൂീം കോടതിയില്‍ നിന്ന് ഉണ്ടാവുമ്പോള്‍ അവര്‍(കോണ്‍ഗ്രസ്) അയോധ്യ പോലുള്ള പ്രധാനപ്പെട്ട കേസുകള്‍ നടക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്മൂലം ജനങ്ങള്‍ക്ക് നീതി ലഭിക്കേണ്ട നിരവധി കോടതിവിധികളാണ് നീണ്ടുപോയത്. 

ജഡ്ജിമാരെ ഭീഷണിപ്പെടുത്തുക വഴി നീതിന്യായ വ്യവസ്ഥയുടെ താളംതെറ്റിക്കുന്ന കുറ്റമാണ് കോണ്‍ഗ്രസ് ചെയ്തത്. രാജ്യസഭയിലെ തങ്ങളുടെ കരുത്ത് ഉപയോഗിച്ച് രാജ്യത്തെ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുല്‍ഗാന്ധിയുടെ കീഴിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നതെന്നും മോദി ആരോപിച്ചു.

content highlights: Congress 'delaying' Ram temple constructions says modi