മക്കരാന (രാജസ്ഥാന്‍): കോണ്‍ഗ്രസുകാര്‍ ബിരിയാണി നല്‍കി വളര്‍ത്തിയ തീവ്രവാദികളെയാണ് ബിജെപി വെടിവെച്ചു വീഴ്ത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

കോണ്‍ഗ്രസിന്റേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്. ഇതിന്റെ ഫലമായി കോണ്‍ഗ്രസ് ഭരണകാലത്ത് തീവ്രവാദം അതിരൂക്ഷമായി. കോണ്‍ഗ്രസുകാര്‍ ബിരിയാണി കൊടുത്ത് വളര്‍ത്തിയ തീവ്രവാദികളെ ഇപ്പോള്‍ ഞങ്ങള്‍ വെടിവെച്ചിടുന്നത് നിങ്ങള്‍ക്കു കാണാം- ആദിത്യനാഥ് പറഞ്ഞു. 

2014-ലെ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ സൈന്യത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിടുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു. അതേസമയം, അവര്‍ നക്‌സലൈറ്റുകളെയും വിഘടനവാദികളെയും തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുന്നു. ജനാധിപത്യം എന്നത് കുടുംബവാഴ്ചയോ മാഫിയാ ഭരണമോ ആകരുത്. ജനാധിപത്യത്തില്‍ തീവ്രവാദത്തിനും നക്‌സലിസത്തിനും വിഘടനവാദത്തിനും ഇടമില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാന്‍ എപ്പോഴും രാജ്യത്തിനുവേണ്ടി രക്തം നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് എപ്പോഴും രാജസ്ഥാന്റെ രക്തസാക്ഷത്വത്തെ അവമതിച്ചിട്ടേയുള്ളൂ. രാജസ്ഥാനില്‍ വികസനം കൊണ്ടുവന്നതില്‍ വസുന്ധര രാജയുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. പ്രവര്‍ത്തനശേഷി ഇല്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിനു കീഴില്‍ കോണ്‍ഗ്രസ് ഒരിക്കലും വിജയം വരിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും ആദിത്യനാഥ് പറഞ്ഞു.

Content Highlights:  BJP, terrorists, Congres, Adityanath, Rajasthan, Election 2018, 5 state election 2018