‘‘പ്രശ്നവശാൽ രാജസ്ഥാനിൽ ബി.ജെ.പി. അധികാരത്തിലെത്തും. പക്ഷേ, പുറത്തുനിന്നുള്ള സഹായം വേണ്ടിവരും.’’ -പണ്ഡിത് ഗോപലാൽ വ്യാസ് കണ്ണടച്ചുധ്യാനിച്ചു പറഞ്ഞു. കേട്ടിരുന്ന കോൺഗ്രസ് പ്രവർത്തകർ പരസ്പരം നോക്കി. ‘‘പണ്ഡിത്ജി വല്ല മാർഗവുമുണ്ടോ?’’ ഒരാൾ ചോദിച്ചു. ‘‘ജയിക്കാനുള്ള എല്ലാ സാഹചര്യവും അടുത്തുവരും, പക്ഷേ, കേതുവിന്റെ ദൃഷ്ടിയുള്ളതിനാൽ ഫലപ്രാപ്തിക്ക് സാധ്യതകുറവാണ്.’’ ദക്ഷിണകൊടുത്ത് പ്രവർത്തകർ നിരാശയോടെ മടങ്ങി. ജ്യോതിഷഗ്രാമമെന്നു പേരുകേട്ട രാജസ്ഥാനിലെ കരോയിയിലെ ജ്യോത്സ്യരിൽ പ്രമുഖനാണ് വ്യാസ്. ഭാവിയറിയാൻ വരുന്നവർ കാത്തിരിക്കുന്ന കോലായയുടെ ചുമരിൽ രാജ്നാഥ് സിങ്ങിനൊപ്പവും വസുന്ധരയ്ക്കൊപ്പവും നിൽക്കുന്ന ഫോട്ടോകളുടെ പ്രദർശനം. കേരളത്തിൽനിന്ന് തന്നെ കാണാൻ വന്നതാണെന്നറിഞ്ഞപ്പോൾ അദ്ദേഹം തന്റെ പ്രവചനമഹാത്മ്യം വർണിക്കുന്ന ലാമിനേറ്റഡ് പത്രവാർത്തകൾ നിരത്തി. 
മേവാഡിലെ ടെക്‌സ്റ്റൈൽ വ്യവസായകേന്ദ്രമായ ഭിൽവാഡയിൽനിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ കരോയി ഗ്രാമമായി. ഭൂമിശാസ്ത്രപരമായി പറയത്തക്ക പ്രത്യേകതകളൊന്നും പേറാത്ത സ്ഥലം. പട്ടണമാവാൻ വെമ്പുന്ന  തെരുവുകളിൽ അധികവും ജ്യോതിഷാലയങ്ങൾ. സന്താനദുഃഖ പരിഹാരത്തിനും ഹസ്തരേഖ വിശകലനത്തിനുമാണ് ആളുകൾ കൂടുതലും എത്തുന്നത്.

തിരഞ്ഞെടുപ്പു സീസണാവുമ്പോൾ ഈ ഉൾനാടൻ ഗ്രാമത്തിൽ തിരക്കേറും. ഇടുങ്ങിയ റോഡുകളിലേക്ക് വിലകൂടിയ വാഹനങ്ങൾ കടന്നുവരും. എല്ലാം രാഷ്ട്രീയക്കാർ. പത്രികാ സമർപ്പണ മുഹൂർത്തം, വിജയസാധ്യത, ശത്രുവിനാശം എന്നിവ അറിയാനാണ് വരവ്. ഗുജറാത്ത് മുതൽ ഛത്തീസ്ഗഢ് വരെയുള്ള വിദൂരയിടങ്ങളിൽ നിന്നുവരെ കരോയിയിലേക്ക് ഭവിഷ്യമറിയാൻ രാഷ്ട്രീയക്കാരെത്തുന്നു. എന്തിന്, വസുന്ധരരാെജ സിന്ധ്യ മുതൽ സാക്ഷാൽ നരേന്ദ്ര മോദി വരെ കരോയി ജ്യോതിഷികളുടെ സേവനം കാംക്ഷിക്കുന്നു. എല്ലാവർക്കും അറിയേണ്ടത് ഒന്നുതന്നെ. വിജയിക്കുമോ. ഇരുപത്തിയഞ്ചോളം ജ്യോതിഷികൾ വ്യാസിന്റെ ഭാഷയിൽ ഗ്രാമത്തിന്റെ യശ്ശസ്സുയർത്തി ഇവിടെ വിരാജിക്കുന്നു.

‘‘രാഹുൽജിക്ക് നീചശനിയുടെ അപഹാരമാണിപ്പോൾ. ഭാവി തെളിയാൻ കാലം പിടിക്കും’’ - യുവ ജ്യോതിഷി പണ്ഡിത് ഗോപാൽ ഉപാധ്യായ പറഞ്ഞു. ‘‘മോദിജിക്ക് അപകടഭീഷണിയുണ്ട്, പക്ഷേ, അദ്ദേഹം വീണ്ടും അധികാരത്തിലേറും.’’ അദ്ദേഹം ഗണിക്കുന്നു. വാരാണസിയിൽ മോദി പത്രിക നൽകുംമുമ്പുതന്നെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ച പത്രവാർത്ത വലുതാക്കി തന്റെ ‘ഗായത്രി ജ്യോതിഷ കാര്യാലയ’ത്തിന്റെ ചുമരിൽ തൂക്കിയിട്ടുണ്ട്. ‘‘മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി. വീണ്ടുംവരും. രാജസ്ഥാനിൽ കഷ്ടിച്ച് ഭൂരിപക്ഷം കിട്ടും.’’ -അദ്ദേഹം പ്രവചിച്ചു. 
ഗ്രാമത്തിലുള്ള ജ്യോതിഷികളധികവും വ്യാസ്, ഉപാധ്യായ കുടുംബങ്ങളിൽപ്പെട്ടവരാണ്. തമ്മിൽ കടുത്തമത്സരവുമുണ്ട്. സ്ലേറ്റിൽ  വരച്ചാണ്  രാശി നോക്കുന്നത്. ‘‘കവടിയൊക്കെ നിങ്ങൾ സമുദ്രവാസികൾക്കല്ലേ?’’ പുറത്ത് ഏറെ സമയമായി കാത്തിരിക്കുന്നവരെ അവഗണിച്ച് ഉപാധ്യായ സംസാരം തുടർന്നു.

‘‘ഗ്രാമത്തിനു പേരും പ്രശസ്തിയുമൊക്കെയുണ്ട്, പക്ഷേ, പൊട്ടിപ്പൊളിഞ്ഞ ഈ റോഡെങ്കിലും ഒന്നു നന്നായാൽ മതിയായിരുന്നു.’’ -തെരുവിൽ തുണിക്കച്ചവടം നടത്തുന്ന മഹിപാൽ പറഞ്ഞു. കരോയി ജ്യോതിഷികളെ കാണാനെത്തുന്നവരെക്കൊണ്ട് എന്തായാലും കച്ചവടത്തിനു ഗുണമാണ്. ഭാഗ്യം!
എന്നാൽ, ഇക്കുറി തങ്ങളുടെ ജാതകം തെളിയുമെന്ന് ബി.ജെ.പി. കോട്ടയായ ഭിൽവാഡയിലെ കോൺഗ്രസുകാർ ഉറച്ചുവിശ്വസിക്കുന്നു. കർഷകരും തുണിശാലയിലെ തൊഴിലാളികളും ഇത്തവണ കൈപ്പത്തിക്ക് കുത്തും. ഇടുങ്ങിയ ചായ്പിലെ കൂടിയാലോചനയ്ക്കിടെ അവർ പറഞ്ഞു. ‘‘പണ്ഡിറ്റുകൾ പലതും പറയും പക്ഷേ, ഭാവി നിർണയിക്കുക ജനങ്ങളാണ്. കാത്തിരുന്നു കാണാം.’’ -എൺപതുകഴിഞ്ഞ കർഷകൻ കിശോരിലാൽകാക്ക വിറയാർന്നതെങ്കിലും കനത്തശബ്ദത്തിൽ ഉറപ്പിച്ചുപറഞ്ഞു.