ബ്രാഹ്മണനെന്ന് സ്വയം പരിചയപ്പെടുത്തിയ ടാക്സി ഡ്രൈവർ അരവിന്ദ് ശർമയാണ് അൽവറിൽ ഏറ്റവുംനല്ല സസ്യാഹാരം കിട്ടുന്ന ഹോട്ടൽ കാട്ടിത്തന്നത് -പ്രേമപവിത്ര ഭോജനാലയം. മാനേജർ സീറ്റിൽ ഇരുന്ന ഹെഡ്‌ഗേവാർ മീശക്കാരന് ചിരിയില്ല. സപ്ലൈ ചെയ്യുന്നവർക്കും ചിരിയില്ല. പക്ഷേ, ഭക്ഷണം ഒന്നാന്തരം.
തിരിച്ചിറങ്ങുമ്പോൾ ‘പ്രേമപവിത്ര’ന്റെ ബോർഡ് ഒന്നുകൂടി വായിച്ചു. 1957-ൽ തുടങ്ങിയതാണ്. അതിനടിയിൽ ഇങ്ങനെ  എഴുതിയിരുന്നു. ‘ഞങ്ങളുടെ ലക്ഷ്യം -ഒരുരാജ്യം, ഒരുകൊടി, ഒരാത്മാവ്.’ ഒരു ഹോട്ടൽപോലും ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ‘സുന്ദരമായ ഈ കിണാശ്ശേരി’ തന്നെയാണ് രാജസ്ഥാനിലെ ആൾക്കൂട്ടക്കൊലകളുടെ ആസ്ഥാനവും. കൃത്യമായി പറഞ്ഞാൽ പെഹ്‌ലുഖാനിൽ തുടങ്ങിയ ഗോരക്ഷയുടെപേരിലുള്ള ആക്രമണങ്ങളുടെ കേന്ദ്രജില്ല. പ്രത്യക്ഷത്തിൽ സാത്വികവും ആന്തരികമായി അക്രമാസക്തവുമായ മതരാഷ്ട്രീയം ആധിപത്യംനേടിയിരിക്കുന്നു. അതിനെപ്പറ്റി തിരഞ്ഞെടുപ്പിൽ സംസാരിക്കാൻ തന്നെ ഒരു പാർട്ടിയും ഇഷ്ടപ്പെടുന്നില്ല.
റക്ബർ ഖാൻ കൊല്ലപ്പെട്ട രാംഗഢ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ സാഫിയാ സുബൈർ ഖാൻ അതേപ്പറ്റി സംവാദത്തിൽ പറഞ്ഞത് ഇങ്ങനെ: ‘‘നോക്കൂ, അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. അതേപ്പറ്റി ഞാൻ ഒന്നും പറയില്ല.’’ ബി.ജെ.പി.യുടെ സ്ഥാനാർഥി സുഖ്‌വന്ത് സിങ് കോപാകുലനായി: ‘‘തിരഞ്ഞെടുപ്പിൽ ഹിന്ദു-മുസ്‌ലിം വിഭജനം സൃഷ്ടിക്കാൻ വീണ്ടും ശ്രമിക്കുകയാണോ?’’ 
ഏതായാലും ബി.എസ്.പി. സ്ഥാനാർഥിയുടെ മരണംമൂലം ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ ഇവിടത്തെ എം.എൽ.എ. ജ്ഞാൻദേവ് അഹൂജ പരസ്യമായി ഈ ആക്രമണങ്ങളെ മുമ്പ് ന്യായീകരിച്ചയാളാണ്. അഹൂജയ്ക്ക് ഇത്തവണ ബി.ജെ.പി. സീറ്റ് കൊടുത്തില്ല. അതിനുകാരണം റക്ബർ ഖാന്റെ കൊലപാതകമല്ലെന്ന് അഹൂജ ആണയിടുന്നു. എന്തായാലും സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ഇദ്ദേഹത്തെ ഒറ്റദിവസംകൊണ്ട് പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാക്കി ബി.ജെ.പി. തൊഴുത്തിൽകെട്ടി.

 മനുഷ്യജീവനെക്കാൾ വലുത്

അൽവറിൽനിന്ന് 25 കിലോമീറ്ററേയുള്ളൂ ഹരിയാണ അതിർത്തിയിലുള്ള രാംഗഢിലേക്ക്. കഴിഞ്ഞ ജൂലായ് 21-നാണ് ഹരിയാണയിലെ മേവാത് സ്വദേശിയായ റക്ബർ ഖാൻ ചന്തയിൽനിന്നു വാങ്ങിയ പശുവുമായി പോകുമ്പോൾ ലാൽവണ്ടി എന്ന സ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഖാനെ ആശുപത്രിയിലെത്തിക്കുന്നതിനെക്കാൾ പോലീസ് ശുഷ്കാന്തി കാണിച്ചത് പശുക്കളെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിനായിരുന്നു. പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇയാൾ മരിച്ചു. പോലീസ് മൂന്നുയുവാക്കളെ അറസ്റ്റുചെയ്തു. പക്ഷേ, ഭൂരിപക്ഷജനപിന്തുണ ഇപ്പോഴും ഈ യുവാക്കൾക്കാണ് എന്നതാണ് വസ്തുത.
അതിനും ഒരു വർഷം മുമ്പ് പെഹ്‌ലുഖാൻ കൊല്ലപ്പെടുന്നതോടെയാണ് അൽവർ ആൾക്കൂട്ടക്കൊലകളുടെ പേരിൽ കുപ്രസിദ്ധമായത്. ജയ്‌പുരിൽനിന്ന് കാലികളുമായി വാഹനത്തിൽ വരുമ്പോൾ ഗോരക്ഷാപ്രവർത്തകർ അൽവറിൽ തടഞ്ഞുനിർത്തി ആക്രമിച്ചു കൊല്ലുകയായിരുന്നു. അനധികൃത കടത്താണെന്ന് പ്രതികൾ ആരോപിച്ചെങ്കിലും കച്ചവടക്കാരുടെ പക്കൽ രേഖകളുണ്ടായിരുന്നു. ഉമർഖാൻ മുഹമ്മദ്, തലിംഹുസൈൻ എന്നിവരും കാലികളുമായി പോകുമ്പോൾ ജില്ലയിൽ ആക്രമണത്തിൽ മരിച്ചവരാണ്. ഹരിയാണയിൽനിന്ന് മുസ്‌‌ലിം കാലിക്കച്ചവടക്കാർ രാജസ്ഥാനിലെത്തുന്നത് പതിവാണ്. എന്നാൽ, ഇത് കശാപ്പിനായി നിയമവിരുദ്ധമായി കൊണ്ടുപോകുന്നതാണ് എന്നാണ് ബി.ജെ.പി.യുടെ ആരോപണം. നിയമസഭയിൽ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ തന്നെ ആരോപണം ഉന്നയിച്ചു. കാലിക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ ഈ വർഷം ഓഗസ്റ്റ് 18 വരെ 12 കേസുകളെടുത്തിട്ടുണ്ട്. 
‘‘ഇപ്പോൾ കാലികളെ കടത്തുന്നത് കുറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള മുസ്‌ലിങ്ങൾക്ക് പേടി വന്നിട്ടുണ്ട്.’’ -നഗരത്തിലെ ആർ.എസ്.എസ്. പ്രവർത്തകനായ മനോഹർ വർമ പറയുന്നു. എന്നാൽ, സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിൽ വരുമോയെന്ന് അദ്ദേഹത്തിന് തീർച്ച പോരാ. ‘‘അൽവറിൽ മോദിജിയുടെ പൊതുയോഗത്തിന് ആളുകുറവായിരുന്നു.’’ -വർമ പറഞ്ഞു. അൽവറിലും സമീപജില്ലയായ ഭരത്പുരിലുമായി 17 സീറ്റുകളിൽ 15-ഉം കഴിഞ്ഞതവണ ബി.ജെ.പി.യാണ് നേടിയത്. ഇത്തവണ 13 സിറ്റിങ് എം.എൽ.എ.മാരെയും മാറ്റി. ഇതിനൊന്നും ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധമില്ല.

സവാള കരയിച്ചേക്കും

രജപുത്രരും മുസ്‌ലിങ്ങളും രാജസ്ഥാനിൽ എണ്ണത്തിൽ ഏതാണ്ട് തുല്യമാണ് -ഒന്പതു ശതമാനം. കഴിഞ്ഞതവണ നാലു മുസ്‌ലിങ്ങൾക്ക് സീറ്റ് നൽകിയ ബി.ജെ.പി. ഇത്തവണ ഒരാൾക്കേ നൽകിയിട്ടുള്ളൂ. കോൺഗ്രസിന് 15 മുസ്‌ലിം സ്ഥാനാർഥികളുണ്ട്. എന്നാൽ, സ്വതന്ത്രരായി ധാരാളം മുസ്‌ലിങ്ങൾ ഈ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് കോൺഗ്രസിനു ക്ഷീണം ചെയ്തേക്കും. ന്യൂനപക്ഷങ്ങൾ മറ്റുമാർഗമില്ലാതെ തങ്ങൾക്ക് വോട്ടുചെയ്യുമെന്ന ധാരണയിൽ ഗോരക്ഷാപ്രവർത്തകരുടെ ആക്രമണംപോലെ ഹിന്ദുക്കളെ ചൊടിപ്പിക്കുമെന്നു കരുതുന്ന വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷം.
പശുവിനെക്കാൾ സവാളയാണ് ബി.ജെ.പി.യെ അൽവറിൽ കരയിക്കുകയെന്ന് തോന്നുന്നു. ജയ്‌പുരിലേക്കുള്ള റോഡരികിലെ അക്ബർപുരിൽ തന്റെ ഒരു ബീഗാ നിലത്ത് കുടുംബസമേതം സവാളയുടെ വിളവെടുക്കുകയാണ് ഇമ്രാൻ. ‘‘കിലോയ്ക്ക് നാലോ അഞ്ചോ രൂപയേ കിട്ടുകയുള്ളൂ. നല്ല വിളവായതിനാൽ വിലയില്ല.’’ ഹരിയാണയിലെ ചന്തകളിൽ കൂടുതൽ വില കിട്ടുമെങ്കിലും ഗതാഗതച്ചെലവ് വഹിക്കാൻ ഇമ്രാനെപ്പോലുള്ളവർക്കു കഴിയില്ല.
അൽവർ ജില്ലയിലാണ് ഭാംഗർ കോട്ട. പ്രേതബാധയുള്ളതെന്ന വിശ്വാസത്തെ മാനിച്ച് വൈകുന്നേരങ്ങളിൽ  പുരാവസ്തു വകുപ്പുതന്നെ പ്രവേശനം നിഷേധിച്ചസ്ഥലം. അതുപോലെ ആരും സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു ഭൂതമായി ആൾക്കൂട്ടക്കൊലപാതകങ്ങൾ മാറി; അതിന്റെ അദൃശ്യസാന്നിധ്യം അറിഞ്ഞിട്ടും.

Content Highlight: Rajasthan politics election 2018