ന്യൂഡൽഹി: ഡിസംബർ ഏഴിനു നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും മത്സരിക്കും. ഇരുവരും തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾക്കിടെ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

സ്വന്തം മണ്ഡലമായ സർദാർപുരയിലാണ് ഗെഹ്‌ലോത് മത്സരിക്കുക. പൈലറ്റിന്റെ മണ്ഡലം തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അശോക് ഗെഹ്‌ലോതിന്റെയും ആവശ്യം കണക്കിലെടുത്താണ് മത്സരിക്കാൻ തയ്യാറായതെന്ന് പത്രസമ്മേളനത്തിൽ സച്ചിൻ പൈലറ്റ് പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി. നേതാവ് ഹരീഷ് മീണ കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ ചേരാനുള്ളവരുടെ നീണ്ടനിരയാണിപ്പോൾ ഉള്ളത്. അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അഞ്ചു സംസ്ഥാനങ്ങളിലും ഞങ്ങൾ നല്ല നിലയിലാണെന്നതിനാൽ ബി.ജെ.പി. ആശങ്കയിലാണ് -ഗെഹ്‌ലോത് പറഞ്ഞു.

രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കുള്ള മത്സരം ഡിസംബർ ഏഴിനു നടക്കും. 11-നാണ് വോട്ടെണ്ണൽ. 

മധ്യപ്രദേശിലും മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ല

നവംബർ 28-നു തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ട എന്നാണ് കോൺഗ്രസിന്റെ തീരുമാനം. പ്രമുഖനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് എന്നിവർ മത്സരിക്കുന്നില്ല. എന്നാൽ, മറ്റൊരു പ്രമുഖൻ അരുൺ യാദവ് ആണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേ ബുധിനി മണ്ഡലത്തിൽ മത്സരിക്കുന്നത്.

Content Highlights: Ashok Gehlot, Sachin Pilot, Rajasthan elections, Election 2018