ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മൂന്നു വട്ടം അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പുരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് മിന്നലാക്രമണം നടത്തിയത്. പാകിസ്താന് തിരിച്ചടി നല്‍കണമെന്നും അക്കാര്യം രഹസ്യമായിരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. അതനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. എന്നാല്‍ മോദി സൈന്യത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയും മിന്നലാക്രമണത്തിന് രൂപംകൊടുക്കുകയുമായിരുന്നു. സൈന്യം നടത്തിയ മിന്നലാക്രമണത്തെ മോദി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്തു- രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാ അറിവുകളും തന്നില്‍നിന്നാണ് വരുന്നതെന്നാണ് മോദി കരുതുന്നത്. സൈനിക രംഗത്തെക്കുറിച്ച് സൈന്യത്തേക്കാള്‍ നന്നായി തനിക്കറിയാമെന്ന് മോദി കരുതുന്നു. അതുപോലെ വിദേശകാര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയേക്കാള്‍ തനിക്കറിവുണ്ടെന്നും കൃഷിമന്ത്രിയേക്കാള്‍ കൂടുതല്‍ കാര്‍ഷിക മേഖലയെക്കുറിച്ച് അറിവുണ്ടെന്നുമാണ് മോദിയുടെ ധാരണ. ഒരു ഹിന്ദുവാണെന്ന് പറയുന്നുണ്ടെങ്കിലും മോദിക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നും അറിയില്ല. എന്തുതരം ഹിന്ദുവാണ് അദ്ദേഹം?- രാഹുല്‍ ഗാന്ധി ചോദിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ നിഷ്‌ക്രിയ ആസ്തി രണ്ട് ലക്ഷം കോടിയായിരുന്നെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് അത് 12 ലക്ഷം കോടിയായി ഉയര്‍ന്നു. ശരിയായ സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതങ്കില്‍ അടുത്ത 15-20 വര്‍ഷങ്ങള്‍ക്കൊണ്ട് ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: Indian Army, Surgical Strikes, Manmohan Singh, Rahul Gandhi