പെട്രോള്‍ വില വര്‍ധന, നോട്ട് നിരോധനം, കര്‍ഷകര്‍ക്ക് അനുകൂലമല്ലാത്ത നിലപാട്... ഇല്ല, അധികകാലം ഇന്ത്യന്‍ ജനതയെ ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് മുന്നറിയിപ്പു നല്‍കുകയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുഫലം. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ് ഇനിയും ജനത്തെ വശത്താക്കാന്‍ കഴിയില്ലെന്നാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികളിൽ നിന്ന് വ്യക്തമാകുന്നത്. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയര്‍ത്തുമെന്നും 2019ല്‍ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. 

ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. വിജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് മധ്യപ്രദേശിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നിലവില്‍ കോണ്‍ഗ്രസ്സാണ് മുന്നിട്ടു നില്‍ക്കുന്നത്. ചത്തീസ്ഗഡിലെ  വിധിയും രാജസ്ഥാന്‍ ഫലവും കോണ്‍ഗ്രസ്സിനൊപ്പം എന്ന് ഉറപ്പായ സ്ഥിതിക്ക് ഈ തോല്‍വികളുടെ ഉത്തരവാദിത്തവും മോദി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ജയം മാത്രമല്ല തോല്‍വിയും ഉത്തരവാദിത്തമാണെന്ന് മോദി  മനസ്സിലാക്കണം. 

ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മതേതര മനസ്സുകള്‍ മറ്റൊരിടത്ത് സംഘടിക്കുന്നുണ്ട്. അവര്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായി രംഗത്തുണ്ടെന്നും മോദിയും അമിത്ഷായും തിരിച്ചറിയണം. കോണ്‍ഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൂടി പരസ്യമായി വ്യക്തമാക്കിയ നിലയില്‍ നോട്ട നിരോധനാനന്തര ഇന്ത്യയില്‍ മോദിയുടെയും അമിത് ഷായുടെയും വഴികള്‍ എളുപ്പമാവില്ല

ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ 15 വര്‍ഷത്തെ ഭരണത്തില്‍ ഒട്ടനേകം ക്ഷേമ പദ്ധതികളാണ് ജനങ്ങളെ തേടിയെത്തിയത്. നവജാത ശിശുക്കള്‍, വിദ്യാര്‍ഥികള്‍, പുതിയ സംരഭകര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങീ വിവിധ പ്രായ പരിധിയിലുള്ളവരെയും വിവിധ മേഖലകളിലുള്ളവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ശിവരാജ് സിങ് ചൗഹാന്‍ ക്ഷേമ പദ്ധതികളാവിഷ്‌കരിച്ചത്. പദ്ധതികളിലൂടെ മാമാജി പരിവേഷവും സംസ്ഥാനത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു.  

സ്ത്രീകളുടെയും കര്‍ഷകരുടെയും യുവജനതയുടെയും വോട്ടുകള്‍ ഒപ്പം കൊണ്ടു നടക്കുന്നതില്‍ ശിവരാജ് സിങ് ചൗഹാന്റെ പദ്ധതികള്‍ വലിയ ഘടകമായിരുന്നു. എന്നിട്ടും ബിജെപിക്ക് കാലിടറിയെങ്കില്‍ ആ പാപഭാരം ശിവരാജ് സിങ്ങിന്റെ തലയിലിടുക വയ്യ. തോല്‍ക്കുകയാണെങ്കില്‍ ഉത്തരവാദി ശിവരാജ് സിങ് ആയിരിക്കും എന്നാണ് ചില ബിജെപി നേതാക്കള്‍ വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലെല്ലാം മിന്നല്‍ പോലെ നരേന്ദ്ര മോദി ഉണ്ടായിരുന്നതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പ് വിധി മോദിക്കുള്ള മുന്നറിയിപ്പു കൂടിയാണ്. 

തിരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്തേക്ക് നടന്ന ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുടെ മാര്‍ച്ചില്‍ നിന്ന് ബിജെപി ഇനിയും പഠിച്ചില്ലെങ്കില്‍ 2019ല്‍ വിയര്‍ക്കുക തന്നെ ചെയ്യും. 

content highlights: Rajasthan Chattisgarh Madhyapradesh election result an alarm to Modi reign