ഭോപ്പാല്‍/ഐസോള്‍: മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം മധ്യപ്രദേശും മിസോറമും ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.

ഭരണത്തില്‍ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും കളത്തിലുണ്ട്. 230 അംഗ നിയമസഭയിലേക്ക് 2907 പേരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭാര്യാസഹോദരന്‍ സഞ്ജയ് സിങ് മസാനി തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. 

തുടര്‍ച്ചയായ മൂന്നാംവട്ട ഭരണമാണ് മിസോറമില്‍ കോണ്‍ഗ്രസ് തേടുന്നത്. മുന്‍ മുഖ്യമന്ത്രി സോറാംതാംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ടില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഇവിടെ നേരിടുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. 40 അംഗ നിയമസഭയിലേക്ക് 209 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 34, എംഎന്‍എഫ് അഞ്ച്, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഒന്ന് എന്നിങ്ങനെയാണ് 2013ലെ കക്ഷിനില.

Content Highlights: polling in Madhya Pradesh and Mizoram, Election 2018