ന്യൂഡല്‍ഹി: പല രീതിയിലുള്ള അഴുമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ നിയസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മിസോറാമില്‍ അഴിമതി നിര്‍മാര്‍ജനം പ്രഖ്യാപിത ലക്ഷ്യമാക്കി ദൈവത്തെ കൂട്ടുപിടിച്ച്‌ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. സോറം താര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാര്‍ട്ടിയും മത്സരരംഗത്തുണ്ട്‌.

പുതിയ മിസോറാം എന്നാണ് സോറം താര്‍ എന്ന പേര് അര്‍ഥമാക്കുന്നത്‌. ദൈവത്തിന്റെ പേരിലാണ് പര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സോറം താര്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സയ്ഷാവ്‌ന ഹല്‍വാണ്ടോ എന്ന സുവിശേഷകനാണ് പാര്‍ട്ടിയുടെ സ്ഥാപകനും പ്രസിഡന്റും. 55 കാരനായ ഈ സുവിശേഷകന്‍ തന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വ്യക്തമാക്കുന്നത് യേശുവാണ് ഈ പാര്‍ട്ടിയെ നയിക്കുന്നത് എന്നാണ്.

സോറം താറിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രമുഖര്‍ സയ്ഷാവ്‌ന ഹല്‍വാണ്ടോയും രണ്ട് മക്കളുമാണ്. ബ്രിട്ടണില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ ഹല്‍വാണ്ടോയുടെ മക്കളായ ലാല്‍ഹ്രില്‍സേലിയും ലാല്‍റുവാത്‌ഫേലിയും തെരഞ്ഞെടുപ്പ് വേദികളില്‍ സജീവമാണ്. മൂന്ന് പേരും സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ വീതം മത്സരിക്കുന്നുണ്ട്. ഐസ്വാള്‍ വെസ്റ്റ് 1 സെര്‍ച്ചിപ്പ് എന്നീ മണ്ഡലങ്ങളില്‍ മിസോറാം മുഖ്യമന്ത്രി ലാല്‍ തന്ഹാവ്‌ലയ്‌ക്കെതിരെയാണ് ഹല്‍വാണ്ടോയുടെ പോരാട്ടമെന്നതും ശ്രദ്ധേയമാണ്.

സോറം താര്‍ എന്ന പാര്‍ട്ടി മിസോറാമില്‍ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല എന്നതാണ് മറ്റൊരു വസ്തുത. 1994ല്‍ മറ്റൊരു സുവിശേഷകനായ റവ വി.എല്‍ നിതംങയാണ് സോറം താര്‍ എന്ന പേരില്‍ ആദ്യമായി പാര്‍ട്ടി സ്ഥാപിക്കുന്നത്. എന്നാല്‍ മിസോറാം രാഷ്ടീയത്തില്‍ സാന്നിധ്യമറിയിക്കാന്‍ പോലുമാകാതെ പര്‍ട്ടി ഇല്ലാതാവുകയായിരുന്നു. 2016 ഫെബ്രുവരിയിലാണ് അതേ പേരില്‍ ഇപ്പോഴത്തെ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. 

സോറം താര്‍ ഒരു പാര്‍ട്ടി അല്ലെന്നും മിസോറാമിലെ മലിനമായ രാഷ്ട്രീയത്തെയും അഴിമതിയെയും തുരത്താന്‍ ദൈവത്വത്തിനും ബൈബിള്‍ വചനങ്ങള്‍ക്കും മാത്രമേ കഴിയു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണെന്നും ലാല്‍റുവാത്‌ഫേലി ഇന്ത്യാ ടുഡെയുമായുള്ള അഭിമുഖത്തില്‍ പറയുന്നു. ദൈവത്തിന് മാത്രമേ ജാനാധിപത്യത്തെ നന്നാക്കാന്‍ കഴിയു എന്നും ലാല്‍റുവാത്‌ഫേലി വിശ്വസിക്കുന്നു. 

മിസോറാമിന്റെ അഴിമതി രാഷ്ട്രീയം ജനങ്ങളുടെ വികസനത്തെ ഇല്ലാതാക്കുന്നു. ധൈര്യവും ദൈവഭയവുമുള്ള യുവാക്കള്‍ക്ക് മാത്രമേ ഇതിനെ ഇല്ലാതാക്കാന്‍ കഴിയു. ആ തിരിച്ചറിവ് ഉണ്ടായതിനെ തുടര്‍ന്നാണ് ബ്രിട്ടനിലെ ജോലി ഉപേക്ഷിച്ച് താന്‍ മിസോറാം രാഷ്ട്രീയത്തില്‍ സജീവമായതെന്നും ലാല്‍റുവാത്‌ഫേലി ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.

content highlights:  Zoram Thar- The Party of God in Mizoram assembly election