ഐസ്വാള്‍: മിസോറം നിയസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. നവംബര്‍ 28ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ കോണ്‍ഗ്രസ് പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍ ലാല്‍റിനവ്മയ്ക്കാണ് ഹിഫേയി രാജി സമര്‍പ്പിച്ചത്. ഹിഫേയി ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

മിസോറമിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഹിഫേയി. പാലക് നിയസഭ മണ്ഡലത്തില്‍ നിന്നാണ് ഹിഫേയി നിയമസഭയിലേക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനമാണ് മിസോറാം.

ആകെയുള്ള നാല്‍പ്പത് നിയസഭാ സീറ്റുകളില്‍ 34 ഉം കോണ്‍ഗ്രസിനാണ്. ബി.ജെ.പിക്ക് ഒരു നിയസഭാംഗം പോലുമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറം. തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണ് ബി.ജെ.പി.

content highlights: Mizoram Speaker Hiphei resigns from Congress, joins BJP