ന്യൂഡല്‍ഹി: പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മിസോറാമില്‍ അക്കൗണ്ട് തുറക്കാനായതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി. നേരത്തെ അഞ്ച് സീറ്റില്‍വരെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് ഒന്നില്‍കൂടുതല്‍ സീറ്റുകളില്‍ ഒരിക്കല്‍പ്പോലും മുന്നിലെത്താനായില്ല. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ തുയ്ചവാങ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ബുദ്ധധാന്‍ ചാക്മ ലീഡ് നിലനിര്‍ത്തിയത് പാര്‍ട്ടിക്ക് ആശ്വാസമായി. 

മിസോറം നാഷണല്‍ ഫ്രണ്ടിന്റെ രാസിക് മോഹന്‍ ചാക്മയെ ഏറെ പിന്നിലാക്കിയാണ് ബി.ജെ.പി സംസ്ഥാനത്തെ ആദ്യവിജയം നേടിയത്. ഇതോടൊപ്പം കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായതും ബി.ജെ.പിക്ക് ആശ്വാസം പകരുന്നു. 2013-ലെ തിരഞ്ഞെടുപ്പില്‍ 0.37 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ തങ്ങളുടെ വോട്ടുവിഹിതം 7.9 ശതമാനമായി ഉയര്‍ത്താനായി. എന്നാല്‍, ഭൂരിപക്ഷംനേടി ഭരണത്തിലേറിയ എം.എന്‍.എഫിന്റെ വോട്ടുവിഹിതത്തില്‍ നേരിയ കുറവുണ്ടായി. 

40 അംഗനിയമസഭയില്‍ 26 സീറ്റുകള്‍ നേടിയാണ് എം.എന്‍.എഫ് മിസോറാമില്‍ അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 34 സീറ്റില്‍നിന്ന് അഞ്ച് സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി ലാല്‍ തന്‍ഹവാല രണ്ടിടത്തും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. മിസോറാമിലെ തോല്‍വിയോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന് ഭരണമില്ലാതാവുകയും ചെയ്തു. 

Content Highlights: mizoram election result 2018 bjp gets their maiden victory in assembly election