ഐസോൾ: മിസോറമിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരേ (സി.ഇ.ഒ.) ജനം തെരുവിലിറങ്ങി. തലസ്ഥാനമായ ഐസോളിൽ ജനജീവിതം സ്തംഭിച്ചു. കടകളും സ്കൂളുകളും ഓഫീസുകളും ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. സി.ഇ.ഒ. എസ്.ബി. ശശാങ്കിന്റെ ഓഫീസിനുമുന്നിൽ ആയിരക്കണക്കിന്‌ ജനങ്ങളാണ്‌ പ്രതിഷേധിച്ചത്. മമിത് പട്ടണത്തിൽ സർക്കാർ ജീവനക്കാരും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ആഭ്യന്തരസെക്രട്ടറിയെ നീക്കിയ തിരഞ്ഞെടുപ്പുകമ്മിഷന്റെ നടപടിയാണ്‌ സി.ഇ.ഒ.ക്കെതിരേ ജനങ്ങൾ തിരിയാൻ കാരണം. ആഭ്യന്തരസെക്രട്ടറി ലാൽനൻമാവിയ ചുവാങ്കോ തിരഞ്ഞെടുപ്പുപ്രക്രിയയിൽ ഇടപെടുന്നുവെന്ന്‌ സി.ഇ.ഒ. എസ്.ബി. ശശാങ്ക് കമ്മിഷനോട് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു കമ്മിഷന്റെ നടപടി.
സാഹചര്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷൻ മൂന്നംഗസംഘത്തെ നിയോഗിച്ചു. വിവിധ പൗരസമിതികളുമായി ഇവർ കൂടിക്കാഴ്ച നടത്തും.
സി.ഇ.ഒ.യെ നീക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ലാൽ 
തൻഹാവ്‌ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്തെഴുതിയിരുന്നു. ജനങ്ങൾക്ക്‌ സി.ഇ.ഒ. എസ്.ബി. ശശാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായാണ് അദ്ദേഹം കത്തിൽ പറഞ്ഞത്.
നാല്പതംഗ നിയമസഭയിലേക്ക് ഈമാസം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ സംസ്ഥാനത്ത്‌ സ്ഥിതി കലുഷമാകുന്നത്.