ഭോപ്പാല്‍: മധ്യപ്രദേശിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനേക്കാള്‍ വോട്ടുകള്‍ ലഭിച്ചിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നത് അംഗീകരിക്കുന്നു. അതിനാല്‍ അവകാശവാദം ഉന്നയിക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. ഇരുസര്‍ക്കാരുകളും ജനങ്ങള്‍ക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തന്റേതാണ്. ചിലപ്പോള്‍ തനിക്കെന്തെങ്കിലും ന്യൂനത ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: We got more votes than Congress but won less number of seats: Shivraj Singh Chouhan