ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരന്‍ ലിയോ ടോള്‍ സ്‌റ്റോയിയുടെ വാക്കുകള്‍ കടമെടുത്ത് മധ്യപ്രദേശില്‍ മുഖ്യമന്ത്രി കസേരയക്കായുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം. ക്ഷമയും സമയവുമാണ് രണ്ട് ശക്തരായ യോദ്ധാക്കള്‍ളെന്ന ടോള്‍സ്‌റ്റോയിയുടെ വാക്കുള്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യയുയേയും കമല്‍നാഥിനേയും ഒപ്പം നിര്‍ത്തിയുള്ള ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തത് ചര്‍ച്ചവിഷയമാകുകയാണ്. 

മുഖ്യമന്ത്രിയായി കമല്‍നാഥ് വരാനുള്ള സൂചനയാണ് രാഹുലിന്റെ ട്വീറ്റെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യുവാവായ സിന്ധ്യക്ക് ഇനിയും സമയമുണ്ട്. അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നാണ് രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കുന്നതെന്നും പറയുന്നു. 

മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇരുനേതാക്കളുമായും ചര്‍ച്ച നടക്കുന്നതിനിടയിലാണ് രാഹുലിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക്‌ പ്രകടനവും നടന്നു. പി.സി.സി പ്രസിഡന്റ് കമല്‍നാഥ് മുഖ്യമന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങിന്റെ പിന്തുണയും കമല്‍നാഥിനാണ്.

Content Highlights: Rahul Gandhi tweet, Leo Tolstoy, madhyapradesh