ക്ഷീണിച്ച കോണ്‍ഗ്രസായിരുന്നു മായാവതി കണ്ട സ്വപ്നം. പക്ഷം ഫലം വന്നപ്പോള്‍ ക്ഷീണിച്ചത് ബിഎസ്പി. രാജസ്ഥാനില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതൊഴിച്ച് നിര്‍ത്തിയാല്‍ ബിഎസ്പിക്ക് കാര്യമായ റോളില്ലാതായി. മായാവതി മനസ്സില്‍ കണ്ട വിശാലപദ്ധതിയാണ് അമ്പേ പാളിയത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഈ മൂന്നു സംസ്ഥാനത്തും കിട്ടരുത് എന്നായിരുന്നു മായാവതിയുടെ കണക്കകൂട്ടല്‍. മൂന്നിടത്തും ബിഎസ്പി നിര്‍ണായക ശക്തിയാകുക. അതുവഴി വിലപേശാം എന്ന കണക്ക് പിഴച്ചു. ഒടുവില്‍ കോണ്‍ഗ്രസ്  ചോദിക്കാതെ തന്നെ മധ്യപ്രദേശില്‍ പിന്തുണക്കേണ്ട ഗതികേടുണ്ടായി. 

മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചതാണ്. ചമ്പല്‍ മേഖലയില്‍ ബിഎസ്പിക്കുള്ള സ്വാധീനം കണക്കിലെടുത്ത് 20 സീറ്റ് ഏറിയാല്‍ 25 സീറ്റ് വരെ കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ 50 സീറ്റ് എന്ന കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യമാണ് മായാവതി മുന്നോട്ടുവച്ചത്. മായാവതി ഒരു പക്ഷേ ആഗ്രഹിച്ചതും സഖ്യം യാഥാര്‍ഥ്യമാകരുത് എന്ന് തന്നെയായിരിക്കും. പക്ഷേ ഫലം വന്നപ്പോള്‍ ബിഎസ്പിക്ക് അഞ്ച് ശതമാനം വോട്ടും രണ്ട് സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 6.29 ശതമാനം വോട്ടും നാല് സീറ്റുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പ് പരിശോധിച്ചാലും ബിഎസ്പിക്ക് വോട്ട് കുറഞ്ഞു കുറഞ്ഞു വരുകയാണെന്ന് കാണാനാകും. 

ഭൂരിപക്ഷം തികയ്ക്കാന്‍ രണ്ട് പേരുടെ കുറവുണ്ടെങ്കിലും മധ്യപ്രദേശില്‍ സ്വതന്ത്രരായി ജയിച്ച പാര്‍ട്ടി വിമതന്മാരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ ബിഎസ്പിക്ക് കോണ്‍ഗ്രസിനെ പിന്തുണക്കുകയല്ലാതെ വേറെ മാര്‍ഗമില്ലാതായി. ഒരു മന്ത്രിസ്ഥാനം പോലും ചോദിക്കാനുള്ള വിലപേശല്‍ ശേഷി ഇല്ലാതായി. എസ്പിയും പിന്തുണ വാഗ്ദാനം ചെയ്തു. ദ്വിഗ് വിജയ് സിങ്ങിന്റെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിഎസ്പി കോണ്‍ഗ്രസിനെ നേരത്തെ കൈവിട്ടത്. 

mayawati

ചത്തീസ്ഗഢിലാണ് ബിഎസ്പിക്ക് കൂടുതല്‍ പിഴച്ചത്. അവിടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജയിക്കുമെന്ന് മായാവതിയോ ജോഗിയോ കണക്ക് കൂട്ടിയിരുന്നില്ല. പക്ഷ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ജോഗിയുമായി കൂട്ടുചേര്‍ന്നിട്ട് ബിഎസ്പിക്ക് രണ്ട് സീറ്റ് കിട്ടിയപ്പോള്‍ അതില്‍ ഒന്നില്‍ ജയിച്ചത് ജോഗിയുടെ മരുമകളാണ്. ജോഗിയുടെ പാര്‍ട്ടിക്ക് അഞ്ച് പേരെ ജയിപ്പിക്കാനായി. കഴിഞ്ഞ തവണ 4.27 ശതമാനം വോട്ടും ഒരു സീറ്റുമായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം.

രാജസ്ഥാനിലാണ് ബിഎസ്പി മാനം രക്ഷിച്ചത്. ആറ് സീറ്റ് നേടാന്‍ പാര്‍ട്ടിക്കായി. കഴിഞ്ഞ തവണ മൂന്നു സീറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ വോട്ട് വിഹിതത്തില്‍ 0.63 ശതമാനത്തിന്റെ മാത്രം വര്‍ധനവെ ഉണ്ടായുള്ളൂ. അവിടെയും കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിന് ഒരാളുടെ മാത്രം കുറവെ ഉണ്ടായുള്ളൂ. സ്വതന്ത്രരായി ജയിച്ചവരില്‍ 13 പേരും കോണ്‍ഗ്രസ് വിമതരാണ്. ഇവരുമായി നേതൃത്വം ചര്‍ച്ച നടത്തി ഭൂരിഭാഗം പേരുടെയും പിന്തുണ ഉറപ്പാക്കി. അതോടെ അവിടെയും ബിഎസ്പിക്ക് റോളില്ലാതായി.

പ്രബല ശക്തിയല്ലാതിരുന്നിട്ടും കര്‍ണാടക സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടിയതോടെയാണ് മായാവതി കൂടുതല്‍ പ്രതീക്ഷകള്‍ വന്നത്. രാഹുലിന്റെ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയിരുന്നെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വിശാല സഖ്യത്തിന്റെ പ്രധാന മുഖമായി മമതയ്‌ക്കൊപ്പം നില്‍ക്കാനുള്ള മായാവതിയുടെ പദ്ധതിക്കും കോട്ടം തട്ടി. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് നിന്ന മായാവതി കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനും എത്താതെ മാറിനിന്നു. പക്ഷേ പുതിയ സാഹചര്യത്തില്‍ വിശാലസഖ്യത്തിനൊപ്പം ചേരാതെ മാറിനിന്നാല്‍ അത് ബിഎസ്പിയുടെ നിലനില്‍പിന് ഭീഷണിയാകുമെന്ന യാഥാര്‍ഥ്യവും മായാവതിക്ക് മുന്നിലുണ്ട്.

Content Highlights:  Congress Victory, Set back to BSP, Mayawati