അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവുമെന്ന് കരുതപ്പെടുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു കോടിയോളം വരുന്ന വോട്ടർമാർ ബുധനാഴ്ച വിധിയെഴുതും. ഭരണവിരുദ്ധവികാരം മുതലെടുക്കാൻ കോൺഗ്രസും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രിയത ആയുധമാക്കാൻ ബി.ജെ.പി.യും ശ്രമിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലം അവസാനിച്ചത് ഇരുകൂട്ടരും വ്യക്തിഗത ആരോപണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതു കണ്ടുകൊണ്ടാണ്.

നോട്ടുനിരോധനവും ജി.എസ്.ടി.യും കാരണം ചെറുകിട വ്യാപാരികൾക്കുണ്ടായ ദുരിതവും കാർഷികപ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് മുഖ്യതിരഞ്ഞെടുപ്പു വിഷയങ്ങളെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറയുന്നു. ഒരു രാജാവും(ദിഗ്‌വിജയ് സിങ്)  മഹാരാജാവും (ജ്യോതിരാദിത്യസിന്ധ്യ) വ്യവസായ പ്രമുഖനും (കമൽനാഥ്) നയിക്കുന്ന പാർട്ടിക്ക് എങ്ങനെയാണ് ജനകീയവിഷയങ്ങൾ പരിഹരിക്കാനാവുകയെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടു നടത്തിയ റാലിയിൽ മുഖ്യമന്ത്രി ശിവരാജ് സിങ്‌ ചൗഹാന്റെ ചോദ്യം. കർഷകപുത്രനെന്ന പ്രതിച്ഛായ സ്വയം എടുത്തണിഞ്ഞ ചൗഹാൻ ദരിദ്രർ മാത്രം താമസിക്കുന്ന ജയ്ത്ത് ഗ്രാമത്തിലെ ഏക കോടീശ്വരനാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മറുപടി നൽകുകയും ചെയ്തു.

പതിനഞ്ചുവർഷത്തെ ബി.ജെ.പി. ഭരണത്തിനെതിരേ കർഷകർക്കും ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടായി മാറിയാൽ ഭരണമാറ്റം അനായാസമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ അസംതൃപ്തരാണെങ്കിലും സൗമ്യനും ജനകീയനുമായ മുഖ്യമന്ത്രി ചൗഹാനെതിരായ വികാരമായി അതു മാറിയിട്ടില്ലെന്നതാണ് ബി.ജെ.പി.ക്ക്‌ ആശ്വാസംപകരുന്നത്. ബി.ജെ.പി.ക്ക്‌ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ 2014-നുശേഷം നടന്ന എല്ലാ തിരഞ്ഞടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് പ്രചാരണത്തിൽ ഉയർത്തിക്കാണിച്ചിരുന്നതെങ്കിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്ന ഒറ്റ വ്യക്തിയിൽ പ്രചാരണം കേന്ദ്രീകരിക്കാൻ ബി.ജെ.പി. തീരുമാനിച്ചതും അതുകൊണ്ടുതന്നെ.  

മറുവശത്താകട്ടെ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇനിയും പ്രതിപക്ഷത്തിരിക്കാനാവില്ലെന്ന തിരിച്ചറിവിൽ ചേരിപ്പോരിന് വിരാമമിട്ടിട്ടുണ്ടെങ്കിലും സ്ഥാനാർഥികളെ പതിവുപോലെ ഉന്നതനേതാക്കൾ പങ്കിട്ടെടുക്കുകയായിരുന്നു. കമൽനാഥിൽനിന്ന് തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാൻ സിന്ധ്യയ്ക്കും ദിഗ്വിജയ് സിങ്ങിനും കഴിഞ്ഞു. മത്സരരംഗത്തുനിന്നും പ്രചാരണരംഗത്തുനിന്നും മാറിനിൽക്കുന്ന ദിഗ്വിജയിന്റെ മകനും സഹോദരനും അനന്തരവനും സ്ഥാനാർഥികളാണ്. ബി.ജെ.പി. സ്ഥാനാർഥികളിൽ 25 പേർ ഉന്നതനേതാക്കളുടെ മക്കളാണ്. 17 പേർ അടുത്ത ബന്ധുക്കളും. ടിക്കറ്റ് കിട്ടാതെപോയ പലരും വിമത സ്ഥാനാർഥികളായി രംഗത്തുമുണ്ട്. 

ഹിന്ദുവിരുദ്ധപാർട്ടിയെന്ന ബി.ജെ.പി.യുടെ ആരോപണം മറികടക്കാൻ കോൺഗ്രസ് മൃദുഹിന്ദു നയങ്ങൾ എടുത്തണിഞ്ഞ തിരഞ്ഞെടുപ്പിൽ ജാതിസമവാക്യങ്ങൾ തന്നെയാവും അന്തിമമായി തിരഞ്ഞെടുപ്പുഫലത്തെ നിർണയിക്കുക. 230 അംഗസഭയിൽ 34 സീറ്റ് പട്ടികജാതിക്കും 41 സീറ്റ് പട്ടികവർഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്. പൊതുവിഭാഗത്തിലുള്ള സീറ്റുകളിൽ 39 ശതമാനം ഒ.ബി.സി. വിഭാഗത്തിനാണ് ബി.ജെ.പി. നൽകിയിട്ടുള്ളത്. 24 ശതമാനം ഠാക്കൂറുകൾക്കും 23 ശതമാനം ബ്രാഹ്‌മണർക്കും നൽകി. കോൺഗ്രസ് ആകട്ടെ 40 ശതമാനത്തോളം സീറ്റ് ഒ.ബി.സി.ക്ക്‌ നൽകി. 27 ശതമാനം ഠാക്കൂറുകൾക്കും 23 ശതമാനം ബ്രാഹ്‌മണർക്കും നീക്കിവെച്ചു. താഴ്ന്നജാതിക്കാരെ പിണക്കാതെ സവർണരെ പ്രീണിപ്പിക്കാനുള്ള ഞാണിൻമേൽക്കളിയാണ് ഇരുകക്ഷികളും നടത്തുന്നത്.

1

സവർണരുടെയും ഒ.ബി.സി. വിഭാഗത്തിന്റെയും പിന്തുണ നേരത്തേയുണ്ടായിരുന്ന ബി.ജെ.പി. പട്ടികജാതി-വർഗ വോട്ടർമാർക്കിടയിലും സ്വാധീനമുറപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്. സംഘപരിവാറിന്റെ വനവാസി കല്യാൺ ആശ്രമത്തിന്റെ പ്രവർത്തനങ്ങളിലൂടെയായിരുന്നൂ ആദിവാസി മേഖലയിൽ ബി.ജെ.പി.യുടെ കടന്നുകയറ്റം. സമസ്തവിഭാഗങ്ങളിലുമുള്ള ശക്തമായ സംഘടനാസംവിധാനമാണ് ഇപ്പോഴും ബി.ജെ.പി.യുടെ ബലം. തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുമാത്രം സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ കമൽനാഥിന് സംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടത്ര സമയം കിട്ടിയിട്ടില്ല. 
ദേശീയകക്ഷികളായ ബി.ജെ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ജാതിസംവരണത്തെയും പട്ടികജാതി-വർഗ പീഡനം തടയുന്നതിനുള്ള നിയമത്തെയും എതിർത്തുകൊണ്ട് സവർണർ രൂപം നൽകിയ സാമാന്യ, പിച്ചഡ, അല്പസംഖ്യക്, വർഗ് അധികാരി കർമചാരി സൻസ്ഥ (സപാക്സ്) മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും പ്രവർത്തനം കാര്യമായില്ല. 208 സീറ്റിൽ മത്സരിക്കുന്ന ആംആദ്മി പാർട്ടി പ്രചാരണത്തിൽ സജീവമാണെങ്കിലും ഫലത്തെ സ്വാധീനിക്കാൻ അവർക്കാകില്ല. എന്നാൽ, 227 സീറ്റിൽ മത്സരിക്കുന്ന ബി.എസ്.പി.ക്കും 51 സീറ്റിൽ മത്സരിക്കുന്ന എസ്.പി.ക്കും ചില മണ്ഡലങ്ങളിലെങ്കിലും ജയപരാജയം നിർണയിക്കാനാവും.   

തിരഞ്ഞെടുപ്പ് നിയമസഭയിലേക്കാണെങ്കിലും ദേശീയവിഷയങ്ങളാണ് മധ്യപ്രദേശിലെ മുഖ്യ ചർച്ചാവിഷയങ്ങളെന്നതുകൊണ്ട് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തൽകൂടിയാണ് ബുധനാഴ്ചത്തെ വോട്ടെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസിന് മധ്യപ്രദേശിൽ ജയിച്ചേ തീരൂ. ഹിന്ദി ഹൃദയഭൂമിയിൽനിന്നു കിട്ടിയ സീറ്റുകളാണ് ബി.ജെ.പി.യെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചത് എന്നതുകൊണ്ട് മധ്യപ്രദേശ് നഷ്ടമായാൽ അത് ബി.ജെ.പി.ക്ക്‌ കനത്തപ്രഹരമാവുകയും ചെയ്യും. ഡിസംബർ 11-നാണ് വോട്ടെണ്ണൽ.

Content Highlights: Madhyapradesh Election 2018, Congress, BJP