ചിന്ദ്വാര: ഗോസംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ ഗോസംരക്ഷകരായി ഭാവിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ഗോക്കളെ പരസ്യമായി അറുത്ത് ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് പറയുകയാണെന്നും മോദി ആരോപിച്ചു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം.

നുണ പറയുന്നതില്‍ മിടുക്കരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ ഗാന്ധി ഗോസംരക്ഷണ വിഷയത്തിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. ഗോസംരക്ഷണത്തിന്റെ കാര്യം പറഞ്ഞ് മധ്യപ്രദേശിലെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിനായി നിലകൊള്ളുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്. ഇതേ കോണ്‍ഗ്രസിന്റ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ ഒരു പശുക്കുട്ടിയെ പരസ്യമായി അറുത്ത് ഗോവധ നിരോധന നിയമത്തിനെതിരെ പ്രതിഷേധിച്ചതെന്നും മോദി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിന്റെ ജന്മനാട്ടില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തെ പേരെടുത്ത് വിമര്‍ശിക്കാനും മോദി മറന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അഴിമതിക്കാരായാലും ക്രിമിനലുകളായാലും പ്രശ്‌നമില്ലെന്നും വിജയ സാധ്യത മാത്രമാണ് മാദണ്ഡമെന്നും കമല്‍ നാഥ് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ മോദി അത്തരം ആളുകളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ടേ എന്നും ചോദിച്ചു. 

230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28 നാണ് നടക്കുന്നത്. 2003 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്.

content highlights: Modi accuses Congress of having double standards on cow protection