വേനലെത്തുംമുമ്പേ വരണ്ടു കിടക്കുന്ന ബുന്ദേൽഖണ്ഡിന്റെ വിജനവിശാലത താണ്ടിയാണ് കട്‌നി വഴി ബാന്ധവ്ഗഢ് കടുവസങ്കേതത്തിലെത്തുന്നത്. കൊയ്ത്തുകഴിഞ്ഞ നെൽവയലുകൾകൂടി പിന്നിടണം പ്രശസ്തമായ കനാ ദേശീയോദ്യാനത്തിലെത്താൻ. നിബിഡവനമാണ് കന. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കടുവ സങ്കേതങ്ങളിലൊന്ന്. ജംഗിൾബുക്ക് എഴുതാൻ റഡ്‌യാഡ് കിപ്ലിങ് മാതൃകയാക്കിയത് മധ്യേന്ത്യയിലെ ഈ കൊടുംകാടിനെയാണത്രേ.കനായിൽ കടുവകളെയൊന്നും കണ്ടില്ല. പക്ഷേ, കാട്ടിനുള്ളിൽ അങ്ങോളമിങ്ങോളം സുരക്ഷാ ഭടന്മാരുണ്ടായിരുന്നു. തോക്കുമായി ജാഗരൂകരായാണവരുടെ നിൽപ്. ബാലാഘാട്ടിലെത്തുംമുമ്പേ വിവരം കിട്ടി. മാവോവാദികളും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഒരു മാവോവാദിയെ കൊന്നു. കൂടെയുണ്ടായിരുന്ന ആറുപേർ രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിലാണ്. ഒറ്റനോട്ടത്തിൽ സ്വകാര്യ വാഹനമാണെന്നു തോന്നിക്കുന്ന കാറിലും ബസിലുമൊക്കെയാണ് പോലീസും അർധസൈനികരും സഞ്ചരിക്കുന്നത്.

മാവോവാദിയാക്രമണം ഭയന്ന് ഇവിടെ ഭടന്മാരും ഉദ്യോഗസ്ഥരും ഔദ്യോഗിക മുദ്രകളുള്ള വാഹനങ്ങൾ ഉപയോഗിക്കാറില്ല. മധ്യപ്രദേശിൽ ശക്തമായ മാവോവാദി സാന്നിധ്യമുള്ള ഏക ജില്ലയാണ് ഛത്തീസ്ഗഢുമായും മഹാരാഷ്ട്രയുമായും അതിർത്തിപങ്കിടുന്ന ബാലാഘാട്ട്. ഏറ്റുമുട്ടൽ നടന്ന ഗോദ്രിക്കടുത്തുള്ള ദേവർവാലിയിൽ ആദിവാസികളുടെ പഞ്ചായത്തു നടക്കുന്നുണ്ട്. കൊല്ലപ്പെട്ട മാവോവാദിയുടെ മെലിഞ്ഞശരീരത്തിന്റെ ദൃശ്യം അപ്പോഴും ടെലിവിഷൻ സ്‌ക്രീനുകളിലുണ്ടായിരുന്നെങ്കിലും യോഗത്തിനെത്തിയവരാരും അത് അറിഞ്ഞ മട്ടില്ല.

‘‘എന്റെ വീട് വനംവകുപ്പുകാർ പൊളിച്ചു. വീണ്ടുമൊരു കുടിലുകെട്ടിയപ്പോൾ അതും പൊളിച്ചു. ചോദ്യം ചെയ്ത എന്നെ അവർ തോക്കിന്റെ പാത്തികൊണ്ട് തല്ലിച്ചതച്ചു. ഞങ്ങളുടെ മണ്ണാണിത്. ഇതുവിട്ട് എവിടെയും പോകില്ല.’’ -യോഗം തുടങ്ങുമുമ്പുതന്നെ ലാലൻ ബേഗാ കൈയിലെയും കാലിലെയും മുറിപ്പാടുകൾ കാണിച്ചുകൊണ്ടു രോഷംകൊണ്ടു. മേലാകെ പച്ചകുത്തിയ ശരീരത്തിൽ അവിടവിടെ ഇനിയുമുണങ്ങിയിട്ടില്ലാത്ത മുറിവിന്റെ ചുവപ്പുനിറം. നിലമുഴാതെ പുനംകൃഷി നടത്തി ജീവിക്കുന്ന ബേഗാ ഗോത്രത്തിൽപ്പെട്ടയാളാണ് ലാലൻ. ചാമപോലുള്ള കോതുവാണ് പ്രധാന വിള. കൊടുംകാട്ടിനുള്ളിലായിരുന്നു അവരുടെ ഗ്രാമങ്ങൾ. കടുവ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് മിക്കഗ്രാമങ്ങളിൽനിന്നും ബേഗകളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. ചിലയിടത്ത് കുടിയൊഴിക്കൽ പുരോഗമിക്കുകയാണ്. എന്നിട്ട് ആർക്കും വേണ്ടാത്ത തരിശുഭൂമിയിൽ കോൺക്രീറ്റുകൂടുകൾവെച്ചുകൊടുത്തു. അവയിൽ കഴിയാൻ വിസമ്മതിച്ച ബേഗകളിൽ പലരും നാടോടികളായി നടക്കുന്നു. ജനിച്ചുവളർന്ന ഭൂമിയിലേക്ക് തിരിച്ചുചെല്ലാൻ ശ്രമിച്ചവർക്ക് മർദനമേൽക്കേണ്ടിവരുന്നു.

ബേഗകൾ മാത്രമല്ല, മറ്റ് ആദിവാസി വിഭാഗങ്ങളും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്. ‘‘കനായിൽ മാത്രം 36 ഗ്രാമങ്ങളാണ് പുതുതായി ഒഴിപ്പിക്കാൻ പോകുന്നത്. വനം, വന്യജീവി സംരക്ഷണമാണ് ഉദ്ദേശ്യമെങ്കിൽ ഇവിടത്തെ റിസോർട്ടുകളല്ലേ ആദ്യം ഒഴിപ്പിക്കേണ്ടത് ബിഛിയയിൽ നടന്ന യോഗത്തിൽ കോൾ വിഭാഗക്കാരനായ രാജുഭായി ചോദിച്ചു. ബാന്ധവ്ഗഢ്, കനാ വന്യജീവി സങ്കേതങ്ങൾക്കുള്ളിൽ നൂറോളം റിസോർട്ടുകളുണ്ട്. ഏക്കറുകളോളം വിസ്തൃതിയിൽ, സമ്പന്നസഞ്ചാരികൾക്ക് ആഡംബരപൂർവം പ്രകൃതിയിലേക്കിറങ്ങിച്ചെല്ലാൻ അവസരമൊരുക്കുന്ന ഈ സങ്കേതങ്ങളിൽ പലതിന്റെയും ഉടമകൾ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മന്ത്രിമാരാണെന്ന് എല്ലാവർക്കമറിയാം.

ഗ്രാമമുഖ്യന്റെ വീടിന്റെ നടുമുറ്റത്താണ് പഞ്ചായത്ത്. ചെറുതെങ്കിലും മനോഹരമായ വീട്. വയലിൽനിന്നു ചെളിയെടുത്ത് സ്വന്തമായി ഇഷ്ടികയുണ്ടാക്കിയാണ് ഇവരുടെ വീടുനിർമാണം. മേൽക്കൂരയിലിടാനുള്ള കുഞ്ഞോടുകളും അവർ തന്നെ നിർമിക്കും. ചുവരിൽ മണ്ണുതേക്കും. നിലത്ത് രണ്ടുനിറത്തിലുള്ള മണ്ണുകൊണ്ട് ചിത്രപ്പണി ചെയ്തിരിക്കുന്നു. നടുമുറ്റമുള്ള വീടാണെങ്കിലും അതു നിൽക്കുന്ന ഭൂമിക്ക്‌ പട്ടയം കിട്ടിയിട്ടില്ല. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പാതി പണിത കോൺക്രീറ്റ് കെട്ടിടങ്ങളുടെ വികൃത രൂപങ്ങളുണ്ട് തൊട്ടരികെ. ‘‘ആ കോൺക്രീറ്റു കെട്ടിടത്തിനു ചെലവാകുന്ന പണത്തിന്റെ പാതികൊണ്ട് ഇവർ തനതു ശൈലിയിൽ മനോഹരമായ വീടുകളുണ്ടാക്കും. വീടുവെച്ചുകൊടുക്കണമെന്നതല്ല, ഭൂമി പതിച്ചു നൽകണമെന്നതാണ് അവരുടെ ആവശ്യം.’’ -ആദിവാസി പഞ്ചായത്തിന്റെ സംഘാടകരായ ഏകതാ പരിഷത്തിന്റെ ദേശീയ അധ്യക്ഷൻ രൺസിങ് പർമാർ പറഞ്ഞു. 
മലയാളിയായ പി.വി. രാജഗോപാൽ സ്ഥാപിച്ച ഏകതാ പരിഷദ്‌ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സന്നദ്ധസംഘടനയാണ്. അതിന്റെ പ്രവർത്തകർക്ക് ഇന്നാട്ടുകാർക്കിടയിൽ നിർണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പടുക്കുമ്പോൾ പ്രമുഖ പാർട്ടികളും സ്ഥാനാർഥികളും സംഘടനയുടെ സഹായം തേടിയെത്തും.

‘‘ചാരായവും പണവും തരുന്നവർക്കു വോട്ടു ചെയ്യാതെ, ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുന്നവരെ തിരഞ്ഞെടുക്കുകയാണു വേണ്ടത്.’’ -രൺസിങ് യോഗത്തിനെത്തിയവരോട് പറഞ്ഞു.
മാവോവാദികളെ അക്രമപാതയിൽനിന്നു പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഏകതാ പരിഷദ് നടത്തുന്നുണ്ട്. ‘‘നിയമം വഴി നീതി ലഭിക്കില്ലെന്നു വരുമ്പോഴാണ് ആദിവാസികൾ അക്രമപാതയിലേക്ക് നീങ്ങുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ആദിവാസികളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അതേക്കുറിച്ച് അവരെ ബോധവത്‌കരിക്കുകയുമാണ് പരിഹാരമാർഗം. പോലീസിന്റെ പിന്തുണയോടെ അത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്’’ -ഏകതാ പരിഷദ് ദേശീയ കോ-ഓർഡിനേറ്റർ അനീഷ് തില്ലങ്കേരി പറഞ്ഞു.ഉമരിയ ജില്ലയിലെ മാൻപുരിലെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഗ്യാൻദേവി ഏകതാ പരിഷദ്‌ നേതാക്കളെ കാണാനെത്തി. ആദിവാസി നേതാവായ ഗ്യാൻദേവിയുൾപ്പെടെ ഏതാനും സ്ഥാനാർഥികൾക്കുവേണ്ടി പരിഷദ് പ്രവർത്തകർ പ്രചാരണം നടത്തുന്നുണ്ട്. മാൻപുരിൽ പച്ചക്കറിയും പരിപ്പും അരിയുമെല്ലാം വിൽപ്പനയ്ക്കുവെച്ച ചന്തയിൽ ഗ്യാൻദേവിയെത്തിയപ്പോൾ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. മീനാസിങ്ങും പ്രചാരണത്തിനുവന്നത്. കടുത്ത മത്സരമാണിത്തവണയിവിടെ.

ജനസംഖ്യയുടെ 21 ശതമാനം ആദിവാസികളുള്ള മധ്യപ്രദേശിൽ 47 സീറ്റ് പട്ടികവർഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. പരമ്പരഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഗോത്രവർഗക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യോട് ചാഞ്ഞിരുന്നു. അവർക്കിടയിലെ രോഷം ഇത്തവണ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ആദിവാസികളുടെ ശക്തമായ സംഘടനായിരുന്ന ജയ് ആദിവാസി യുവശക്തി(ജയ്‌സ്)യുടെ നേതാവ് ഹീരാലാൽ അലാവയെ അപ്രതീക്ഷിതനീക്കത്തിലൂടെ കോൺഗ്രസ് ധാർ ജില്ലയിലെ മനാവാറിലെ സ്ഥാനാർഥിയാക്കുകയും ചെയ്തു. കോൺഗ്രസിലും ജയ്‌സിലും ഇതേച്ചൊല്ലി ഭിന്നതയുണ്ടെങ്കിലും ആദിവാസികളെ കോൺഗ്രസിനോട് അടുപ്പിക്കാൻ ഈ നീക്കവും സഹായിക്കുമെന്നാണ് കരുതുന്നത്.