ഗുജറാത്തിലേക്ക് ജോലി തേടിപ്പോയ ആയിരങ്ങൾ തിരിച്ചുവന്നില്ലെങ്കിൽ ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പിൽ ഝാബുവയിലെയും അലിരാജ്പുരിലെയും കണക്കുകൂട്ടലുകളൊക്കെ പിഴയ്ക്കും. നിലവിൽ രണ്ട് ജില്ലകളിലെയും അഞ്ച് സീറ്റുകളും സ്വന്തമായുള്ള ബി.ജെ.പി.ക്കും തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനും ഗുജറാത്തിലേക്ക് പലായനം ചെയ്ത ഈ വോട്ടുകൾ നിർണായകമാണ്. കൃഷിക്കാർക്ക് വരുമാനം കുറഞ്ഞതും തൊഴിൽ സാധ്യതകൾ ഇല്ലാതായതുമാണ് ഗോത്രവർഗമേഖലയായ ഈ ജില്ലകളിൽനിന്ന് ആളുകൾ കുടിയൊഴിയാൻ കാരണം. 

ഇന്ദോറിൽനിന്ന്‌ അഹമ്മദാബാദിലേക്ക് നീളുന്ന ദേശീയപാതയിലായിരുന്നു ഝാബുവ പണ്ട്. വികസനം വന്നതോടെ ദേശീയപാത നാലുവരിയായി വളർന്നു. ഝാബുവയ്ക്കുപുറത്തുകൂടി പുതിയ വഴിവെട്ടി. ഇതോടെ, ഈ ചെറിയ പട്ടണവും ചുറ്റുമുള്ള ഗ്രാമങ്ങളും വികസനത്തിൽനിന്ന് അകന്നു. ഝാബുവയിലൂടെ കടന്നുപോകുന്ന ദേശീയപാത പലയിടത്തും പൊടിമണൽ മാത്രമായി. ചിലയിടങ്ങളിൽ പാതി തകർന്ന് ഒരു കാട്ടുവഴിപോലെയും. പട്ടണത്തിൽ മാത്രമാണ് റോഡ് അല്പമെങ്കിലും ഭേദപ്പെട്ട അവസ്ഥയിലുള്ളത്. 

ഗുജറാത്തിലെ പഞ്ച്മഹൽ, വഡോദര ജില്ലകളോട് അതിരിടുന്നതാണ് ഝാബുവയും അലിരാജ്പുരും. ഇവിടെനിന്ന് ഗുജറാത്തിലേക്കുള്ള ബസുകൾ തിങ്ങിനിറഞ്ഞാണ് പോകുന്നത്. അതിർത്തിയിലെ ചെക്‌പോസ്റ്റുകളിൽ ഝാബുവ ജില്ലാ അധികൃതർ കാവൽ നിൽക്കുന്നുണ്ട്. പോകുന്നവരോട് തിരഞ്ഞെടുപ്പിന് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ, അതിജീവനത്തിനായി പുതുവഴിതേടുന്ന അവർക്കെന്ത് വോട്ടെടുപ്പ്? 
ഝാബുവ, അലിരാജ്പുർ എന്നീ ജില്ലകളിലായി 18 ലക്ഷത്തോളം പേരാണുള്ളത്. ലക്ഷക്കണക്കിനാളുകൾ ഇതിനകം ഗുജറാത്തിലേക്ക് ചേക്കേറിയതായി ഝാബുവ  കളക്ടർ ആശിഷ് സക്‌സേന പറയുന്നു. ഇതിൽ വോട്ടവകാശമുള്ളവരോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് ജോലി നൽകിയ രാജ്‌കോട്ടിലെയും വഡോദരയിലെയും കമ്പനികളോട് വേതനത്തോടുകൂടിയ അവധി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കമ്പനികൾ ഇതെത്രത്തോളം കേൾക്കുമെന്ന അദ്ദേഹത്തിനുപോലും ഉറപ്പില്ല. 

അതിർത്തിയിലുള്ള മിണ്ഡൽ, പിഠോൾ കലൻ, ഖുർഗ് തുടങ്ങിയ ഗ്രാമങ്ങളിലൊന്നും ആളുകളില്ലെന്ന് രാഷ്ട്രീയനേതാക്കളും പറയുന്നു. ‘റൊട്ടി’ വാങ്ങാൻ വേറെ വഴിയില്ലെന്നാണ് മിണ്ഡൽ ഗ്രാമപ്പഞ്ചായത്തംഗം പപ്പു ചൗഹാൻ പറഞ്ഞത്. ഇവിടെ പഞ്ചായത്തുമന്ദിരത്തിനുമുന്നിൽ ചെറിയ ചായക്കട നടത്തുന്ന മഹേഷ് ഡാമോറിന്റെ രണ്ടുമക്കളും ഗുജറാത്തിലാണ്. അവർ തിരഞ്ഞെടുപ്പിന് എത്തുമോയെന്ന് അദ്ദേഹത്തിനുപോലും ഉറപ്പില്ല. ജീവിതത്തിനപ്പുറം വോട്ടെടുപ്പിന് അവരാരും അത്ര പ്രാധാന്യത്തോടെ കാണുന്നുമില്ല. 

മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന് കോൺഗ്രസ് സ്വപ്നം കാണാൻ തുടങ്ങിയത് ഝാബുവയിൽനിന്നാണ്. 2015-ൽ ദിലീപ് സിഹ് ഭൂരിയയുടെ മരണത്തുടർന്ന് രത്‌ലം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ബി.ജെ.പി.യെ ഒന്നിച്ചുനിന്നാൽ വീഴ്ത്താനാകുമെന്ന് കോൺഗ്രസ് വിശ്വസിക്കാൻ തുടങ്ങിയത്. ഝാബുവ, അലിരാജാപുർ എന്നിവയ്ക്കുപുറമേ രത്‌ലം ജില്ലയും ഈ മണ്ഡലത്തിലാണ്. 
കോൺഗ്രസിന്റെ വിശ്വസ്ത മണ്ഡലമായാണ് ഝാബുവ എന്നും അറിയപ്പെട്ടിരുന്നത്. പട്ടികവർഗക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ കോൺഗ്രസ് രണ്ടുവട്ടമേ പരാജയപ്പെട്ടിട്ടുള്ളൂ. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസിനെ കൈവിട്ട മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. 2014-ലെ മോദി തരംഗത്തിൽ ഝാബുവ കാവിയണിഞ്ഞു. എന്നാൽ, മറ്റുസമയത്തൊക്കെ ഭൂരിയമാർക്ക് മേൽക്കൈയുള്ള മണ്ഡലം കോൺഗ്രസിനൊപ്പം നിന്നു.ഝാബുവയിൽ മത്സരിക്കുന്ന നിലവിലെ എം.എൽ.എ. ബി.ജെ.പി.യുടെ ഗുമാൻ സിങ് ഡോമാറിന്റെ വിജയം അനാസായമാകുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചന. കോൺഗ്രസിന്റെ പ്രചാരണത്തിലും ക്ഷീണം പ്രകടമാണ്.  

കരിങ്കോഴികളുടെ നാട്

രണ്ടുവട്ടം കേന്ദ്രമന്ത്രിയായിരുന്ന കാന്തിലാൽ ഭൂരിയയുടെ നാടാണെങ്കിലും ഝാബുവ ഇന്നറിയപ്പെടുന്നത് കരിങ്കോഴികളുടെ പേരിലാണ്. ‘കടക്‌നാഥ്’ എന്നും ‘കാലി മാസി’ എന്നും അറിയപ്പെടുന്ന കരിങ്കോഴികൾ ഇവിടെ ഗ്രാമീണരുടെ പ്രധാന വരുമാനമാർഗമാണ്. പൂവൻകോഴിയൊന്നിന് കിലോയ്ക്ക് 800 രൂപവരെ കിട്ടുന്നു. മുട്ടയ്ക്കുമുണ്ട് മുപ്പതുരൂപയോളം വില. ഇന്ത്യയിൽ ഭൗമസൂചികയിലിടം പിടിച്ച ഏക ജീവിയെന്ന പ്രത്യേകതയും ഝാബുവയിലെ കരിങ്കോഴികൾക്കുണ്ട്. പ്രോട്ടീൻ കൂടുതലാണെന്നതും കൊഴുപ്പും കൊളസ്‌ട്രോളും കുറവാണെന്നതുമാണ് ഝാബുവ കരിങ്കോഴികളെ പ്രിയങ്കരമാക്കുന്നത്. കരിങ്കോഴികൾ വളർത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി ഇന്ന് അഞ്ഞൂറോളം കുടുംബങ്ങളുടെ വരുമാനമാർഗമാണ്. ഗുജറാത്തിൽനിന്നും മറ്റും വൻതോതിൽ ഇതിനാവശ്യക്കാർ എത്താറുണ്ട്. ദിവസേന ആറുകോഴികൾവരെ വിറ്റുപോകാറുണ്ടെന്ന് മിണ്ഡൽ റോഡരികിലെ ചെറിയ കൂടിൽ കോഴിവളർത്തുന്ന പിങ്കി ഡാമോർ എന്ന വീട്ടമ്മ പറഞ്ഞു. ഝാബുവ പട്ടണത്തിൽ സർക്കാരിന്റെ മേൽനോട്ടത്തിലും ഒരു പോൾട്രി ഫാം പ്രവർത്തിക്കുന്നു.