വീട്ടുമുറ്റത്തെത്തുന്ന സ്ഥാനാർഥിയെ അണിയിക്കാൻ ഹാരവുമായി കാത്തുനിൽക്കുന്നവർ. മണ്ഡലങ്ങളിലുടനീളം ഇതായിരുന്നു കാഴ്ച. കഴുത്തിൽവീഴുന്ന ഹാരങ്ങളൊക്കെ സ്ഥാനാർഥി അപ്പോൾത്തന്നെ കൂടെയുള്ളവരെ ഏൽപ്പിക്കുന്നു. അവരത് കൃത്യമായി ശേഖരിക്കുന്നു. സ്ഥാനാർഥിയും സംഘവും പോയിക്കഴിഞ്ഞാൽ, അവരവിടെ വന്നതിന്റെ സൂചനകളേയില്ല. പൂക്കളോ അവർ വിതരണം ചെയ്ത നോട്ടീസുകളോ ഒന്നുംതന്നെ റോഡിലോ വഴിയരികിലോ ശേഷിക്കുന്നില്ലെന്ന് കൂടെയുള്ളവർ ഉറപ്പുവരുത്തുന്നു. ഉണ്ടെങ്കിൽത്തന്നെ അതുശേഖരിക്കാൻ ഒരുവാഹനം സംഘത്തോടൊപ്പമുണ്ടാകും. 

രാജ്യത്തെ ഏറ്റവും വൃത്തിയേറിയ നഗരമായ ഇന്ദോറിലെ കാഴ്ചകളായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തെ സർവാത്മനാ സ്വീകരിച്ച ഇന്ദോർ, തുടർച്ചയായി രണ്ടുവർഷവും സ്വച്ഛ് സർവേക്ഷണിൽ ഒന്നാമതെത്തിയിരുന്നു. പുറം വിസർജന (ഒ.ഡി.എഫ്.)മുൾപ്പെടെയുള്ള എല്ലാത്തരം മാലിന്യങ്ങളും നഗരത്തിലെവിടെയുമില്ലെന്ന് ഉറപ്പിക്കുന്നതിനായി നഗരസഭ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്. ഒ.ഡി.എഫ്. പ്ലസ്സും ഡബിൾ പ്ലസ്സും നേടി സ്വച്ഛ് സർവേക്ഷണിൽ ഹാട്രിക് തികയ്ക്കുകയാണ് ഇന്ദോർ നഗരസഭാ അധികൃതരുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് പ്രചാരണമെന്നത് വലിയൊരു കടമ്പയാകുമെന്ന് നഗരസഭ മുന്നെതന്നെ കണക്കുകൂട്ടിയിരുന്നു. അതിന്റെ ഭാഗമായി പ്രചാരണത്തിനിടെ തെരുവുകളിൽ ഉപേക്ഷിക്കാനിടയുള്ള വസ്തുക്കൾ ശേഖരിക്കാൻ പ്രത്യേകം സംവിധാനങ്ങളേർപ്പെടുത്തി. അതിനുള്ള ചെലവ് സ്ഥാനാർഥിയുടെ ഔദ്യോഗിക ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ, പരമാവധി മാലിന്യമൊഴിവാക്കാനുള്ള ശ്രദ്ധ സ്ഥാനാർഥികളും പാർട്ടികളും സ്വീകരിച്ചു. ഫലമോ, നഗരത്തിലെവിടെയും തിരഞ്ഞെടുപ്പ് നടന്നതിന്റെ പേരിൽ ഒരു കടലാസ് കഷണം പോലും കാണാനില്ല.

ഇന്ദോറിൽ എല്ലാകാര്യങ്ങളും ചിട്ടയോടെ നടപ്പാക്കുന്നുവെന്നതാണ് സ്വച്ഛ് സർവേക്ഷണിൽ തുടരെ രണ്ടുവർഷവും ഒന്നാംസ്ഥാനത്തെത്താൻ കാരണമെന്ന് മുനിസിപ്പൽ കമ്മിഷണർ ആശിഷ് സിങ് പറഞ്ഞു. സ്വച്ഛ് സർവേക്ഷണിൽ 2019-ലും ഒന്നാമതെത്തുകയാണ് ലക്ഷ്യം. ജനങ്ങളും ഈ ലക്ഷ്യം നിറവേറ്റാൻ സ്വയം സന്നദ്ധരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരുവുകളിൽ അലക്ഷ്യമായി ഒന്നും വലിച്ചെറിയാതെ അവർ അതിനായി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കുന്നു.

പ്രധാന റോഡരികിലെല്ലാം അമ്പത് മീറ്റർ വ്യത്യാസത്തിൽ ചവറ്റുകൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ജൈവവും അജൈവവുമായ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വെവ്വേറെ കുട്ടകളുണ്ട്. ഇവിടെനിന്നൊക്കെ ദിവസം മൂന്നുനേരം നഗരസഭയുടെ വാഹനങ്ങൾ മാലിന്യങ്ങൾ ശേഖരിക്കും. നടപ്പാതകൾ അടിച്ചുവൃത്തിയാക്കുകയും ചെയ്യും.  രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും. വീടുകളിൽനിന്നും രണ്ടുതരത്തിലുമുള്ള മാലിന്യം ദിവസവും ശേഖരിക്കും. ചേരികളുൾപ്പെടെ നഗരത്തിലെ എല്ലായിടത്തുമുള്ള വീടുകളിലും മാലിന്യശേഖരണം കൃത്യമായി നടക്കുന്നു. 

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശൗചാലയങ്ങൾ സ്ഥാപിച്ച് പുറംവിസർജനം പൂർണമായും ഇല്ലാതാക്കിയെന്നതാണ് അധികൃതരുടെ വലിയ നേട്ടം. മൂത്രശങ്ക തോന്നിയാലും ഇന്ദോറിലാരും അത് വഴിവക്കിൽ സാധിക്കില്ല. അത്തരത്തിൽ ശങ്ക തീർക്കുന്നവരുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പിടിക്കപ്പെടുകയാണെങ്കിൽ 500 രൂപയാണ് പിഴ. ഒ.ഡി.എഫ്. ഡബിൾ പ്ലസ് നേടുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും ആശിഷ് സിങ് പറയുന്നു.

ദേവ്ഗാർഡിയയിലെ നൂറ്റമ്പതോളം ഏക്കർ വിസ്തൃതിയുള്ള ട്രെഞ്ചിങ് ഗ്രൗണ്ടിലാണ് ഇന്ദോർ നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ആയിരത്തിലേറെ വാഹനങ്ങൾ മാലിന്യശേഖരണത്തിനായി ഉപയോഗിക്കുന്നു. തുടക്കത്തിൽ സ്വകാര്യമേഖലയിലായിരുന്നു മാലിന്യ ശേഖരണം. ഇപ്പോൾ പൂർണമായും നഗരസഭയുടെ കീഴിലാണ്. മധ്യപ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഇന്ദോർ. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്നതും അത് കത്തിക്കുന്നതിലൂടെ മലിനീകരണം ഉയർന്നുനിന്നിരുന്നതുമായ നഗരം. അവിടെനിന്നാണ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടമായി മാറിയതെന്നോർക്കണം. 
ദിവസവും 500-600 മെട്രിക് ടൺ ഖരമാലിന്യമാണ് നഗരത്തിൽനിന്ന് ശേഖരിക്കുന്നത്. ദീപാവലി പോലുള്ള ഉത്സവസമയങ്ങളിൽ മാലിന്യത്തിന്റെ അളവ് കൂടും. അപ്പോൾ അതുശേഖരിക്കുന്നതിനായി താത്‌കാലികാടിസ്ഥാനത്തിൽ കൂടുതൽ ജീവനക്കാരെ നഗരസഭ നിയോഗിക്കാറുണ്ട്. ഖരമാലിന്യങ്ങൾ വേർതിരിക്കുന്നതിന് ട്രെഞ്ചിങ് ഗ്രൗണ്ടിൽ 700-ഓളം പേരെ നിയോഗിച്ചിട്ടുള്ളതായി ഇന്ദോർ നഗരസഭയുടെ വേസ്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആസാദ് വഴ്‌സി പറഞ്ഞു. 

Content Highlights: Madhyapradesh Election 2018. BJP, Congress, Indore, Swach Bharath