മധ്യപ്രദേശ്‌ തുടിപ്പുകൾ

ഗ്വാളിയർ

മണ്ടൂർ കോറി കാത്തിരിക്കുകയാണ്. സമയം ഉച്ചയ്ക്ക് ഒന്നരയായിട്ടേയുള്ളൂ. വടികുത്തിപ്പിടിച്ച് സ്റ്റേഷനിലെത്തി അടഞ്ഞുകിടക്കുന്ന കടയുടെ അരമതിലിൽ ഇരിപ്പു തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി. മൂന്നേമുക്കാലിന് എത്തുന്ന സബാൽഗഢിനുള്ള 'ഛോട്ടി ഗാഡി'ക്കായുള്ള കാത്തിരിപ്പാണ് ഈ എൺപതുകാരൻ.

ഗോസിപ്പുര സ്റ്റേഷനിൽ മണ്ടൂറിനൊപ്പം കുറച്ചുപേർ കൂടിയുണ്ട്. അവരും ഇതേ ട്രെയിനിൽ പോകേണ്ടവരാണ്. ആർക്കും ഒരു തിരക്കുമില്ല. പരാതികളും. ഏതാണ് വോട്ടുചെയ്യുന്ന മണ്ഡലമെന്നുപോലും മണ്ടൂറിന് അറിയില്ല. ജനതാപാർട്ടി ഭോപ്പാലിൽ അധികാരത്തിൽ വരുമെന്നറിയാം. ആരു ജയിച്ചാലും നമുക്കൊന്നും കിട്ടില്ലെന്ന നിസ്സംഗതയാണ് എപ്പോഴും. 'ഇന്ദിരാഗാന്ധി ഭരിച്ചപ്പോൾ തുണിയൊക്കെ കിട്ടിയിരുന്നു. മാധവറാവുവും പലതും തന്നു. ഇപ്പോൾ എല്ലാത്തിനും വില കൂടിയില്ലേ?' മണ്ടൂർ ചോദിക്കുന്നു. നെയ്ത്തുകാരാണ് പരമ്പരാഗതമായി കോറി സമുദായക്കാർ. നെയ്ത്തുശാലകളൊക്കെ പൂട്ടിപ്പോയി. ഇപ്പോൾ ആർക്കും തൊഴിലുമില്ല.

കേട്ടിരുന്ന സുകും കോറിയുടെ മുഖംചുവന്നു. ഇക്കുറി കോൺഗ്രസ് ജയിക്കുമെന്ന് സുകും ഉറപ്പിച്ചു പറയുന്നു. പെട്രോളിന് വില കൂടിയതും വ്യാപം അഴിമതിയുമൊക്കെ സുകുമിന്റെ വാക്കുകളിൽ കടന്നുവന്നു. ശിവ്‌രാജ് ചൗഹാൻ ഒന്നും തന്നില്ലെന്ന് സുകും പറഞ്ഞു. ഛോട്ടി ഗാഡി പോലും മഹാരാജാവ് തന്നതാണ്. ഷോപ്പൂരിലെയും സബാൽഗഢിലെയും ഗ്രാമീണർക്ക് ഗ്വാളിയർ നഗരത്തിലെത്താനുള്ള മാർഗമാണ് ഛോട്ടി ഗാഡി എന്ന നാരോഗേജ് ട്രെയിൻ. വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന്റെ നേർക്കാഴ്ച. 

***    ***    ***

രാജഭരണം നാടുനീങ്ങി ജനാധിപത്യം പുലർന്നപ്പോൾ അതിനെ ശങ്കയേതുമില്ലാതെ സ്വീകരിച്ച രാജകുടുംബമാണ് ഗ്വാളിയറിലെ സിന്ധ്യമാരുടേത്. ജിവാജിറാവു സിന്ധ്യയായിരുന്നു സ്വാതന്ത്ര്യത്തിനുമുമ്പ് മഹാരാജാവ്. സ്വാതന്ത്ര്യം കിട്ടിയതോടെ സമീപത്തെ മറ്റു നാട്ടുരാജ്യങ്ങളെയൊക്കെ ഇന്ത്യയിൽ ലയിപ്പിച്ച് മധ്യഭാരത് നിർമിക്കാൻ മുന്നിട്ടിറങ്ങിയത് അദ്ദേഹമാണ്. മധ്യഭാരതിന്റെ ആദ്യ രാജ്പ്രമുഖ് ആയിരുന്നു അദ്ദേഹം. ഗവർണർ പദവിക്കുതുല്യമാണിത്. 1956-ൽ മധ്യഭാരത് മധ്യപ്രദേശാകുംവരെ അദ്ദേഹം സ്ഥാനത്തുതുടർന്നു.

ജനാധിപത്യത്തിനുനേരെ സിന്ധ്യ കുടുംബം പുറംതിരിഞ്ഞുനിന്നില്ല. അതവർ പുതിയ വഴിയായി സ്വീകരിച്ചു. ജിവാജി റാവുവിന്റെ ഭാര്യ രാജമാതാ വിജയരാജെ സിന്ധ്യ 1962-ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സിന്ധ്യ കുടുംബത്തിന്റെ ജനായത്ത ഭരണത്തിന് തുടക്കമായി. മാധവറാവു സിന്ധ്യയാണ് പിന്നീട് രാഷ്ട്രീയത്തിലെത്തിയത്. 1971 മുതൽ 2001-ൽ മരിക്കുംവരെ ഗുണ മണ്ഡലത്തിൽനിന്ന് അദ്ദേഹം കോൺഗ്രസ് എം.പി.യായി. സിന്ധ്യ കുടുംബത്തിലെ ഇപ്പോഴത്തെ കിരീടാവകാശി ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് ഗുണയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 

രാജമാത പിന്നീട് ബി.ജെ.പി.യിൽ ചേർന്നതുപോലെ, മാധവറാവുവിന്റെ സഹോദരിമാരും ആ വഴി പിന്തുടർന്നു. വസുന്ധരാരാജെ മധ്യപ്രദേശിലും രാജസ്ഥാനിലും ഒരുപോലെ നേതാവായി. അഞ്ചുവട്ടം എം.പി.യായി. 2003-ലും 2013-ലും രാജസ്ഥാനിൽ മുഖ്യമന്ത്രിയുമായി. ഇക്കുറി വീണ്ടും ജനവിധി തേടുന്നു. യശോധര രാജെ സിന്ധ്യ രണ്ടുവട്ടം എം.പി.യും മൂന്നുവട്ടം എം.എൽ.എ.യുമായി. ഇപ്പോൾ ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരിൽ വാണിജ്യവകുപ്പ് മന്ത്രിയും. വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിങ്ങും ഒരുവട്ടം എം.പി.യായിട്ടുണ്ട്. 

സിന്ധ്യകുടുംബത്തോട് കൂറുള്ളവരാണ് ഗ്വാളിയറുകാർ. പ്രത്യേകിച്ചും മാധവറാവു സിന്ധ്യയോട്. അദ്ദേഹത്തെപ്പറ്റിപറയാതെ അവർ ഒരുകാര്യവും അവസാനിപ്പിക്കില്ല. ശിവ്പുരിയിലും ഗുണയിലും ഗ്വാളിയറുമാക്കെ പാർട്ടിയേതായാലും സിന്ധ്യ കുടുംബത്തിന്റെ വിജയമുറപ്പാണ്. ഗുണയിലെ എം.പി.യായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിനെ നയിക്കുമ്പോൾ ശിവ്പുരിയിൽ യശോധര രാജെ ബി.ജെ.പി.ക്കായി സീറ്റ് നിലനിർത്താൻ കച്ചകെട്ടുന്നു. എന്നാൽ, ഗ്വാളിയറിൽ സിന്ധ്യമാരുടെ സാന്നിധ്യമില്ല. 

ഗ്വാളിയറിൽ സിന്ധ്യ കുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ജയ് വിലാസ് മഹലിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സന്ദർശകർ ഏറി.  കൊട്ടാരത്തിലെ മ്യൂസിയം 
ചുറ്റിക്കാണിക്കുന്ന ഗൈഡുമാർ, സിന്ധ്യ കുടുംബത്തിന്റെ രാഷ്ട്രീയപ്പെരുമയും വിഷയമാക്കുന്നു.  നിലവിൽ ബി.ജെ.പി.ക്കാണ് ഗ്വാളിയറിൽ മുൻതൂക്കമെങ്കിലും ഇക്കുറി വഴിമാറിച്ചിന്തിച്ചേക്കുമെന്ന സൂചനകളുമുണ്ട്. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്വാളിയറിലെ നാല് മണ്ഡലങ്ങളിലും ബി.ജെ.പി.യാണ് ജയിച്ചത്. ഗ്വാളിയർ റൂറൽ, ഗ്വാളിയർ ഈസ്റ്റ്, ഗ്വാളിയർ, ഗ്വാളിയർ സൗത്ത് എന്നിവിടങ്ങളിൽ. ഇക്കുറിയും അതാവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ, ശക്തമായ മത്സരവുമായി കോൺഗ്രസ്സും ദളിത്, പിന്നാക്ക മേഖലകളിൽ ശ്രദ്ധയൂന്നുന്ന 
ബി.എസ്.പി.യും പ്രവചനങ്ങൾ അസാധ്യമാക്കുന്നു.