ഭോപാൽ: മധ്യപ്രദേശിൽ നാമനിർദേശപത്രിക പിൻവലിക്കാൻ വിസമ്മതിച്ച 53 വിമതനേതാക്കളെ ബി.ജെ.പി. പാർട്ടിയിൽനിന്ന്‌ പുറത്താക്കി. നാമനിർദേശപത്രിക പിൻവലിക്കേണ്ട അവസാന സമയം ബുധനാഴ്ച വൈകീട്ട് മൂന്നുമണിയായിരുന്നു.

വിമതരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെയാണ് നടപടിയെടുത്തത്.

മുൻമന്ത്രിമാരായ രാമകൃഷ്ണ കുസ്മാരിയ, കെ.എൽ. അഗർവാൾ, മൂന്ന് മുൻ എം.എൽ.എ.മാർ, ഒരു മുൻ മേയർ എന്നിവർ പുറത്താക്കിയവരിൽ ഉൾപ്പെടും. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഇവർ നേരത്തേ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

ദാമോ സീറ്റിലാണ് ബി.ജെ.പി. കാര്യമായ വിമതഭീഷണി നേരിടുന്നത്. ബി.ജെ.പി. സ്ഥാനാർഥിയായി സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യ മത്സരിക്കുന്ന ഇവിടെ കുസ്മാരിയയും നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. കുസ്മാരിയ പതാരിയയിലും പത്രിക സമർപ്പിച്ചിട്ടുണ്ട്.

Content Highlights: madhyapradesh election 2018, Election 2018