ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് മധ്യപ്രദേശ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. എട്ടില്‍ ആറ് എക്‌സിറ്റ് പോള്‍ ഫലങ്ങളും അവിടെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് അനുകൂലമായ നിലയാണുള്ളത്.

അതേസമയം, മധ്യപ്രദേശില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസ് നില വളരെയേറെ മെച്ചപ്പെടുത്തുമെങ്കിലും കേവല ഭൂരിപക്ഷമായ 116-ല്‍ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തൂക്കുസഭയാണ് ഉണ്ടാവുന്നതെങ്കില്‍ ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാവും. ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവ മത്സരരംഗത്തുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുനടന്ന തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുക ഹിന്ദി മേഖലയിലെ മൂന്നു സംസ്ഥാനങ്ങള്‍ തന്നെയാണ്. ഈ മൂന്നിടങ്ങളിലുമായി 65 ലോക്സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് മൂന്നു സീറ്റു മാത്രമാണ്. ബി.ജെ.പി.ക്ക് 62-ഉം. ലോക്സഭയില്‍ സ്ഥിതി മെച്ചപ്പെടുത്തി ദേശീയതലത്തില്‍ തിരിച്ചുവരവിനായി ജിവന്മരണ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാവുന്നത് അതുകൊണ്ടാണ്. രാജസ്ഥാനിലെന്നപോലെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇത്രയും അനുകൂലമായ രാഷ്ട്രീയകാലാവസ്ഥ ഇനി കോണ്‍ഗ്രസിന് ലഭിക്കാന്‍ പോകുന്നില്ല. ആ നിലയ്ക്ക് രാജസ്ഥാനു പുറമേ ഒരു സംസ്ഥാനത്തുകൂടി വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് മുഖ്യപ്രതിപക്ഷ പാര്‍ട്ടിക്കു മാത്രമല്ല, രാഹുല്‍ ഗാന്ധിക്കും വലിയ ക്ഷീണമാകും. അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പാണിത്.