ധ്യപ്രദേശാണ് നിര്‍ണ്ണായകം. ഇന്ത്യയുടെ ഈ ഹൃദയഭൂമി കോണ്‍ഗ്രസ് പിടിച്ചാല്‍ 2019 ബിജെപിക്ക് തീരെ എളുപ്പമാവില്ല. രാജസ്ഥാനില്‍ അത്ഭുതമുണ്ടാവുമെന്ന് ബിജെപി കരുതുന്നില്ല. വസുന്ധരരാജസിന്ധ്യയെ കൈയ്യൊഴിയാനുള്ള ഒരവസരമായാണ് ബിജെപി ഇപ്പോള്‍ രാജസ്ഥാന്‍ കാണുന്നത്.

ചത്തിസ്ഗഡില്‍ രമണ്‍സിങ് വീഴില്ലെന്നും തുടര്‍ച്ചയായി നാലാംവട്ടവും അവിടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ബിജെപി കരുതുന്നു. തെലങ്കാനയും മിസോറാമും ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദനയല്ല. കളി നടക്കാന്‍ പോകുന്നത് മധ്യപ്രദേശിലാണ്. അവിടെ കോണ്‍ഗ്രസ് ജയിച്ചുകയറിയാല്‍ രാഹുലിനെ പിടിച്ചാല്‍ കിട്ടിയെന്നുവരില്ല. കോണ്‍ഗ്രസ്സിന്റെ തലവര തിരുത്തിയെഴുതാനുള്ള ശേഷി മധ്യപ്രദേശിനുണ്ടെന്നര്‍ത്ഥം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതില്‍ സംശയമില്ല. ഈ മുന്നണിയില്‍ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് കിട്ടണമെങ്കില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ചേ തീരൂ. വിശാല സഖ്യം എന്ന് പറയാന്‍ എളുപ്പമാണെങ്കിലും സഖ്യത്തെ മേച്ചുകൊണ്ടുപോവുക ഒരിക്കലും എളുപ്പമല്ല.

ശരദ്പവാറും മമതയും മായാവതിയും അഖിലേഷും  ചന്ദ്രബാബുനായിഡുവും എം കെ സ്റ്റാലിനുമൊക്കെ  തനിക്ക് താന്‍ പോന്നവരാണ്. സൂചി കുത്താന്‍ ഇടം കിട്ടിയാല്‍ തൂമ്പ എങ്ങിനെ കടത്താനാകുമെന്നായിരിക്കും ഇവര്‍ ചിന്തിക്കുക. ഓരോ സംസ്ഥാനത്തും മുഖ്യപ്രതിപക്ഷ കക്ഷിയായിരിക്കണം വിശാല സഖ്യം നയിക്കേണ്ടതെന്ന് മമത പറഞ്ഞത് മറക്കാനാവില്ല.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടുകൊണ്ട് മായാവതി നടത്തുന്ന പരീക്ഷണവും ഈ പരിസരത്തിലാണ്. മോദിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്   വല്യേട്ടന്‍ കളിക്കരുതെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള കളികള്‍. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണാല്‍ ശരദ്പവാറൊക്കെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയായിരിക്കും ജനാധിപത്യ ഇന്ത്യ കാണുക. 

mp

രാജസ്ഥാനിലല്ല മധ്യപ്രദേശിലാണ് ബിജെപിയുടെയും അഭിമാനപ്പോരാട്ടം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമാര്‍ന്ന തട്ടകമാണിത്. ആര്‍ എസ് എസ്സിന് അതിശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണിത്. അതുകൊണ്ടുതന്നെ മധ്യപ്രദേശില്‍ ബിജെപി പരാജയപ്പെട്ടാല്‍ ആത്യന്തികമായി മോദിയോ ശിവ്രാജ്സിങ്ചൗഹാനോ അല്ല ആര്‍ എസ് എസ്സ് തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. രണ്ടും കല്‍പിച്ചുള്ള കളിയിലാണ് കോണ്‍ഗ്രസ് ഇവിടെ ഏര്‍പ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വയെ നേരിടാന്‍ രാഹുലിന്റെ ശിവഭക്തി കോണ്‍ഗ്രസ് ആയുധമാക്കുന്നത് വെറുതെയല്ല.

എല്ലാ ഗ്രാമത്തിലും ഗോശാലകള്‍ തീര്‍ക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം.  പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശിവ്‌രാജ് സിങ്‌ ചൗഹാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമന്‍ നടന്നതായി കരുതപ്പെടുന്ന വഴികള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബിജെപി മുഖ്യ അജണ്ടയാക്കുമ്പോള്‍ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് കോണ്‍ഗ്രസ്സും തയ്യാറല്ലെന്നര്‍ത്ഥം.

mp

പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുന്‍നിര്‍ത്തിയല്ല കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കളിക്കുന്നത്. കമല്‍നാഥിനും ദിഗ്‌വിജയ് സിങ്ങിനും ജ്യോതിരാദിത്യസിന്ധ്യയ്ക്കുമിടയില്‍ കോണ്‍ഗ്രസ്സിന് തല്‍ക്കാലത്തേക്കെങ്കിലും അങ്ങിനെയൊരു കളി കളിക്കാന്‍ മധ്യപ്രദേശിലാവില്ല. ഉര്‍വ്വശീശാപം ഉപകാരമെന്നു പറയുംപോലെ ഒരു പ്രധാന സംസ്ഥാനത്ത് രാഹുല്‍ഗാന്ധി മുഖ്യപ്രചാരകനാവുന്നുവെന്ന സവിശേഷതയും ഇവിടെയുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കടന്നുകയറിയാല്‍ ഇപ്പോള്‍ വേലിപ്പുറത്തിരിക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് മാറ്റാനുള്ള സാധ്യത ഏറെയാണ്. ഒഡിഷയിലെ ബിജുപട്നായിക് തീര്‍ച്ചയായും ഇത്തരമൊരു പരിസരത്തില്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായാന്‍ തയ്യാറാവും. മഹാരാഷ്ട്രയില്‍ ശരദ്പവാറിനു മുന്നില്‍ വിലപേശലിനുള്ള വാതിലുകളും അതോടെ അടയും. 

ബിജെപി മുക്ത ഭാരതമല്ല ഭയമുക്ത ഭാരതമായിരിക്കണം അടുത്ത പൊതുതിരഞ്ഞെടുപ്പിലെ ലക്ഷ്യമെന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധി അടുത്തിടെ എഴുതിയത്. കര്‍ണ്ണാടകത്തിലെ ഉപതിരഞ്ഞെടുപ്പ് വിധി ഈ വഴിക്കുള്ള നിര്‍ണ്ണായക സൂചകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ശബരിമല വിധി പശ്ചാത്തലത്തില്‍ സംഘപരിവാര്‍ കേരളത്തില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ കണക്കിലെടുത്ത് പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന് കേരളത്തില്‍ രൂപം നല്‍കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മടിക്കരുതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇര്‍ഫാന്‍ഹബീബിനെയും പ്രഭാത് പട്നായിക്കിനെയും പോലുള്ള ഇടതുപക്ഷസഹയാത്രികര്‍ ഇത്തരം ആശയങ്ങള്‍ തള്ളിക്കളയുന്നില്ല.  തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രായോഗികതയുടെ കളരിയാണ്. സാദ്ധ്യതകളുടെ കലയും കവിതയുമാണത്. മദ്ധ്യപ്രദേശില്‍ മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ നടക്കുമ്പോള്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും വലിയൊരു പരീക്ഷണമാണ് നടത്തുന്നത്. 2019 ലെ നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള വിശാല മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനം അരക്കിട്ടുറപ്പിക്കുന്നത് ഈ പരീക്ഷണത്തിലെ വിജയ പരാജയങ്ങളായിരിക്കും.

വഴിയില്‍ കേട്ടത് : ശബരി മല പ്രക്ഷോഭത്തിനിടയില്‍ തന്ത്രി തന്നെയാണോ വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍ പിള്ള. 15 ലക്ഷം അക്കൗണ്ടിലിടുമെന്ന വാഗ്ദാനം ഇലക്ഷന്‍ സ്റ്റണ്ടായിരുന്നുവെന്ന് അമിത്ജിയും ഗഡ്കരിജിയും പറഞ്ഞതോര്‍ക്കുമ്പോള്‍ ഇതിലൊക്കെ ഇത്ര ബഹളം വെയ്ക്കാനുണ്ടോ !