ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്തക എന്നത് ചെറിയ കളിയായിരുന്നില്ല കോണ്‍ഗ്രസിന്. സംഘടനാശേഷിപാടെ തകര്‍ന്ന പാര്‍ട്ടിയില്‍ നിന്ന് ഒരുവേള ബിജെപിയിലേക്ക് ചേക്കേറുമെന്ന് വരെ പറഞ്ഞുകേട്ടിരുന്ന കമല്‍നാഥിനെ ഈ വര്‍ഷം ഏപ്രിലില്‍ രാഹുല്‍ പാര്‍ട്ടിയെ ഏല്‍പ്പിച്ചതോടെയാണ് കോണ്‍ഗ്രസ് ഉണര്‍ന്നത്.

15 വര്‍ഷമായി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുന്ന ശിവരാജ് സിങ് ചൗഹാനെ പരാജയപ്പെടുത്താന്‍ കമല്‍നാഥിനൊപ്പം രാഹുല്‍ ജ്യോതിരാദിത്യ സിന്ധ്യയെ കൂടി രംഗത്തേക്കിറക്കിയതോടെ പാര്‍ട്ടി സടകുടഞ്ഞെഴുന്നേറ്റു. പഴയ പ്രതാപങ്ങളോടെ അണിയറ നീക്കങ്ങളില്‍ ദിഗ് വിജയ് സിങും സജീവമായതോടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെ മുന്നില്‍ നിര്‍ത്തുമെന്ന അനിശ്ചിതത്വത്തിലായി. മൂന്ന് പേരേയും മത്സരത്തിനിറക്കാതെ തങ്ങളുടെ ശക്തിമേഖലകളില്‍ പരാമവധി വോട്ടുകള്‍ സമാഹരിക്കാന്‍ വിട്ട് രാഹുലും നേതൃത്വമികവ് കാട്ടി. ഒരു അഭിപ്രായഭിന്നതയും  തുറന്നുകാട്ടാതെ മൂവരും ഒറ്റക്കെട്ടായി ബിജെപിയില്‍ നിന്ന് സംസ്ഥനം തിരിച്ച് പിടിച്ചതോടെ വീണ്ടും അനിശ്ചിതത്വത്തിലാണ് കോണ്‍ഗ്രസ്. ആരെ മുഖ്യമന്ത്രിയാക്കും.

പിസിസി അധ്യക്ഷനും ചിന്ദ് വാര എംപിയുമായ കമല്‍നാഥിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ദിഗ് വിജയ് സിങിന്റെ പിന്തുണകൂടിയുള്ളത് കമല്‍നാഥിന് സഹായകരമാകുമെന്നാണ് കരുതുന്നത്.

എല്ലാം രാഹുല്‍ തീരുമാനിക്കും എന്ന് കമല്‍നാഥും സിന്ധ്യയും ദിഗ് വിജയ് സിങും പറയുന്നുണ്ടെങ്കിലും പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും അണിയറയില്‍ നടത്തിവരികയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സാമുദായിക-ജാതി സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമാകും. കേന്ദ്ര നേതൃത്വത്തിനും രാഹുലിനും വലിയ താത്പര്യമില്ലാത്തയാളാണ് ദിഗ് വിജയ് സിങെങ്കിലും ജയിച്ച സ്ഥാനാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം അദ്ദേഹത്തിന്റെ അനുഭാവികളാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ ദിഗ് വിജയ് സിങിന് മുഖ്യമന്ത്രിപദം നല്‍കാനുള്ള സാധ്യത വിദൂരമാണ്. അതേ സമയം തന്നെ അദ്ദേഹം അനുകൂലിക്കുന്ന കമല്‍നാഥിനോട് രാഹുലിന് എതിര്‍പ്പുമില്ല. എന്നാല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായി സ്വാധീനമില്ല എന്നതാണ് കമല്‍നാഥിന് തടസ്സമായി നില്‍ക്കുന്ന ഘടകം. ജ്യോതിരാദിത്യ സിന്ധ്യയും തന്റെ മേഖലകളില്‍ മാത്രമെ അറിയപ്പെടുന്നുള്ളൂ എന്നതാണ് കമല്‍നാഥിന് ആശ്വാസം. 

ഗ്വാളിയാര്‍ എംപിയായ ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി അധ്യക്ഷനാണ്. ഒരു വര്‍ഷംകൊണ്ട് കോണ്‍ഗ്രസിനെ അധികാരത്തിലേത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സിന്ധ്യക്ക് വന്‍ ജനസമ്മിതിയുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സാധിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. 

ഹിന്ദുവിരുദ്ധപാര്‍ട്ടിയെന്ന ബി.ജെ.പി.യുടെ ആരോപണം മറികടക്കാന്‍ കോണ്‍ഗ്രസ് മൃദുഹിന്ദു നയങ്ങള്‍ എടുത്തണിഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒബിസി വിഭാഗത്തിനായി അവര്‍ 40 ശതമാനം സീറ്റുകളും നീക്കിവെച്ചിരുന്നു. അതുക്കൊണ്ടുതന്നെ ജാതിസമവാക്യങ്ങള്‍ നിര്‍ണായകമായെന്ന് തിരഞ്ഞെടുപ്പ് ഫലവും കാണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോഴും ഈയൊരു ഘടകത്തിനായിരിക്കും കോണ്‍ഗ്രസ് മുന്‍ഗണ നല്‍കുക.

230 അംഗസഭയില്‍ 34 സീറ്റ് പട്ടികജാതിക്കും 41 സീറ്റ് പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്. പൊതുവിഭാഗത്തിലുള്ള സീറ്റുകളില്‍ 39 ശതമാനം ഒ.ബി.സി. വിഭാഗത്തിനാണ് ബി.ജെ.പി. നല്‍കിയിട്ടുള്ളത്. 24 ശതമാനം ഠാക്കൂറുകള്‍ക്കും 23 ശതമാനം ബ്രാഹ്മണര്‍ക്കും നല്‍കി. കോണ്‍ഗ്രസ് ആകട്ടെ 40 ശതമാനത്തോളം സീറ്റ് ഒ.ബി.സി.ക്ക് നല്‍കി. 27 ശതമാനം ഠാക്കൂറുകള്‍ക്കും 23 ശതമാനം ബ്രാഹ്മണര്‍ക്കും നീക്കിവെച്ചു. താഴ്ന്നജാതിക്കാരെ പിണക്കാതെ സവര്‍ണരെ പ്രീണിപ്പിക്കാനുള്ള ഞാണിന്‍മേല്‍ക്കളിയാണ് ഇരുകക്ഷികളും നടത്തിയത്‌.

Content Highlights: madhya pradesh election result 2018 kamal nath and jyothiraditya scindia have chances for cm post