ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. സ്ഥാനാർഥികൾ തങ്ങൾക്കെതിരായ ക്രിമിനൽക്കേസുകളെക്കുറിച്ച് വോട്ടർമാരെ അറിയിക്കണമെന്ന സുപ്രീംകോടതി നിർദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അരുണോദയ ചൗബേ എന്ന അന്നു ഭയ്യയ്ക്കെതിരേയാണ് ഹർജി. ഖുറൈയ്യ മണ്ഡലത്തിൽ മത്സരിക്കുന്ന ചൗബേയ്ക്കെതിരേ സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനാണ് ഹർജി നൽകിയത്.

രാഷ്ട്രീയരംഗം കുറ്റകൃത്യരഹിതമാക്കാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ 25-ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ചില മാർഗനിർദേശങ്ങൾ ഇറക്കിയിരുന്നു. ഇതുപ്രകാരം സ്ഥാനാർഥികൾ തങ്ങൾക്കെതിരായ ക്രിമിനൽക്കേസുകൾ പരസ്യമാക്കണം. ചൗബേക്കെതിരേ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽക്കേസുകളുണ്ടെങ്കിലും അദ്ദേഹം അതു പരസ്യപ്പെടുത്തിയില്ല. സുപ്രീംകോടതിയുടെ നിർദേശശങ്ങൾ പാലിക്കാത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത്, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടി എതിർകക്ഷികളാക്കിയാണ് ഹർജി.

Content Highlights: Madhya Pradesh Election 2018, Election 2018