ഡിസംബർ 11-ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത നിമിഷംമുതൽ അഞ്ചു സംസ്ഥാനങ്ങളിലും ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു. ഉച്ചയായപ്പോഴേക്കും ഏറക്കുറെ ഫലം വ്യക്തമായി. എന്നാൽ, വോട്ടിങ് യന്ത്രങ്ങളുടെ തകരാറും മറ്റും മധ്യപ്രദേശിലെ വോട്ടെണ്ണൽ ഏറെ വൈകിപ്പിച്ചു.

രാത്രി വൈകിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനം മുൾമുനയിലായി. അതിനിടെ സർക്കാരുണ്ടാക്കാനുള്ള അവകാശവാദവും ഗവർണറുടെ അനുമതി നിഷേധവുമായി ത്രസിപ്പിക്കുന്ന നിമിഷങ്ങൾ. അതിലേക്ക്...

ഡിസംബർ 11

രാത്രി 11.07: സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിനായി കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ കമൽ നാഥ് ഗവർണറെ കാണാൻ അനുമതി തേടുന്നു.

11.36: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവസാനതീരുമാനം വന്നതിനുശേഷമേ അനുമതി നൽകൂവെന്ന്‌ ഗവർണർ.

02.47: കമൽ നാഥ് വാർത്താസമ്മേളനം നടത്തുന്നു. കോൺഗ്രസിന്‌ കേവലഭൂരിപക്ഷം ലഭിച്ചെന്ന് അവകാശവാദം.

ഡിസംബർ 12

രാവിലെ 08.27: വോട്ടെണ്ണൽ അവസാനിക്കുന്നു. ഭൂരിപക്ഷത്തിന്‌ രണ്ടുസീറ്റരികെ കോൺഗ്രസ്. 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി.

10.40: ബി.എസ്.പി. അധ്യക്ഷ മായാവതി വാർത്താസമ്മേളനം നടത്തുന്നു. രണ്ടുസീറ്റുള്ള ബി.എസ്.പി. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന്‌ പ്രഖ്യാപനം.

11.13: തോൽവി സമ്മതിച്ച്‌ ശിവ്‌രാജ് സിങ് ചൗഹാന്റെ വാർത്താസമ്മേളനം. ഗവർണർക്ക്‌ രാജിക്കത്ത് നൽകുമെന്ന് വ്യക്തമാക്കുന്നു.

11.22: മായാവതിക്കുപുറമേ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിന്‌ പിന്തുണ പ്രഖ്യാപിക്കുന്നു.

11.36: ചൗഹാൻ ഗവർണർക്ക്‌ രാജിക്കത്ത് നൽകുന്നു.

12.25: സർക്കാരുണ്ടാക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുമെന്ന്‌ സച്ചിൻ പൈലറ്റ്.

ഉച്ചയ്ക്ക് 1.16: കമൽ നാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം ഗവർണറെക്കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുന്നു.

വൈകീട്ട് 4.34: ബി.ജെ.പി.യുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ചൗഹാൻ വാർത്താസമ്മേളനം നടത്തുന്നു.

5.25: ഭോപാലിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം തുടങ്ങുന്നു.

6.26: മുഖ്യമന്ത്രിയാരെന്ന്‌ തീരുമാനിക്കാനുള്ള അധികാരം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്‌ നൽകിക്കൊണ്ട്‌ യോഗം പ്രമേയം പാസാക്കുന്നു.

7.32: രാഹുലിന്റെ തീരുമാനം എം.എൽ.എ.മാർ അംഗീകരിക്കുമെന്ന്‌ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്.

content highlights: Madhya pradesh assembly election results