രംഗം, ചിന്ത്വാര മണ്ഡലത്തില്‍ 1980ല്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദി, തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍വച്ച് ഇന്ദിരാഗാന്ധി കമല്‍നാഥെന്ന ചെറുപ്പക്കാരനെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് പറഞ്ഞു, ഇതെന്റെ മൂന്നാമത്തെ മകനാണ്. 

ആ വാക്കുകളെ നെഞ്ചേറ്റിയ ചിന്ത്വാരക്കാര്‍ നാളിതുവരെ കമല്‍നാഥ് എന്ന നേതാവിനെ കൈവിട്ടിട്ടില്ല. തുടര്‍ച്ചയായി ഒമ്പത് തവണ വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയച്ചു. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മധ്യപ്രദേശില്‍ ഭരണം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയായി അനുഭവ സമ്പത്തുള്ളയാളാണോ, യുവത്വമാണോ എന്ന ചോദ്യത്തിന് പ്രായത്തിന് മുന്‍ഗണന നല്‍കിയപ്പോള്‍ കമല്‍നാഥെന്ന് കോണ്‍ഗ്രസ് ഉത്തരം കണ്ടെത്തി. അതിന് കാരണങ്ങള്‍ പലതാണ് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍, കേന്ദ്രരാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞയാള്‍, സംസ്ഥാനത്തെ പൊതുസമ്മതന്‍ അങ്ങനെ ജ്യോതിരാദിത്യ സിന്ധ്യയെ തഴഞ്ഞ് കമല്‍നാഥിന് നറുക്ക് വീണതിന് കാരണങ്ങള്‍ പലതാണ്.  

നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍ 

ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥന്‍ എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ പോലും കമല്‍നാഥിനെ വ്യത്യസ്തനാക്കുന്നത്. ഇന്ദിരയില്‍ തുടങ്ങിയ നെഹ്‌റു കുടുംബത്തോടുള്ള അടുപ്പവും വിശ്വസ്തതയും ഇന്ന് രാഹുല്‍ ഗാന്ധിയിലും എത്തിനില്‍ക്കുന്നു. മധ്യപ്രദേശില്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയപ്പോള്‍ അധികാരം കമല്‍നാഥിനെ ഏല്‍പ്പിക്കാനുള്ള പല കാരണങ്ങളില്‍ ഒന്ന് ഈ അടുപ്പമാണ്. ഇന്ദിരയുടെ വിശ്വസ്തന്‍ പിന്നീട് രാജീവിന്റെ, വിശ്വസ്തനായി അവിടെ നിന്ന് സോണിയയിലേക്കും രാഹുലിലേക്കും ആ വിശ്വസ്തത വളര്‍ന്നു.  

മധ്യപ്രദേശിലെത്തിയത് മധ്യസ്ഥനായി

ദ്വിഗ്‌വിജയ്‌സിങ്ങും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങളായിരുന്നു എന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തലവേദന. സംസ്ഥാനത്ത് പാര്‍ട്ടി ഇരുനേതാക്കള്‍ക്കും കീഴില്‍ രണ്ടുചേരിയായി നിലകൊണ്ടു. ഒപ്പം സുരേഷ് പച്ചൗരിയുടെയും അജയ്‌സിംഗിന്റെയും ഗ്രൂപ്പുകളും. മധ്യപ്രദേശില്‍ എന്നും കോണ്‍ഗ്രസിനെ തളര്‍ത്തിയത് ഈ ഗ്രൂപ്പ് പോരായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്റ് പ്രശ്‌ന പരിഹാരത്തിനായി കണ്ടെത്തിയ ഒറ്റമൂലിയാണ് കമല്‍നാഥ് എന്ന 72കാരന്‍. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ മെയ്മാസത്തില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനെന്ന ഭാരിച്ച ഉത്തരവാദിത്തവുമായി കമല്‍നാഥ് പറന്നിറങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പിയാരെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ നല്‍കേണ്ടിവരും. ജ്യോതിരാദിത്യ സിന്ധ്യയുടെ യുവത്വവും ചുറുചുറുക്കും കമല്‍നാഥിന്റെ അനുഭവസമ്പത്തും പക്വതയുമാണ് മധ്യപ്രദേശില്‍ താമരവാടാന്‍ കാരണമായത്‌. മൂന്നു പേര്‍ക്ക് ഈ വിജയത്തില്‍ നിര്‍ണായക റോളുണ്ടായിരുന്നു. സംഘടനയെ ചലനാത്മകമാക്കിയത് പിസിസി പ്രസിഡന്റ് എന്ന നിലയില്‍ കമല്‍നാഥായിരുന്നു. പ്രചാരണ സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ജ്യോതിരാദിത്യ ആളെക്കൂട്ടി. പിന്നാമ്പുറത്ത് വിമതന്മാരെ അനുനയിപ്പിച്ച് പിന്തിരിപ്പ മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ്ങിനും കൃത്യമായ റോളുണ്ടായിരുന്നു.

Kamalnath

സ്വഭാവികമായും മുഖ്യമന്ത്രിസ്ഥാനം ഇരുവര്‍ക്കും അവകാശപ്പെട്ടതാണ്. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള താത്പര്യം പരസ്യമായി പ്രകടിപ്പിച്ചതോടെ ഹൈക്കമാന്റ് കുഴങ്ങി. അവിടെയും പ്രതിവിധി കമല്‍നാഥായിരുന്നു.

സിന്ധ്യയോട് നീരസമുള്ള ദ്വിഗ് വിജയ്‌സിങ്ങ് കമല്‍നാഥിന് പിന്തുണ അറിയിച്ചു. വിജയിച്ച എംഎല്‍എമാരില്‍ ഭൂരിഭാഗവും ദ്വിഗ് വിജയ്‌സിങ്ങ് പക്ഷക്കാരായതും കമല്‍നാഥിനെ തുണച്ചു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കമല്‍നാഥെന്ന നിര്‍ദേശം സ്വീകാര്യമായതോടെ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ അവരോധിക്കപ്പെട്ടു. 

കമല്‍നാഥ് ഇഫക്ട്

തമ്മിലടിച്ചു നില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്വിജയ് സിങ്മാര്‍ക്ക് പകരം നേതൃത്വമായി കമല്‍നാഥിനെ എത്തിച്ച രാഹുല്‍ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമല്‍നാഥിന്റെ നേതൃത്വം അത്രമേല്‍ കോണ്‍ഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയാണ് കമല്‍നാഥ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 

പതിനഞ്ചുവര്‍ഷത്തെ ബി.ജെ.പി. ഭരണത്തിനെതിരേ കര്‍ഷകര്‍ക്കും ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാന്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് കഴിഞ്ഞു. ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാനത്തുടനീളം സര്‍വേകള്‍ പോലും കമല്‍നാഥ് നടത്തി. കമല്‍നാഥില്‍നിന്ന് തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാന്‍ സിന്ധ്യയ്ക്കും ദിഗ്വിജയ് സിങ്ങിനും കഴിഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരുന്നിട്ട് കാര്യമില്ലെന്നുള്ള തിരിച്ചറിഞ്ഞ നേതാക്കന്മാര്‍ തമ്മിലടി മാറ്റിവെച്ച് പോരാടാന്‍ തയ്യാറായി.

ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം നേരിടാന്‍ മൃദു ഹിന്ദുനയങ്ങള്‍ എടുത്തണിയണമെന്നായിരുന്നു കമല്‍നാഥിന്റെ പക്ഷം. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്കായുള്ള പദ്ധതികളും പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയിറങ്ങി. അമ്പലങ്ങള്‍ കയറിയിറങ്ങി രാഹുല്‍ ഗാന്ധിയും അതിന് ശക്തി പകര്‍ന്നു. ഹിന്ദുവിനെ ബി.ജെ.പിക്ക് വിട്ട് കൊടുക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. താഴ്ന്നജാതിക്കാരെ പിണക്കാതെ സവര്‍ണരെ പ്രീണിപ്പിക്കാനുള്ള ഞാണിന്‍മേല്‍ക്കളിയാണ് ഇരുകക്ഷികളും നടത്തിയത്. അതില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. 

അവസാനം ആ കമല്‍നാഥ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കയാണ്. ബി.ജെ.പി കോട്ടകള്‍ പോലും ബി.ജെ.പിയെ കൈവിട്ടു. മാള്‍വ, ചമ്പല്‍ എന്നീ റീജിയണുകളിലെ ബി.ജെ.പി തിരിച്ചടികള്‍ കോണ്‍ഗ്രസിനെ പോലും അത്ഭുതപ്പെടുത്തി. നഗരങ്ങള്‍ ബി.ജെ.പിയെ സഹായിച്ചപ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് ഈ നേട്ടം മാത്രം മതി.

 അതികായന്‍, അനുഭവസമ്പന്നന്‍

അനുഭവ സമ്പത്തില്‍ കമല്‍നാഥിന് പകരം വെക്കാന്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്ന് നിസംശയം പറയാം.
1946 നവംബറില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് കമല്‍നാഥിന്റെ ജനനം. 1980ല്‍ ചിത്വാരയില്‍ നിന്നാണ് കമല്‍നാഥ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി 9 തവണ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും കൂടുതല്‍ പ്രായമുള്ള നേതാവും കമല്‍നാഥായി. 16ാം ലോക്‌സഭയില്‍ പ്രോ ടേം സ്പീക്കറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ഇന്ദിരമുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവര്‍ നേതൃത്വം നല്‍കിയ വിവിധ സര്‍ക്കാരുകളുടെ കീഴില്‍ പരിസ്ഥിതി വനംവകുപ്പ്, വ്യവസായ വകുപ്പ്, ഉപരിതല ഗതാഗതവകുപ്പ്, നഗരവികസന വകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി സുപ്രധാനമായ പല വകുപ്പുകളിലും കാബിനറ്റ് പദവിയോടെ ഭരിച്ചു. 

നിയമസഭ കന്നിപ്രവേശനം മുഖ്യമന്ത്രിയായി 

നിയമസഭയില്‍ ഇതുവരെ കാലുകുത്താത്ത നേതാവാണ് കമല്‍നാഥ്. കന്നിപ്രവശനം തന്നെ മുഖ്യമന്ത്രിയായിട്ട് ആണെന്ന അപൂര്‍വ്വ നേട്ടവും കമല്‍നാഥിന് സ്വന്തം. ശക്തമായ പ്രതിപക്ഷത്തെ നയിക്കാന്‍ കമല്‍നാഥിനോളം പോന്ന മറ്റൊരാളില്ലെന്ന ഹൈക്കമാന്റിന്റെ തിരിച്ചറിവുകൂടിയാണ് ഈ മുഖ്യമന്ത്രിപദം. ഇന്ദിരയുടെ മൂന്നാമത്തെ മകനെ'  ഇന്ദിരയുടെ പേരക്കുട്ടി തന്നെ മുഖ്യമന്ത്രിയാക്കി എന്നത് കാലത്തിന്റെ നിയോഗം. 

 

Content Highlight: kamal nath the man behind congress victory in madhyapradesh