2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് അഞ്ച് സംസ്ഥാന നിയസഭകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അതില്‍ രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. 5 കോടിയോളം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് എന്നതും രാജ്യത്തെ ഏറ്റവും പ്രമുഖ പാര്‍ട്ടികള്‍ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനം എന്നതുമെല്ലാം അതിനുള്ള കാരണങ്ങളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നല്‍കുന്ന കരുത്ത് ചെറുതൊന്നുമായിരിക്കില്ല.

തുടര്‍ച്ചയായി നാലാം തവണയും അധികാരത്തില്‍ വരിക എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് ആത്മവിശ്വാസം ആവശ്യത്തിലേറെയുണ്ടായിരുന്നു. ജനകീയനും കാര്യശേഷി ഉള്ളവനുമായ മുഖ്യമന്ത്രി എന്ന പേരെടുത്ത ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വമാണ് ഇതില്‍ ഏറ്റവും പ്രധാനമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മോദിയെ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി വോട്ട് പിടിച്ചപ്പോള്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ തന്നെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ കേന്ദ്രം. 

സവര്‍ണരുടെയും ഒ.ബി.സി. വിഭാഗത്തിന്റെയും പിന്തുണ നേരത്തേയുണ്ടായിരുന്ന ബി.ജെ.പിക്ക് പട്ടികജാതി-വര്‍ഗ വോട്ടര്‍മാര്‍ക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചതും  ആത്മവിശ്വാസം കൂട്ടി. സംഘപരിവാറിന്റെ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നൂ ആദിവാസി മേഖലയില്‍ ബി.ജെ.പി.യുടെ കടന്നുകയറ്റം. സമസ്ത മേഖലയിലും വേരുറപ്പുള്ള ബി.ജെ.പിയുടെ സംഘടനാ കരുത്തും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കരുത്താകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു.

എന്നാല്‍ മറുപക്ഷത്ത് സ്ഥിതിഗതികള്‍ ഒട്ടും ശുഭകരമായിരുന്നില്ല. തമ്മിലടിക്കും ഗ്രൂപ്പ് രാഷ്ട്രീയത്തിനും പേര് കേട്ട മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം. റിബലുകളുടെ ഭീഷണി, ബി.ജെ.പിയുടെ സംഘടനാ കരുത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും മുന്നില്‍ പകച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് കമ്മറ്റി- ഈ കോണ്‍ഗ്രസാണ് ഈ മധ്യപ്രദേശില്‍  നേട്ടം   ഉണ്ടാക്കിയതെന്ന കാര്യം പ്രവര്‍ത്തകര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും.

കമല്‍നാഥ് എഫക്ട്

ഈ സാഹചര്യത്തില്‍ തമ്മിലടിച്ചു നില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ- ദിഗ്‌വിജയ് സിങ്മാര്‍ക്ക് പകരം നേതൃത്വമായി കമല്‍നാഥിനെ എത്തിച്ച രാഹുല്‍ ഗാന്ധിയുടെ പൂഴിക്കടകനാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരുന്നു. തന്ത്രശാലിയും അനുഭവപരിജ്ഞാനിയുമായ കമല്‍നാഥിന്റെ നേതൃത്വം അത്രമേല്‍ കോണ്‍ഗ്രസിന് കരുത്തായി. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം പരാതികളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയാണ് കമല്‍നാഥ് തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 

പതിനഞ്ചുവര്‍ഷത്തെ ബി.ജെ.പി. ഭരണത്തിനെതിരേ കര്‍ഷകര്‍ക്കും ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ടിട്ടുള്ള ശക്തമായ വികാരം വോട്ടാക്കി മാറ്റാന്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് കഴിഞ്ഞു. ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാനത്തുടനീളം സര്‍വേകള്‍ നടത്താന്‍ കമല്‍നാഥ് തയ്യാറായി. കമല്‍നാഥില്‍നിന്ന് തങ്ങളുടെ വിഹിതം ചോദിച്ചുവാങ്ങാന്‍ സിന്ധ്യയ്ക്കും ദിഗ്വിജയ് സിങ്ങിനും കഴിഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരുന്നിട്ട് കാര്യമില്ലെന്നുള്ള തിരിച്ചറിഞ്ഞ നേതാക്കന്മാര്‍ തമ്മിലടി മാറ്റിവെച്ച് പോരാടാന്‍ തയ്യാറായി.

ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം നേരിടാന്‍ മൃദു ഹിന്ദുനയങ്ങള്‍ എടുത്തണിയണമെന്നായിരുന്നു കമല്‍നാഥിന്റെ പക്ഷം. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്കായുള്ള പദ്ധതികളും പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയിറങ്ങി. അമ്പലങ്ങള്‍ കയറിയിറങ്ങി രാഹുല്‍ ഗാന്ധിയും അതിന് ശക്തി പകര്‍ന്നു. ഹിന്ദുവിനെ ബി.ജെ.പിക്ക് വിട്ട് കൊടുക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. താഴ്ന്നജാതിക്കാരെ പിണക്കാതെ സവര്‍ണരെ പ്രീണിപ്പിക്കാനുള്ള ഞാണിന്‍മേല്‍ക്കളിയാണ് ഇരുകക്ഷികളും നടത്തിയത്. അതില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. ബി.ജെ.പി ഉയര്‍ന്ന ജാതിക്കാരെ അവഗണിക്കുന്നു എന്ന് പറഞ്ഞ് തന്നിച്ച് മത്സരിച്ച സവര്‍ണരുടെ സംഘടനയായ സാപക്‌സ് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യമാണ് പല മണ്ഡലങ്ങളിലും ബി.ജെ.പി പരാജയത്തിന് കാരണമായത്.

അവസാനം ആ കമല്‍നാഥ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കയാണ്. ബി.ജെ.പി കോട്ടകള്‍ പോലും ബി.ജെ.പിയെ കൈവിട്ടു. മാള്‍വ, ചമ്പല്‍ എന്നീ റീജിയണുകളിലെ ബി.ജെ.പി തിരിച്ചടികള്‍ കോണ്‍ഗ്രസിനെ പോലും അത്ഭുതപ്പെടുത്തി. നഗരങ്ങള്‍ ബി.ജെ.പിയെ സഹായിച്ചപ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. സര്‍ക്കാര്‍ ആര് രൂപീകരിച്ചാലും കോണ്‍ഗ്രസിന് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് ഈ നേട്ടം മാത്രം മതി. തങ്ങളെ രാജ്യത്തിന്റെ അധികാരത്തില്‍ എത്തിച്ച ഹിന്ദി ഹൃദയഭൂമികയില്‍ ഉണ്ടായ ഈ തിരിച്ചടിക്ക് ബി.ജെ.പി കനത്ത വിലനല്‍കേണ്ടി വരും.

Five state election 2018 result, Madhyapradesh assembly election result 2018, Shivraj Singh, Kamalnath, jyotiraditya scindia, Digvijay Singh, BJP, Congress