ഭോപ്പാല്‍: നോട്ടയുടെ വില എന്താണെന്ന് ബിജെപിയും കോണ്‍ഗ്രസും ശരിക്കും തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിനേക്കാള്‍ 0.1 ശതമാനം വോട്ട് അധികം നേടിയിട്ടും അധികാരം പിടിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ബിജെപി. എന്നാല്‍ അതിനേക്കാള്‍ അവരെ നിരാശപ്പെടുത്തിയത് 11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷവും നോട്ടക്ക് ലഭിച്ച വോട്ടുകളുമാണ്. 

ബയോറ, ദമോ, ഗുണ്ണൊര്‍, ഗ്വാളിയര്‍, ജബല്‍പുര്‍, ജൊബത്, മാന്ദത,നെപാനഗര്‍, രാജ്‌നഗര്‍, റായ്പുര്‍,സുവസ്ര എന്നീ മണ്ഡലങ്ങളില്‍ നോട്ടക്ക് ലഭിച്ച വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളമാണെന്നാണ് ബിജെപി ക്യാമ്പിനെ നിരാശയിലാഴ്ത്തുന്നത്. അതേ സമയം ബിജെപി ജയിച്ച ബിന, കൊലാറസ് എന്നീ രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം നോട്ടയേക്കാള്‍ താഴെയാണ്.

നോട്ടക്ക് ലഭിച്ച വോട്ടിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ച 11 മണ്ഡലങ്ങളില്‍ ഏഴിലും ഭൂരിപക്ഷം ആയിരത്തില്‍ താഴെ മാത്രമാണ്. 

IMG
തലനാരിഴക്ക് അധികാരം നഷ്ടമായതിന്റെ നിരാശ ഗവര്‍ണര്‍ക്ക് രാജി നല്‍കിയ ശേഷം ശിവ്‌രാജ് സിങ് ചൗഹാനും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2008-ല്‍ 38 ശതമാനം വോട്ടുകള്‍ മാത്രം നേടിയിട്ടും ഞങ്ങള്‍ക്ക് 143 സീറ്റുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവ 41 ശതമാനം വോട്ട് ലഭിച്ചിട്ടും 109 സീറ്റിലേക്കൊതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നോട്ടയ്ക്ക് പുറമെ മായവതിയുടെ ബിഎസ്പിയും മേല്‍ജാതിക്കാര്‍ക്കിടയിലെ വിരോധവും മധ്യപ്രദേശില്‍ ബിജെപിക്ക് വിലങ്ങുതാടിയായെന്നാണ് വിലയിരുത്തല്‍. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസിനേയും ബിജെപിയും തള്ളി നോട്ട്ക്ക് വോട്ട് നല്‍കണമെന്ന് ചില മേല്‍ജാതി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

Content Highlights: Madhya Pradesh election, NOTA BJP,Congress