ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണും. 

114 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്‌.  ബി എസ് പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു.

രണ്ടു സീറ്റുകളിലാണ് ബി എസ് പി വിജയിച്ചത്. ബി എസ് പി അധ്യക്ഷ മായാവതിയാണ് വാര്‍ത്താ സമ്മേളനം നടത്തി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഒരു സീറ്റില്‍ വിജയിച്ച എസ് പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിച്ചുവന്ന നാല് സ്വതന്ത്രരും കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചവരാണ്‌. ഇവരും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി.

ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കു ശേഷം ബുധനാഴ്ച രാവിലെയാണ് മധ്യപ്രദേശിലെ അന്തിമഫലം പുറത്തെത്തിയത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നും ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കാന്‍ പോവുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

content highlights: governor invites congress to form goverment in madhya pradesh