സത്ന: നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കേണ്ട തുക ചിതാഭസ്മ കലശത്തിന് സമാനമായ കുടത്തില്‍ നല്‍കിയതിന് മധ്യപ്രദേശിലെ ബി.ജെ.പി. സ്ഥാനാര്‍ഥി നാരായണ്‍ ത്രിപതിയുടെ പേരില്‍ കേസെടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്.  

 കെട്ടിവെക്കേണ്ട തുക 10,000 ഒറ്റരൂപ നാണയങ്ങളായി ലോഹക്കുടത്തിലാക്കിയാണ് ത്രിപതി നല്‍കിയത്. കുടത്തിന്റെ വായ ചുവന്ന തുണികൊണ്ട് കെട്ടിവെച്ചിരുന്നു. ഇതിന് മതാചാരവുമായി ഏറെ സാമ്യമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നു. ഇതോടെയാണ് സത്ന റിട്ടേണിങ് ഓഫീസറും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായ മെയ്ഹാര്‍ എച്ച്.കെ. ധ്രുവെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തത്. അതേസമയം, കോണ്‍ഗ്രസ് ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാക്കുകയാണെന്നും താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ത്രിപതി വിശദീകരിച്ചു.