ഭോപാൽ: മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാൻ ബുധനിയിൽത്തന്നെ മത്സരിക്കും. ചൗഹാന്റേതടക്കം 177 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി. പുറത്തിറക്കി.

അതേസമയം, കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും മത്സരിച്ചേക്കില്ല. ഇരുവരും ലോക്‌സഭാംഗങ്ങളായതിനാലാണിതെന്ന് കോൺഗ്രസ് വക്താവ് വ്യക്തമാക്കി.

സെഹോർ ജില്ലയിൽ ചൗഹാന്റെ സ്വന്തം മണ്ഡലമാണ് ബുധനി. 1990-ൽ നിയമസഭയിലേക്ക് ഇവിടെനിന്നാണ് അദ്ദേഹം ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2006, 2008, 2013 വർഷങ്ങളിലും ഇതേ മണ്ഡലമായിരുന്നു ചൗഹാന്റെ തട്ടകം.

ഇത്തവണ മകൻ കാർത്തികേയ്‌ ആണ് ബുധനിയിലെ പ്രചാരണച്ചുമതല. പാനമ പേപ്പർ വിവാദത്തിന്റെ പേരിൽ രാഹുൽഗാന്ധി കാർത്തികേയിനെതിരേ ആരോപണമുന്നയിച്ചത് അടുത്തിടെ വാർത്തയായിരുന്നു. കാർത്തികേയ് മാനനഷ്ടക്കേസ് നൽകിയതോടെ മാപ്പുപറഞ്ഞ് രാഹുൽ ആരോപണത്തിൽനിന്ന് പിൻമാറി.

230 അംഗ നിയമസഭയിലേക്ക് നവംബർ 28-നാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 11-ന് ഫലമറിയാം.