ഭോപ്പാല്‍:  കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുണ്ടെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ വരുമെന്ന് ഉറപ്പായി. രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റില്‍ ജയിച്ച എസ്പിയും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ബിഎസ്പി-എസ്പി പിന്തുണ ആവശ്യപ്പെട്ടാല്‍ പകരം മന്ത്രി സ്ഥാനം ചോദിച്ചേക്കുമെന്നത് കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഈ കക്ഷികളുമായി ബന്ധപ്പെട്ട് അങ്ങോട്ട് സഹായം തേടിയിട്ടില്ല. ഇവരുടെ വിലപേശലിന് വഴങ്ങുന്നതിന് പകരം സ്വതന്ത്രരായി ജയിച്ച നാല് പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. 

കാരണം ജയിച്ച നാല് സ്വതന്ത്രരും കോണ്‍ഗ്രസുകാരാണ്. ഇവരെല്ലാം പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് റിബലായി മത്സരിച്ച് ജയിക്കുകയായിരുന്നു. ഇവരെ തിരികെ കോണ്‍ഗ്രസിലേക്ക് തന്നെ കൊണ്ടുവരാനുള്ള ചര്‍ച്ചകളിലാണ് നേതാക്കള്‍. ഈ നാല് പേരില്‍ മൂന്നു പേരും മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ്ങിനോട് അടുപ്പം പുലര്‍ത്തുന്നവരുമാണ്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അളിയന്‍ സഞ്ജയ് സിങ് മാസാനിക്ക് സീറ്റ് നല്‍കിയതാണ് കോണ്‍ഗ്രസ് കാണിച്ച ഏറ്റവും വലിയ അബദ്ധമെന്നാണ് ഫലം വ്യക്തമാക്കുന്നത്. വാരാസിയനി മണ്ഡലത്തില്‍ മാസാനി ബിഎസ്പിക്കും പിന്നിലായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേ സമയം ഇവിടെ ബിജെപിയുടെ സിറ്റിങ് എംഎല്‍എ യോഗേന്ദ്ര നിര്‍മ്മലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വിമതന്‍ പ്രദീപ് ജയ്‌സ്വാള്‍ വിജയിക്കുകയും ചെയ്തു. 

സുസ്‌നറില്‍ നിന്ന് ജയിച്ചുകയറിയ വിക്രം സിങ് റാണയും കോണ്‍ഗ്രസ് വിമതനാണ്. 27,000 വോട്ടിന് റാണെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെയാണ്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായി. 

ബുര്‍ഹാന്‍പൂരില്‍ ജയിച്ച സുരേന്ദ്ര സിങ് നവല്‍സിങ്ങും കോണ്‍ഗ്രസ് വിമതനായി ജയിച്ച ആളാണ്. കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് റിബലായി മത്സരിച്ച നവല്‍ സിങ് വനിതാ ശിശുക്ഷേമ മന്ത്രി അര്‍ച്ച ചിട്ട്‌നിസിനെയാണ് പരാജയപ്പെടുത്തിയത്. 

ഭഗവന്‍പുര സീറ്റില്‍ നിന്നും ജയിച്ച കേദാര്‍ ചിദാഭായി ദാവറും കോണ്‍ഗ്രസ് സീറ്റ് നല്‍കാതെ വന്നതിനെ തുടര്‍ന്ന് റിബലായി മത്സരിക്കുകയായിരുന്നു. ബിജെപിയുടെ ജാംസിങ് സോളങ്കിയെയാണ് ദാവര്‍ പരാജയപ്പെടുത്തിയത്.